വെട്ടുകിളികളുടെ വൻ കൂട്ടങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ കൂട്ടത്തോടെ വന്നിറങ്ങിയത് ഏറെ വിഭ്രാന്തി പടർത്തിയിരുന്നു. കഴിഞ്ഞമാസം പാകിസ്ഥാനിൽ ഇതുപോലെ പറന്നിറങ്ങിയ ഇവ അന്ന് അവിടെയും ഏറെ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. പത്തുദിവസം മുമ്പാണ് ആദ്യ വെട്ടുകിളിക്കൂട്ടം ഗുജറാത്തിലെ കൃഷിയിടങ്ങളിൽ വന്നിറങ്ങിയത്. രാജസ്ഥാനിലും വെട്ടുകിളികൾ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവുമധികം പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നത് ഗുജറാത്തിലാണ്. 

എന്താണ് ഈ വെട്ടുകിളികൾ ?

ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് ഗുജറാത്തിൽ വന്നിറങ്ങിയിട്ടുള്ളത്. പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന, വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും. 

കാർഷിക ഡയറക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും1949-55  -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്റെയും വിളകൾ നശിച്ചിരുന്നു. 1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്റെ ഭീഷണിയിൽ ഗുജറാത്തിലെ പാടങ്ങളിൽ വിളവെത്തി നിൽക്കുന്നത്. 

വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.  

എന്താണ് വെട്ടുകിളി ശല്യത്തിനുള്ള പ്രതിവിധി?

കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ, ക്വാറന്റൈൻ ആൻഡ് സ്റ്റോറേജ് നിയോഗിച്ചിരിക്കുന്ന 27 വെട്ടുകിളി നിയന്ത്രണ സംഘങ്ങൾ കർഷകരെ സഹായിക്കാനായി പാടങ്ങളിൽ സജീവമാണ്. ട്രാക്ടറുകളിൽ ഘടിപ്പിച്ച കീടനാശിനി സ്പ്രേയറുകളാണ് വെട്ടുകിളികൾക്കെതിരെ സർക്കാർ നിയോഗിക്കുന്നത്. ബനസ്‌കന്തയിൽ 15-20  കിലോമീറ്റർ പരിധിയിൽ പെടുന്ന 99 ഗ്രാമങ്ങളിലാണ് ഇരുപതോളം സ്പ്രേയറുകൾ അഹോരാത്രം വെട്ടുകിളികളെ തുരത്താൻ പണിപ്പെടുന്നത്. ഇതുവരെ ആകെ 1815  ഹെക്ടർ കൃഷിഭൂമിയിൽ ഇവർ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞു.