ലോകത്തിൽ ഏറ്റവുമധികം വിളനാശമുണ്ടാക്കുന്ന ജീവിവർഗ്ഗത്തിൽ ഒന്നാണ് വെട്ടുകിളികൾ. ഒരു കൂട്ടം കർഷകരുടെ മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന്റെ ഫലം... വിശാലമായ പാടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ മൊത്തം തിന്നുതീർക്കാൻ വെട്ടുകിളിക്കൂട്ടത്തിന് നിമിഷങ്ങൾ മതി. കരണമെന്തെന്നോ? ഒന്നും രണ്ടുമായല്ല, ആയിരവും പതിനായിരവുമായാണ് അവർ പാടങ്ങളിലേക്ക് പറന്നിറങ്ങുന്നത്.

 

കറാച്ചിയിലെ ആകാശങ്ങൾ ഇപ്പോൾ വെട്ടുകിളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രദേശവാസികൾ തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിലും വാട്ട്സാപ്പിലും ട്വിറ്ററിലുമെല്ലാം ഇപ്പോൾ ഈ കറാച്ചി നഗരത്തിലെ ഈ വെട്ടുകിളിയാക്രമണത്തിന്റെ വീഡിയോകൾ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. മരുഭൂമികളാണ് വെട്ടുകിളികളുടെ സ്വാഭാവികമായ പ്രജനന, ആവാസകേന്ദ്രങ്ങൾ. എന്നാൽ, വിളഞ്ഞുകിടക്കുന്ന ഗോതമ്പുപാടങ്ങളെ ആയിരക്കണക്കായ പറന്നിറങ്ങി നിമിഷനേരം കൊണ്ട് തിന്നുമുടിക്കാൻ വെട്ടുകിളികൾക്കാവും. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള കർഷകരുടെ പേടിസ്വപ്നമാണ് ഈ ജീവിവർഗ്ഗം. 

 

ഒരു ചുഴിയുടെ രൂപത്തിൽ ആകാശത്തുനിന്ന് പറന്നിറങ്ങുന്ന പതിനായിരക്കണക്കിന് വെട്ടുകിളികൾ അടങ്ങുന്ന കൂട്ടം, നിമിഷങ്ങൾക്കപ്പുറം വീണ്ടും ഒന്നിച്ചുതന്നെ പറന്നുയരുമ്പോഴേക്കും താഴെ പാടങ്ങളിൽ വിളഞ്ഞുനിന്നിരുന്ന നെൽക്കതിരുകളും ഗോതമ്പും ചോളവും പച്ചിലകളും ഒരെണ്ണം പോലും അവശേഷിച്ചിട്ടുണ്ടാകില്ല. അത്രക്ക് മാരകമാണ് അവയുടെ ആക്രമണം. 

 

പാകിസ്ഥാൻ ഗവണ്മെന്റിന്റെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം, മലിർ, കറാച്ചിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന വർധിച്ച തോതിലുള്ള വെട്ടുകിളിസാന്നിധ്യം അവയുടെ വേനൽക്കാല-മൺസൂൺ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ബലൂചിസ്ഥാനിലേക്കുള്ള പലായനത്തിന്റെ ലക്ഷണമാണ്. എന്നാൽ, ഇപ്പോൾ കാണുന്ന ഈ വെട്ടുകിളികളുടെ യാത്ര ഭക്ഷണം അന്വേഷിച്ചുള്ളതല്ല എന്നും, അത് ദേശാടനത്വരകൊണ്ടാണെന്നും, അതിനാൽ തന്നെ ഭയപ്പെടേണ്ടതില്ല എന്നും പ്ലാന്റ് പ്ലാന്റേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ താരിഖ് ഖാൻ അറിയിച്ചു. പകൽ യാത്രയിൽ ഏർപ്പെടുന്ന വെട്ടുകിളികൾ രാത്രിയോടെ പോകുംവഴിയിലുള്ള മരങ്ങളിൽ ചേക്കേറും. വീണ്ടും അടുത്ത പുലരിയിൽ യാത്ര തുടരും. വെട്ടുകിളികൾ പൊതുവേ മരുഭൂമിയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരാണെന്നും താരിഖ് ഖാൻ  പറഞ്ഞു. 

ഇതിനുമുമ്പ് ഇത്രയധികം വെട്ടുകിളികൾ ഒന്നിച്ച് കറാച്ചിയിൽ വന്നിറങ്ങിയത് 1961 -ലായിരുന്നു എന്ന് പ്രദേശവാസികളിൽ മുതിർന്നവർ ഓർത്തെടുക്കുന്നു. അന്നത്തെ ആക്രമണത്തിന്റെ ചിത്രങ്ങളും അവരിൽ ചിലർ പങ്കുവെച്ചു. 

 

 

ഈ വെട്ടുകിളികൾ ഇപ്പോൾ തൽക്കാലം പാകിസ്ഥാനിൽ വിളനാശമൊന്നും ഉണ്ടാക്കുന്നില്ല എങ്കിൽ കൂടി, മറ്റു പലതരത്തിലുള്ള ശല്യങ്ങളും അവയെക്കൊണ്ട് ജനങ്ങൾക്കുണ്ടാകുന്നുണ്ട്. ഉദാ. തിങ്കളാഴ്ച നടന്ന കൈദേ ആസം ട്രോഫി ക്രിക്കറ്റ് മത്സരം, സ്റ്റേഡിയത്തിൽ വന്നിറങ്ങിയ വെട്ടുകിളികൾ കാരണം നിർത്തിവെക്കേണ്ടി വന്നു. ജനങ്ങൾ ഈ ആക്രമണത്തിൽ ആകെ അസ്വസ്ഥരാണ്. അവർക്ക് നല്ലൊരു ഉപദേശം തന്നെ സിന്ധ് പ്രവിശ്യയുടെ കൃഷി മന്ത്രിയായ ഇസ്മായിൽ റാഹൂ നൽകുകയും ചെയ്തു. പിടിച്ച് ബിരിയാണി വെച്ചുകൊള്ളാൻ..!