ബ്രന്യാസിന്റെ ജീവിതശൈലിയിലെ അസാധാരണമായ കാര്യങ്ങളിൽ ഒന്ന് യോഗർട്ടിന്റെ ഉപയോഗമാണ്, അവർ ദിവസം മൂന്ന് നേരം യോഗർട്ട് കഴിച്ചിരുന്നു.

117 വയസുകാരിയുടെ ദീർഘായുസിന് പിന്നിലെ ജനിതകരഹസ്യം തേടി ​ഗവേഷകർ. അമേരിക്കയിൽ ജനിച്ച സ്പാനിഷ് വനിതയായ മരിയ ബ്രന്യാസ് മൊറേറയുടെ (Maria Branyas Morera) ജീനോമാണ് ഈ പഠനത്തിൽ ഗവേഷകർ പരിശോധിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഇവർ 2024 ഓഗസ്റ്റിലാണ് മരിച്ചത്, മരിക്കുമ്പോൾ 117 വയസ്സും 168 ദിവസവുമായിരുന്നു അവരുടെ പ്രായം.

110 വയസിൽ കൂടുതൽ പ്രായമുള്ളവരെ കാണുമ്പോൾ ആളുകൾ അവരുടെ ദീർഘായുസ്സിനു പിന്നിലുള്ള രഹസ്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് പതിവാണ്. ഈ രഹസ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചാൽ അവരുടെ ജീനോം (ജനിതക ഘടന) വാർദ്ധക്യത്തെക്കുറിച്ചും, നിരവധി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന പലവിധ രോഗങ്ങളെ അവർ എങ്ങനെ ഒഴിവാക്കി എന്നതിനെക്കുറിച്ചും എന്തെങ്കിലും ഉത്തരങ്ങൾ കിട്ടുമോ? ഈ ഉത്തരങ്ങൾ മറ്റുള്ളവരെ കുറേ കാലം ജീവിക്കാൻ സഹായിക്കുമോ? ഇത്തരം ചോദ്യങ്ങളാണ് 'സെൽ റിപ്പോർട്‌സ് മെഡിസിൻ' (Cell Reports Medicine) എന്ന ജേണലിൽ ഈയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ കേന്ദ്രബിന്ദു.

ബാഴ്സലോണയിലെ ജോസെപ് കാറെരാസ് ലുക്കീമിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. മാനെൽ എസ്റ്റെല്ലറും ഗവേഷക സംഘവും ബ്രന്യാസിന്റെ രക്തം, ഉമിനീർ, മൂത്രം, മലം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് 75 ഐബീരിയൻ സ്ത്രീകളുടേതുമായി താരതമ്യം ചെയ്തപ്പോൾ ബ്രന്യാസിന്റെ ദീർഘായുസ്സിന് കാരണം ജെനറ്റിക് ലോട്ടറിയും (genetic lottery) ആരോഗ്യകരമായ ജീവിതശൈലിയുമാണ് എന്ന നിഗമനത്തിലാണ് എത്തിയത്.

"ജനിച്ചപ്പോൾ തൊട്ടേ ആയുസ്സിന്റെ കാര്യത്തിൽ അവർ ഭാഗ്യവതിയായിരുന്നു, ശരിയായ ജീവിതചര്യകളിലൂടെ അവരത് പരിപോഷിപ്പിച്ചു. ബ്രന്യാസിന്റെ ദീർഘായുസ്സിന്റെ പകുതിയോളം ജനിതകപരമായ കാരണങ്ങളാലും മറുപകുതി ശരിയായ ജീവിതശൈലിയിലൂടെയുമാണ് സാധ്യമായത്" എന്നാണ് എസ്റ്റെല്ലർ അഭിപ്രായപ്പെട്ടത്.

ബ്രന്യാസിന് മദ്യപാന ശീലമോ പുകവലിയോ ഉണ്ടായിരുന്നില്ല, ജോലി ചെയ്യാൻ കഴിയുന്നിടത്തോളം കാലം അവർ ജോലികൾ ചെയ്തിരുന്നു, ഗ്രാമ പ്രദേശത്ത് താമസിച്ചിരുന്ന അവർ ദിവസവും മിതമായ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നു (പ്രധാനമായും ദിവസേന ഒരു മണിക്കൂർ ഉള്ള നടത്തം). അവരുടെ ഭക്ഷണക്രമത്തിൽ ഒലിവ് ഓയിലും യോഗർട്ടും ഉൾപ്പെടുത്തിയിരുന്നു. മെഡിറ്ററേനിയൻ ശൈലിയിൽ ഉള്ള ഭക്ഷണ ക്രമമായിരുന്നു അവർ പിന്തുടർന്നുവന്നതെന്നും അദ്ദേഹം സിഎൻഎൻ-നോട് പറഞ്ഞു.

ബ്രന്യാസിന്റെ ജീവിതശൈലിയിലെ അസാധാരണമായ കാര്യങ്ങളിൽ ഒന്ന് യോഗർട്ടിന്റെ ഉപയോഗമാണ്, അവർ ദിവസം മൂന്ന് നേരം യോഗർട്ട് കഴിച്ചിരുന്നു. ഇത് അവരുടെ കുടൽ സൂക്ഷ്മാണുക്കളെ (gut microbiome) വളരെ ചെറുപ്പമായ ഒരു വ്യക്തിയുടേതിന് സമാനമായി നിലനിർത്താനും ശരീരത്തിലെ അണുബാധ (inflammation) കുറയ്ക്കാനും സഹായിച്ചുവെന്നുമാണ് ഗവേഷകരുടെ അനുമാനം. എന്നാൽ, ബ്രന്യാസിന്റെ തൈരിനോടുള്ള ഇഷ്ടം അവരുടെ മൊത്തത്തിലുള്ള ശാരീരികക്ഷമതയ്ക്ക് കാരണമായെന്ന് പറയാനാവില്ലെന്നും കിംഗ്‌സ് കോളേജ് ലണ്ടനിലെ വാർദ്ധക്യ വിഭാഗം പ്രൊഫസറായ ക്ലെയർ സ്റ്റീവ്സ് അഭിപ്രായപ്പെട്ടു.

എല്ലാ വ്യക്തികൾക്കും വാർദ്ധക്യമാകുന്ന പ്രക്രിയ വ്യത്യസ്തമായതിനാൽ തന്നെ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ള ഈ പഠനത്തിൽ നിന്ന് വലിയ നിഗമനങ്ങളിൽ എത്തരുതെന്ന് സ്റ്റീവ്സ് ഗവേഷകർക്ക് മുന്നറിയിപ്പും നൽകി. ധാരാളം യോഗർട്ട് കഴിച്ചതിനു പുറമെ ആരോഗ്യകരമാരിക്കാൻ സഹായിക്കുന്ന പലതരം ജീനുകളും ബ്രന്യാസിനുണ്ടായിരുന്നുവെന്നും കണ്ടെത്തി.