നമ്മുടെ ഒന്ന് രണ്ട് തലമുറ മുന്നിലുള്ളവരെങ്ങനെയാണ് ജീവിച്ചിരുന്നതെന്നോർക്കുമ്പോൾ നമുക്ക് അദ്ഭുതം തോന്നും അല്ലേ? ഫോണില്ലാതെ, യാത്രയ്ക്ക് ഇത്രയധികം സൗകര്യങ്ങളൊന്നുമില്ലാതെ, വൈദ്യുതിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നുമില്ലാതെയാവും അവർ ജീവിച്ചിട്ടുണ്ടാവുക. ഇപ്പോൾ എന്ത് വിവരം കൈമാറാനും മൊബൈൽ ഫോണും ഇന്റർനെറ്റും ഒക്കെയുണ്ട്. വിമാനത്തിൽ കയറിയാൽ മണിക്കൂറുകൾ കൊണ്ട് ലോകത്തിന്റെ മിക്ക ഭാ​ഗങ്ങളിലും എത്താം. അതൊന്നും ഇല്ലാത്തൊരു കാലം ഒരിത്തിരി കൗതുകമാണ് അല്ലേ? അതുപോലെ തന്നെയാണ് രഹസ്യവിവരങ്ങൾ കൈമാറുന്ന കാര്യത്തിലും ഇന്ന് മെയിലുകളുണ്ട്, വാട്ട്സാപ്പുണ്ട്, ടെല​ഗ്രാമുണ്ട്, സി​ഗ്നലുണ്ട്.

എന്നാൽ, മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാസ്‍വേഡുകള്‍ക്കും സെക്യൂരിറ്റി കോഡുകള്‍ക്കും മുമ്പ് സന്ദേശം അയക്കുന്നവര്‍ തങ്ങളുടെ സ്വകാര്യ ചിന്തകളെയും രഹസ്യങ്ങളെയും സ്വപ്നങ്ങളെയുമെല്ലാം കുറിച്ച് ആശങ്കാകുലരായിരുന്നു. അന്ന് അവർക്ക് അതിനെ മറികടക്കാനുണ്ടായിരുന്നൊരു സംവിധാനമാണ് ലെറ്റര്‍ ലോക്കിംഗ്. ഒരു പരന്ന ഷീറ്റ് കടലാസ് വിദഗ്ദ്ധമായി മടക്കുകയാണ് ചെയ്യുന്നത്. അത് അത്ര എളുപ്പമൊന്നും തുറക്കാനാവില്ല. ഇങ്ങനെ പ്രത്യേകരീതിയിൽ മടക്കുന്ന കടലാസ് സ്വീകർത്താവ് മാത്രമായിരിക്കും തുറക്കുന്നത്. ഇല്ലെങ്കിൽ തുറന്നു കഴിഞ്ഞാൽ അത് വീണ്ടും അതുപോലെ മടക്കാനാവില്ല. 1689 -നും 1706 -നും ഇടയിൽ നെതർലാൻഡിലെ ഹേഗിലേക്ക് അയച്ച ഇങ്ങനെയുള്ള 577 കത്തുകൾ വിതരണം ചെയ്യാത്ത മെയിലുകളുടെ ഇടയില്‍ കണ്ടെത്തുകയുണ്ടായി. അതോടെ ​ഗവേഷകർക്ക് അതിലെ ഉള്ളടക്കം കണ്ടെത്തുക എന്നതൊരു ജോലിയായി. 

ഈ കത്തുകളൊന്നും തന്നെ എത്തേണ്ടിടത്ത് എത്തിയിരുന്നില്ല. അവ ഇപ്പോൾ ഒരു മ്യൂസിയത്തിലെ ചരിത്രശേഷിപ്പുകളുടെ ഭാ​ഗമായി സംരക്ഷിച്ചിരിക്കുകയാണ്. എങ്കിലും അത് തുറക്കുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകളുണ്ടാകുന്നതിനെ ​ഗവേഷകർ അനുകൂലിച്ചുമില്ല. എന്നാല്‍, അവ തുറക്കാതെയോ, മടക്ക് നിവര്‍ത്താതെയോ, സീല്‍ പൊട്ടിക്കാതെയോ തന്നെ അതിനകത്തെ ഉള്ളടക്കം കണ്ടെത്താന്‍ അവരൊരു വഴി കണ്ടെത്തി. വളരെ സെന്‍സിറ്റീവായ എക്സ്റേ സ്കാനറും കമ്പ്യൂട്ടര്‍ അല്‍ഗോരിതവും ഉപയോഗിച്ചാണ് അവര്‍ കത്തിലെ ഉള്ളടക്കം കണ്ടെത്തിയത്. 

'ചിലപ്പോള്‍ കത്ത് മുറിച്ചശേഷം അതിലെ ഉള്ളടക്കം കണ്ടെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അവയുടെ എല്ലാ രഹസ്യ സ്വഭാവത്തോടും, പൂര്‍ണരൂപത്തോടും കൂടി അതിലെ ഉള്ളടക്കം കണ്ടെത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നതെ'ന്ന് ഗവേഷകര്‍ പറയുകയുണ്ടായി. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്ത് 1697 ജൂലൈ 31 -നാണ് എഴുതിയിരിക്കുന്നത് എന്ന് കണ്ടെത്തി. ഡാനിയേൽ ലെ പെർസ് എന്നൊരാളുടെ മരണ അറിയിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി ജാക്ക് സെന്നാക്വസ് എന്നൊരു വ്യക്തി തന്റെ കസിനായ പിയറി ലെ -യോട് അഭ്യർത്ഥിക്കുന്നതാണ് കത്ത്. ഹേഗിലെ ഫ്രഞ്ച് വ്യാപാരിയാണ് പെർസ്.

ഫ്രഞ്ച് ഭാഷയിലെഴുതിയ കത്ത് പഠനത്തിനു വേണ്ടി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ചില വാക്കുകളെല്ലാം മുറിഞ്ഞു പോയിട്ടുണ്ട്. അത് പേപ്പറിലെ ചില ജീവികളുണ്ടാക്കിയ ദ്വാരങ്ങള്‍ കാരണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഇതാണ് കത്തിന്റെ ഏകദേശരൂപം:

ഡിയര്‍ സര്‍ ആന്‍ഡ് കസിന്‍,

ഡാനിയേൽ ലെ പെർസിന്‍റെ മരണ അറിയിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി ഞാന്‍ താങ്കള്‍ക്ക് എഴുതിയിട്ട് ആഴ്ചകളായി. 1965 ഡിസംബറില്‍ ഹേഗില്‍ വച്ചാണ് ആ മരണം സംഭവിച്ചത്. പക്ഷേ, താങ്കളില്‍ നിന്നും വിവരമൊന്നും കിട്ടിയിട്ടില്ല. എന്‍റെ വേദനകളറിയിക്കാനായി രണ്ടാം തവണയാണ് ഞാന്‍ താങ്കള്‍ക്ക് കത്തെഴുതുന്നത്. ആ പകര്‍പ്പ് എനിക്ക് വളരെ പ്രധാനമാണ്. താങ്കളത് എനിക്ക് അയച്ചു തരികയാണെങ്കില്‍ അത് വളരെ വലിയൊരു കാര്യമാകും, എനിക്ക് സന്തോഷമാകും. താങ്കളുടെ കുടുംബത്തിന്‍റെ ആരോഗ്യകാര്യങ്ങളും അറിയിക്കുമല്ലോ. ദൈവം നിങ്ങളെ തന്റെ വിശുദ്ധ കൃപയിൽ നിലനിർത്തുകയും നിങ്ങളുടെ രക്ഷയ്ക്ക് ആവശ്യമായ അനുഗ്രഹങ്ങളാൽ നിങ്ങളെ മൂടുകയും ചെയ്യട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കൂടുതലൊന്നും എഴുതുന്നില്ല, ഞാൻ പൂർണ്ണമായും നിങ്ങളുടെ ഏറ്റവും എളിയവനും വളരെ അനുസരണയുള്ളവനുമാണെന്ന് വിശ്വസിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

ജാക്ക് സെന്നാക്വസ് 

അന്നത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ കത്ത് എന്ന് ഗവേഷകര്‍ പറയുന്നു. ലില്ലിലെ ലീഗല്‍ പ്രൊഫഷണലാണ് സെന്നാക്വസ്. എന്തുകൊണ്ടാണ് കത്ത് ലെ പെര്‍സിലെത്താത്തത് എന്ന് മനസിലായില്ല. വ്യാപാരികളുടെ യാത്രാമാർഗ്ഗം കണക്കിലെടുക്കുമ്പോൾ, ലെപേർസ് ആ സ്ഥലം കഴിഞ്ഞ് പോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

കത്തുകളടങ്ങിയ പെട്ടി സൈമൺ ഡി ബ്രയാൻ എന്ന പോസ്റ്റ് മാസ്റ്ററുടെയും ഭാര്യ പോസ്റ്റ്മിസ്ട്രസ് മാരി ജെർമെയ്ന്റെയും വകയായിരുന്നു. 1926 -ൽ ഹേഗിലെ Museum voor Communicatie ഇത് ഏറ്റെടുത്തു. ഈ ലോക്കിംഗ് ലെറ്ററുകള്‍ കൂടാതെ 2571 തുറന്ന കത്തുകളും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അവയൊന്നും എത്തേണ്ടിടത്ത് എത്താത്തത് എന്ന് മനസിലാക്കാനായില്ല. അന്ന് തപാല്‍ സ്റ്റാമ്പുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കത്ത് സ്വീകരിക്കേണ്ടവര്‍ മരിക്കുകയോ അല്ലെങ്കില്‍ കത്ത് നിരസിക്കുകയോ ചെയ്താല്‍ അത് അയച്ചയാള്‍ക്ക് തിരികെ എത്തിക്കാനുള്ള സംവിധാനവും ഇല്ലായിരുന്നു. അതിനാലാവാം ഈ കത്തുകൾ ബാക്കിയായത് എന്ന് കരുതുന്നു. ഏതായാലും ​ഗവേഷകർക്ക് അന്നത്തെ കാലത്തെ വിവിധ മനുഷ്യരുടെ ജീവിതം മനസിലാക്കിയെടുക്കാൻ അവ സഹായകമാകുമെന്നാണ് കരുതുന്നത്.