ഉയർന്ന വാടക നൽകേണ്ടി വന്നാലും ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചത് നന്നായി എന്ന് ബെംഗളൂരുവില്‍ താമസിക്കുന്ന ഗൂഗിള്‍ ജീവനക്കാരന്‍. അത് തനിക്ക് സമാധാനവും ജോലിയിൽ കൂടുതൽ ക്രിയാത്മകതയും നൽകിയെന്നാണ് യുവാവ് പറയുന്നത്. 

ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കായി ചെലവാക്കേണ്ടി വന്നാലും, ഒറ്റയ്ക്ക് ഒരു 2BHK ഫ്ലാറ്റിൽ താമസിക്കാൻ തീരുമാനിച്ചതാണ് ഈ വർഷത്തെ തന്റെ ഏറ്റവും മികച്ച തീരുമാനമെന്ന് ബെംഗളൂരുവിലെ ഗൂഗിൾ ജീവനക്കാരനായ പ്രിയാൻഷ് അഗർവാൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റയ്ക്കുള്ള താമസം തനിക്ക് സമാധാനവും നന്നായി ജോലി ചെയ്യാനുള്ള അവസരവും നൽകിയതായി പ്രിയാൻഷ് പറയുന്നു. ഫ്ലാറ്റിലെ ഒരു മുറി പൂർണ്ണമായും തന്റെ ജോലിക്കായി മാത്രം മാറ്റിവെച്ചതോടെ ജോലി ചെയ്യുന്നതിൽ വലിയ മാറ്റമുണ്ടായതായും അദ്ദേഹം അവകാശപ്പെടുന്നു. 'ഒറ്റയ്ക്ക് താമസം തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷമാകുന്നു. ഞാൻ തിരിച്ചറിഞ്ഞ പ്രധാന കാര്യം, പൂർണ്ണമായും തനിച്ചായിരിക്കുമ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നത് എന്നാണ്. എന്റെ പ്രവൃത്തികൾക്ക് മറ്റൊരാളോട് മറുപടി പറയേണ്ടി വരുന്നില്ല, മറ്റുള്ളവരുടെ പ്രവൃത്തികൾ എന്നെ അസ്വസ്ഥനാക്കുന്നുമില്ല' പ്രിയാൻഷ് കുറിച്ചു.

കൂടിയ വാടക നൽകേണ്ടി വരുന്നുണ്ടെങ്കിലും, പുറത്തുപോകുന്നതും യാത്രകളും കുറഞ്ഞതോടെ ആ തുക ലാഭിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 30,000-ത്തിലധികം വ്യൂസും നൂറുകണക്കിന് ലൈക്കുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. നിരവധി പേർ പ്രിയാൻഷിനെ പിന്തുണച്ച് രംഗത്തെത്തി. 'ഒറ്റയ്ക്കുള്ള താമസം നമ്മളെക്കുറിച്ച് തന്നെ കൂടുതൽ പഠിപ്പിക്കും. ശബ്ദകോലാഹലങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെ സ്വന്തം താല്പര്യത്തിനനുസരിച്ച് ഒരു ദിവസം പ്ലാൻ ചെയ്യുന്നത് നൽകുന്ന വ്യക്തത വളരെ വലുതാണ്' എന്ന് ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ കമന്റ് ചെയ്തു. സമാധാനത്തിനു നൽകുന്ന അധിക വാടക പാഴല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Scroll to load tweet…

ഗ്രൂപ്പ് പ്രോജക്റ്റുകളിൽ കൂടെയുള്ളവരുടെ അനാസ്ഥ കാരണം ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചുകൊണ്ടും ചിലർ ഈ പോസ്റ്റിനോട് പ്രതികരിച്ചു. ചുരുക്കത്തിൽ, ഏകാന്തത എന്നത് വെറും ഒറ്റപ്പെടലല്ല, മറിച്ച് അത് സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.