Asianet News MalayalamAsianet News Malayalam

ശവശരീരത്തിനുള്ളിൽ ജീവനുള്ള പാമ്പ്! വിറച്ചുപോയ അനുഭവം പങ്കുവച്ച് ഓട്ടോപ്‍സി ടെക്നീഷ്യൻ

'അത് കണ്ട് ഞാൻ‌ പരിഭ്രാന്തയായി എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും. അക്ഷരാർത്ഥത്തിൽ ഞാൻ നിലവിളിച്ച് കൊണ്ട് ആ മുറിയിലാകെ ഓടിനടക്കുകയായിരുന്നു. ആ പാമ്പിനെ അവർ സുരക്ഷിതമാക്കി വയ്ക്കുന്നത് വരെ ഞാനങ്ങോട്ട് പോയേ ഇല്ല' എന്നും ജെസീക്ക പറയുന്നു.

live snake in dead body
Author
First Published Dec 7, 2022, 10:08 AM IST

ഓട്ടോപ്സി ടെക്നീഷ്യൻമാരുടെ ജോലി അത്ര എളുപ്പമല്ല. അവർക്ക് ഇടപഴകേണ്ടി വരുന്നത് മിക്കവാറും മൃതദേഹങ്ങളുമായിട്ടായിരിക്കും. യുഎസ്എ -യിലെ മേരിലാൻഡിൽ നിന്നുമുള്ള ഒരു ഓട്ടോപ്സി ടെക്നീഷ്യൻ തന്റെ ജോലിക്കിടെ കണ്ട അതിവിചിത്രമായ ഒരു കാര്യത്തെ കുറിച്ച് പങ്ക് വയ്ക്കുകയുണ്ടായി. അത് എന്താണ് എന്നല്ലേ? ഒരു ശവശരീരത്തിന്റെ ഉള്ളിൽ ജീവനുള്ളൊരു പാമ്പ്!

LADbible -മായുള്ള സംഭാഷണത്തിലാണ് ജെസീക്ക ലോ​ഗൻ ഈ അനുഭവം പങ്ക് വച്ചത്. സത്യത്തിൽ താൻ ആ​ഗ്രഹിച്ചിരുന്നത് ഒരു ഓട്ടോപ്സി ടെക്നീഷ്യൻ ആകാൻ ആയിരുന്നില്ല എന്നും ജെസീക്ക പറയുന്നുണ്ട്. എന്നാൽ, തന്റെ ജോലിയെ താൻ ഇഷ്ടപ്പെടുന്നുണ്ട്. അതിലെപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും കാണുമെന്നും ജെസീക്ക പറയുന്നു. അത്തരം അനുഭവങ്ങളെ കുറിച്ച് പങ്ക് വയ്ക്കുമ്പോഴാണ് ഒരു മൃതദേഹത്തിൽ ജീവനുള്ള പാമ്പിനെ കണ്ടെത്തിയ കാര്യവും ജെസീക്ക വെളിപ്പെടുത്തിയത്. 

'അത് കണ്ട് ഞാൻ‌ പരിഭ്രാന്തയായി എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും. അക്ഷരാർത്ഥത്തിൽ ഞാൻ നിലവിളിച്ച് കൊണ്ട് ആ മുറിയിലാകെ ഓടിനടക്കുകയായിരുന്നു. ആ പാമ്പിനെ അവർ സുരക്ഷിതമാക്കി വയ്ക്കുന്നത് വരെ ഞാനങ്ങോട്ട് പോയേ ഇല്ല' എന്നും ജെസീക്ക പറയുന്നു. ജീവനില്ലാത്ത ശരീരത്തിലേക്ക് പാമ്പ് നുഴഞ്ഞു കയറിയതാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് അത്തരം കാഴ്ചകൾ ഇഷ്ടമല്ല എന്നും എന്നാൽ പലപ്പോഴും പ്രാണികളെയും പുഴുക്കളെയും മറ്റും കാണേണ്ടി വരാറുണ്ട് എന്നും ജെസീക്ക പറയുന്നു. 

മരിച്ചയാളുടെ ശരീരം എങ്ങനെ ആണ് എന്ന് അനുസരിച്ചാണ് ഇതുണ്ടാവുക. മഞ്ഞുകാലമാണെങ്കിൽ ശരീരം ഉറച്ചിരിക്കും. ആ സമയത്ത് ഇത്തരം ജീവികൾ കുറവായിരിക്കും. എന്നാൽ, ശരീരം ചൂടുള്ളതും അഴുകിയതും ആണെങ്കിൽ ഇത്തരം ജീവികളുണ്ടാവും എന്നും ജെസീക്ക പറയുന്നു. ഏതായാലും പാമ്പിനെ കണ്ടപ്പോൾ ഭയന്നു എങ്കിലും തനിക്കും മറ്റ് സ്റ്റാഫിനും ആ ഭയവും സങ്കോചവും മാറ്റിവെച്ച് തങ്ങളുടെ ജോലി തുടരേണ്ടി വന്നു എന്നും അവർ പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios