ഇംഗ്ലണ്ടിൽ മറ്റുരാജ്യങ്ങളിൽ നിന്നും വന്നു കുടിയേറിയവരിൽ ധനാഢ്യരായ നിരവധി പേരുണ്ട്. അവരിൽ പലരും നേരായ മാർഗങ്ങളിലൂടെയല്ല അവരുടെ സമ്പത്താർജ്ജിച്ചിരിക്കുന്നത് എന്ന ആരോപണം ഏറെക്കാലമായി ഉയർന്നുവന്നുകൊണ്ടിരിക്കെ, ഈയടുത്താണ് നാഷണൽ ക്രൈം ഏജൻസി(NCA) 'മക് മാഫിയ' എന്ന പേരിൽ ഒരു അന്വേഷണ പരമ്പര തന്നെ നടത്തിയത്. നിരവധി കോടീശ്വരന്മാർ ഈ അന്വേഷണത്തിൽ കുടുങ്ങി. അവർക്കൊക്കെ എതിരെ 'അൺ എക്പ്ലൈൻഡ് വെൽത്ത് ഓർഡേഴ്സ് '(AWO)  അതായത് 'പരിധിയിൽ കവിഞ്ഞ വരുമാനം ' എങ്ങനെ വന്നു എന്ന് വിശദീകരിക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇന്റർനാഷണൽ ബാങ്ക് ഓഫ് അസർബൈജാന്റെ ചെയർമാൻ ആയിരുന്ന ജഹാംഗീർ ഹാജിയേവും. 2001  മുതൽ 2015  വരെ ബാങ്കിന്റെ ചെയർമാനായിരുന്ന ജഹാംഗീർ ബാങ്കിന്റെ നിക്ഷേപങ്ങളിൽ തിരിമറി നടത്തി സ്വകാര്യ സമ്പത്ത് ആർജ്ജിച്ചു എന്നാണ് ആരോപണം.  

ഈ അന്വേഷണങ്ങളുടെ ഭാഗമായി പൊലീസ് ശേഖരിച്ച് ലണ്ടനിലെ വെസ്റ്റ്മിസ്റ്റർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നാണ് മാധ്യമങ്ങൾക്ക് ജഹാംഗീറിന്റെ ഭാര്യയായ സമീറാ ഹാജിയെവ് എന്ന അമ്പത്തഞ്ചുകാരി  2006  മുതൽ 2016  വരെ ധൂർത്തുകളുടെ ഞെട്ടിക്കുന്നവിവരങ്ങൾ ചോർന്നു കിട്ടിയിരിക്കുന്നത്. ചില്ലറക്കാശൊന്നുമല്ല അവർ പൊട്ടിച്ചിരിക്കുന്നത്. ബാങ്കിനെപ്പറ്റിച്ച് ജഹാംഗീർ സ്വന്തം അക്കൗണ്ടിൽ കൊണ്ടിട്ടിരുന്ന വൻ സമ്പാദ്യത്തിൽ നിന്നും 141  കോടിയോളം രൂപയാണ് പത്തുവർഷത്തിനിടെ തന്റെ ലാവിഷ് ആയ ജീവിതശൈലിയ്ക്കായി സമീറ ചെലവിട്ടുകളഞ്ഞത്. 

ഭർത്താവിന് സ്വന്തമായി ബാങ്കുള്ളതുകൊണ്ട് 54 ക്രെഡിറ്റ് കാർഡുകളാണ് സമീറയുടെ പേരിൽ അതേ ബാങ്കിൽ നിന്നും ഇഷ്യൂ ചെയ്യപ്പെട്ടിരുന്നത്.  ആ കാർഡുകൾ വഴിയായിരുന്നു ഈ അതിക്രമം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇത്രയും വലിയ ധൂർത്തജീവിതം കഴിഞ്ഞ ഒരു ദശാബ്ദമായി അവർ ലണ്ടനിൽ നയിച്ചുകൊണ്ടിരുന്നിട്ടും ഇതൊന്നും പോലീസിന്റെയോ വിജിലൻസിന്റെയോ ഒന്നും കണ്ണിൽ പെട്ടില്ല എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു വസ്തുത. 

 ബുഷ്രൺ എന്ന ആഡംബര ജ്വല്ലറിയിൽ നിന്നും 35  കോടി രൂപയ്ക്കുള്ള ആഭരണങ്ങൾ, കാർട്ടിയർ  എന്ന പ്രീമിയം വാച്ച് ഷോറൂമിൽ നിന്നും 15 കോടിയ്ക്കുള്ള  ലക്ഷ്വറി വാച്ചുകൾ, ഹാരോഡ്സ് എന്ന ഹൈപ്പർ സ്റ്റോറിലെ ടോയ്‌സ് ഡിപ്പാർട്ടുമെന്റിൽ നിന്നും 8 കോടി രൂപയ്ക്കുള്ള കളിപ്പാട്ടങ്ങൾ, ഹാരോഡ്‌സിൽ നിന്നുതന്നെ 2.25  കോടിരൂപയ്ക്കുള്ള സുഗന്ധ ദ്രവ്യങ്ങൾ, ക്രിസ്ത്യൻ ഡയർ, സെലിൻ, ഫെൻഡി, ഡെന്നിസ് ബസ്സോ തുടങ്ങിയ ലക്ഷ്വറി ബ്രാൻഡുകളുടെ കോടിക്കണക്കിനു രൂപയുടെ ഫാഷൻ വസ്ത്രങ്ങൾ, 26  ലക്ഷം രൂപയുടെ ബെൽജിയൻ  ചോക്കലേറ്റ്, രണ്ടര ലക്ഷം രൂപയ്ക്കുള്ള സ്കോച്ച്, വൈൻ, ഷാംപെയ്ൻ തുടങ്ങിയവ,  2  കോടി രൂപയ്ക്ക് സാൻഡ് വിച്ചും കേക്കും പേസ്ട്രിയും മറ്റും എന്നിങ്ങനെ അവിശ്വസനീയമായ ചെലവുകളാണ് പത്തുവർഷം കൊണ്ട് അവർ നടത്തിയിരിക്കുന്നത്. 

സമീറയുടെ ഭർത്താവിന് ബാങ്കിൽ നിന്നും ഒരിക്കലും വർഷത്തിൽ 54,000 പൗണ്ടിൽ അധികം  ശമ്പളമായി കിട്ടിയിട്ടില്ല. അതായത്, പരമാവധി ജഹാംഗീറിന് ഒരു വർഷം ബാങ്കിൽ നിന്നും ശമ്പളയിനത്തിൽ കിട്ടിയിട്ടുള്ളത്  അമ്പത് ലക്ഷം രൂപ വരെ മാത്രമാണ് എന്നിരിക്കെയാണ് ഇത്തരത്തിലുള്ള ചെലവുകൾ അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഈ ചെലവുകൾ പത്തുവർഷത്തോളം ആരും ഒരു ചോദ്യവും ചോദിക്കാതെ നിർബാധം നടന്നുകൊണ്ടിരുന്നു. അതിന്റെ ഗുണഫലങ്ങൾ നാട്ടിലെ സൂപ്പർമാർക്കറ്റുകൾക്ക് കിട്ടിക്കൊണ്ടിരുന്നു. 

 2015 -ൽ, സ്വന്തം ബാങ്കിൽ നിന്നും 1000 കോടി രൂപ അടിച്ചുമാറ്റിയതിന് ഭർത്താവ് ജഹാംഗീർ അസർബൈജാനിൽ വെച്ച് അറസ്റ്റിലാവുന്നതോടെയാണ് ഇവരുടെ ലണ്ടനിലെ ജീവിതവും NCA'യുടെ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. ദമ്പതികൾക്ക് സ്വന്തമായി ഒരു ഗോൾഫ് കോഴ്സ് അടക്കം നിരവധി പ്രീമിയം പ്രോപ്പർട്ടികൾ ഇംഗ്ലണ്ടിലുണ്ട്. സ്വന്തമായി ഒരു ലക്ഷ്വറി ജെറ്റും അവർക്കുണ്ട്. ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് മികച്ച ബാങ്കർക്കുള്ള ക്വീൻ വിക്ടോറിയ മെഡൽ നൽകി ബ്രിട്ടൻ ആദരിച്ചിട്ടുള്ള ആളാണ് ജഹാംഗീർ എന്നതാണ് മറ്റൊരു വിരോധാഭാസം. ഇപ്പോൾ അതേ ജഹാംഗീർ ഹാജിയെവ് അസർബൈജാനിൽ പതിനഞ്ചു വർഷത്തെ കഠിനതടവിന് വിധിക്കപ്പെട്ടിരിക്കയാണ്.

നിരന്തരം പർച്ചേസ് ചെയ്യുന്നതിന്റെ പേരിൽ ഹാരോഡ്സ് സൂപ്പർ സ്റ്റോർ തങ്ങളുടെ വിഐപി കസ്റ്റമറായ സമീരയ്ക്ക് മൂന്ന് വ്യത്യസ്ത ലോയൽറ്റി കാർഡുകളും അനുവദിച്ചിരുന്നത്രേ. 
ഭർത്താവ് അറസ്റ്റിലായ ശേഷവും സറീന തന്റെ ആഡംബര ജീവിത ശൈലി വെടിഞ്ഞിരുന്നില്ല. ഏകദേശഹ്മ് ഒരു കൊല്ലത്തോളം, കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളിൽ പലതും ക്രിസ്റ്റീസ് പോലുള്ള  സ്ഥാപനങ്ങൾ വഴി വിറ്റഴിച്ച് അവർ തന്റെ ധൂർത്ത് തുടർന്നുപോയി. അതിനിടെയാണ് നാഷണൽ കരിം ഏജൻസിയുടെ അന്വേഷണം അവരിലേക്കും നീളുന്നതും അവരുടെ ഒട്ടുമിക്ക സമ്പാദ്യങ്ങളും അവർ മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നത്. ഭർത്താവിന് പിന്നാലെ ഭാര്യയും അഴിയെണ്ണുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി തനിക്ക് യാതൊന്നും അറിയില്ലെന്നും, തനിക്ക് ചെലവഴിക്കാൻ കിട്ടിയ പണം തന്റെ ഇഷ്ടത്തിന് ചെലവിടുക മാത്രമാണ് താൻ ചെയ്തത് എന്നുമാണ് അവർ പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി.