മൗണ്ട് റൈസി തീരെ പ്രവചനാത്മകമല്ല എന്നും അതിനാൽ തന്നെ കുഞ്ഞുമായി കയറുന്നത് വളരെയേറെ അപകടകരമാണ് എന്നും രക്ഷാപ്രവർത്തകരും ഗൈഡുകളും നിരന്തരം ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.
പോളണ്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് റൈസി. വളരെ അപകടകരമായ കാലാവസ്ഥയിൽ, ഒമ്പത് മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനൊപ്പം ഈ കൊടുമുടി കയറാൻ ശ്രമിച്ച ലിത്വാനിയൻ ദമ്പതികൾക്കെതിരെ വൻ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ദമ്പതികൾ കുഞ്ഞുമായി മല കയറാൻ തുടങ്ങിയത്. ഒടുവിൽ കുടുങ്ങിപ്പോയപ്പോൾ ഇവിടെയുള്ള ഒരു ഗൈഡ് വന്നാണ് കുഞ്ഞിനെ രക്ഷിച്ചത്. സംഭവം പുറത്തുവന്നതോടെ ദമ്പതികൾക്കെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. ദമ്പതികളുടെ ബുദ്ധിമോശമായ തീരുമാനം കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാക്കുന്നതായിരുന്നു എന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്.
മൗണ്ട് റൈസി തീരെ പ്രവചനാത്മകമല്ല എന്നും അതിനാൽ തന്നെ കുഞ്ഞുമായി കയറുന്നത് വളരെയേറെ അപകടകരമാണ് എന്നും രക്ഷാപ്രവർത്തകരും ഗൈഡുകളും നിരന്തരം ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. ഒരു സുരക്ഷാസജ്ജീകരണവുമില്ലാതെയാണ് അവർ പിഞ്ചുകുഞ്ഞുമായി തണുത്തുറഞ്ഞ കൊടുമുടി കയറിത്തുടങ്ങിയത്. അധികം വൈകാതെ തന്നെ സാഹചര്യങ്ങൾ പ്രതികൂലവും അപകടകരവുമായി മാറുകയായിരുന്നു.
ഒടുവിൽ കുഞ്ഞുമായി സുരക്ഷിതമായി ഇറങ്ങാൻ സാധിക്കില്ല എന്ന് അച്ഛന് മനസിലായി. ഒരു ഗൈഡിൽ നിന്നും ഫ്രോസൺ ഐസിലൂടെ ട്രക്ക് ചെയ്യുന്ന സമയത്തുപയോഗിക്കുന്ന ക്രാംപോൺ യുവാവ് വാങ്ങിയിരുന്നു. എന്നാൽ, എന്നിട്ടൊന്നും രക്ഷയുണ്ടായില്ല. ഒടുവിൽ ഇതേ ഗൈഡ് തന്നെയാണ് ദമ്പതികളുടെയും കുഞ്ഞിന്റെയും രക്ഷയ്ക്കെത്തിയത്. എന്തായാലും, ഒടുവിൽ അവരെ സുരക്ഷിതമായി താഴെയെത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇവർക്കെതിരെ വലിയ വിമർശനം ഉയർന്നത്.
ചില അമ്മമാരും അച്ഛന്മാരും എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളുടെ ജീവിതം തന്നെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് എന്നായിരുന്നു ആളുകളുടെ ചോദ്യം. അവരുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും ഒക്കെ വേണ്ടി കുഞ്ഞിന്റെ ജീവൻ കൂടി അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.


