അവന്റെ ടീച്ചറായ സോനം ജാങ്മു കുട്ടിയെ പിന്തുടരുകയും ക്ലാസ്സിലേക്ക് തിരികെ വരാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോകളിൽ ഒന്നാവും കുട്ടികളുടെ വീഡിയോ. നിരവധിക്കണക്കിന് ആരാധകരാണ് കുട്ടികളുടെ നിഷ്കളങ്കതയും ഓമനത്തവും കുസൃതിയും ഒക്കെ നിറഞ്ഞ വീഡിയോ കാണാനായി ഇഷ്ടപ്പെടുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അരുണാചൽ പ്രദേശിലെ ഒരു സ്കൂളിൽ നിന്നും ഓടിപ്പോകുന്ന ഒരു കുട്ടിയേയാണ് വീഡിയോയിൽ കാണുന്നത്. ആ ഓട്ടത്തിനിടയിലും ബാഗ് എടുക്കാൻ അവൻ മറക്കുന്നില്ല. ഏതാണ്ട് ഒരു നാല് വയസ് പ്രായം വരും അവന്. അവൻ കരയുന്നുമുണ്ട്. പ്രൈമറി സ്കൂൾ ടീച്ചർ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ടീച്ചറായിരിക്കുക എന്നാൽ അല്പം കഷ്ടപ്പാട് തന്നെയാണ് എന്നാണ് അവർ പറയുന്നത്.
അവന്റെ ടീച്ചറായ സോനം ജാങ്മു കുട്ടിയെ പിന്തുടരുകയും ക്ലാസ്സിലേക്ക് തിരികെ വരാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ, കുട്ടി തിരിച്ചു വരില്ല എന്ന തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. മാത്രമല്ല പ്രതിഷേധമെന്നോണം അവൻ റോഡിൽ തന്നെ ഇരിക്കുന്നതും കാണാം.
അവനെ തിരിച്ചു ക്ലാസിലേക്ക് തന്നെ കൊണ്ടുവരാൻ ജാങ്മു ഒരു പാക്കറ്റ് മഫിനുകൾ വരെ അവന് വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടി കുറച്ച് നേരം വേണ്ട എന്ന് തലകുലുക്കുന്നു. പിന്നീട് അത് എടുക്കുന്നത് കാണാം. ടീച്ചർ നൽകുന്ന ലഞ്ച്ബോക്സും അവൻ സ്വീകരിക്കുന്നുണ്ട്. അപ്പോഴും അവന്റെ മുഖത്ത് താൻ വരില്ല എന്ന നിലപാട് തന്നെയാണ്.
എന്തായാലും, അധ്യാപിക പങ്കുവച്ച വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഒരുപാടുപേർ കമന്റുകളും നൽകിയിട്ടുണ്ട്. എന്നാലും, അതിനാടകീയമായ ഈ ഓട്ടത്തിനിടയിലും അവൻ ബാഗ് എടുക്കാൻ മറന്നില്ല എന്നായിരുന്നു ഒരാളുടെ പ്രതികരണം.


