Asianet News MalayalamAsianet News Malayalam

മാംസം കണ്ണെടുത്താൽ കണ്ടുകൂടാ, കൂട്ടിന് ആടുകളും കോഴികളും; മുട്ടയും സസ്യാഹാരവും മാത്രം കഴിച്ച ആഫ്രിക്കൻ പെൺസിംഹം

ജോർജ്ജ് വെസ്റ്റ്ബ്യൂ പിന്നീട് തന്റെ ഓമനമൃഗത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി 'ലിറ്റിൽ ടൈക്കി: ദി ട്രൂ സ്റ്റോറി ഓഫ് എ വെജിറ്റേറിയൻ ലയണസ്' എന്നായിരുന്നു പുസ്തകത്തിൻറെ പേര്.

Little Tyke lion only eat egg and vegetables
Author
First Published Jan 27, 2023, 3:58 PM IST

മൃഗങ്ങൾക്ക് പൊതുവിൽ സ്വാഭാവികമായ ഒരു ഭക്ഷണക്രമം ഉണ്ട്. സിംഹങ്ങൾ കടുവകൾ എന്നിവയൊക്കെ പൊതുവിൽ അറിയപ്പെടുന്നത് മാംസഭുക്കുകളായും മൃഗലോകത്തെ പ്രഗൽഭരായ വേട്ടക്കാരായുമാണ്. ഇരയെ മുന്നിൽ കിട്ടിയാൽ ആക്രമിച്ച് കീഴ്‌പ്പെടുത്തി ഭക്ഷിക്കുന്നതിൽ ഇവയ്ക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ജീവിതകാലം മുഴുവൻ സസ്യാഹാരവും മുട്ടയും മാത്രം കഴിച്ച ഒരു ആഫ്രിക്കൻ പെൺ സിംഹം ഉണ്ടായിരുന്നു. 1946 -ൽ അമേരിക്കയിലെ ഒരു മൃഗശാലയിൽ ജനിച്ച ഈ പെൺസിംഹത്തിന്റെ പേര് ലിറ്റിൽ ടൈക്കി എന്നായിരുന്നു. തന്റെ ജീവിതകാലയളവിൽ ഒരിക്കൽ പോലും ഇത് മാംസാഹാരം കഴിച്ചിട്ടില്ല എന്നാണ് ലിറ്റിൽ ടൈക്കിയുടെ പരിപാലകരായിരുന്ന മൃഗശാല അധികൃതർ പറയുന്നത്. 

ഇരുപതാം നൂറ്റാണ്ടിൽ കാലിഫോർണിയയിലെ ഹിഡൻ വാലി റാഞ്ചിലാണ് ലിറ്റിൽ ടൈക്കി വളർന്നത്. ആഫ്രിക്കൻ കാട്ടിൽ നിന്ന് പിടിച്ച സിംഹമായിരുന്നു ടൈക്കിയുടെ അമ്മ. പിടിക്കപ്പെടുമ്പോൾ ഈ സിംഹം ഗർഭിണിയായിരുന്നു, ടൈക്കി ജനിക്കുന്നതിന് മുമ്പ് ഈ പെൺസിംഹം 5 തവണ പ്രസവിച്ചിരുന്നു. പക്ഷേ, അഞ്ചുതവണയും ജനിച്ച കുഞ്ഞുങ്ങളെ അമ്മ തന്നെ കൊന്നുകളഞ്ഞു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ലിറ്റിൽ ടൈക്കിയെയും ആക്രമിച്ചെങ്കിലും മൃഗശാല അധികൃതർ അവളെ രക്ഷിച്ചു. പിന്നീടാണ് അവളെ ജോർജ്ജിന്റെയും മാർഗരറ്റ് വെസ്റ്റ്ബ്യൂവിന്റെയും ഉടമസ്ഥതയിലുള്ള ഹിഡൻ വാലി റാഞ്ചിലേ ഫാം ഹൗസിലേക്ക് കൊണ്ടുവന്നത്. 

ജോർജ്ജ് വെസ്റ്റ്ബ്യൂ പിന്നീട് തന്റെ ഓമനമൃഗത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി 'ലിറ്റിൽ ടൈക്കി: ദി ട്രൂ സ്റ്റോറി ഓഫ് എ വെജിറ്റേറിയൻ ലയണസ്' എന്നായിരുന്നു പുസ്തകത്തിൻറെ പേര്. ഈ പുസ്തകത്തിലാണ് ലിറ്റിൽ ടൈക്കിയുടെ വ്യത്യസ്തമായ ജീവിതചര്യകളെക്കുറിച്ച് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഈ പുസ്തകം വളരെ വേഗത്തിൽ പ്രചാരം നേടുകയും അതോടെ ലിറ്റിൽ ടൈക്കിയുടെ പ്രശസ്തി അമേരിക്കയിലുടനീളം വ്യാപിക്കുകയും ചെയ്തു. 

കട്ടിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങേണ്ട സമയമായപ്പോൾ തന്നെ ജോർജ്ജ് വെസ്റ്റ്ബ്യൂ ലിറ്റിൽ ടൈക്കിയ്ക്ക്  മാംസാഹാരം പരിചയപ്പെടുത്തിയെങ്കിലും അത് കഴിക്കാൻ ടൈക്കി മടി കാണിക്കുകയായിരുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ സിംഹങ്ങൾക്കും മറ്റും മാംസം പ്രധാനമാണെന്നും മാംസത്തിൽ നിന്ന് ടൗറിൻ എന്ന പ്രധാന പോഷകം അവർക്ക് ലഭിക്കുന്നുണ്ടെന്നും ജോർജ്ജിനും കുടുംബത്തിനും അറിയാമായിരുന്നു.  അതുകൊണ്ട് ലിറ്റിൽ ടൈക്കിയെ മാംസം കഴിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ജോർജ്ജ് പുസ്തകത്തിൽ പറയുന്നു.

മാംസാഹാരം കഴിപ്പിക്കാൻ പലതരം ശ്രമങ്ങൾ അദ്ദേഹം നടത്തി. അതിന്റെ ഭാഗമായി പാലിൽ രക്തം ചേർത്തു നൽകി. എന്നാൽ, ആ പാൽ മണത്തു നോക്കാൻ പോലും അവൾ തയ്യാറായില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഒടുവിൽ ജോർജ് ആ ഉദ്യമത്തിൽ നിന്നും പിന്മാറി. പിന്നീട് അവളുടെ ഇഷ്ടം പോലെ സസ്യാഹാരവും മുട്ടയും മാത്രം അവൾക്ക് നൽകി തുടങ്ങി. കുതിർത്തതും പാകം ചെയ്തതുമായ ധാന്യങ്ങളോട് ആയിരുന്നു ടൈക്കിക്ക് പ്രിയം. കൂടാതെ മുട്ടയും മീനെണ്ണയും അവൾ മടികൂടാതെ കഴിച്ചിരുന്നതായി അദ്ദേഹം പറയുന്നു. ഏറെ രസകരമായ മറ്റൊരു കാര്യം ജോർജ്ജിന് തന്റെ ഹിഡൻ വാലി റാഞ്ചിൽ ധാരാളം കോഴികളും ആടുകളും ഉണ്ടായിരുന്നു. ഇവയുമായി കളിച്ചാണ് ലിറ്റിൽ ടൈക്കി വളർന്നത് എന്നതാണ്. ഒരിക്കൽപോലും അവൾ അവയിൽ ഒന്നിനെ പോലും ആക്രമിച്ചില്ല. മാത്രമല്ല കൂട്ടത്തിൽ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി ബെക്കി എന്ന പെൺ ആട് ആയിരുന്നു.

Follow Us:
Download App:
  • android
  • ios