ആനിമൽ റെസ്ക്യൂ ഓർ​ഗനൈസേഷൻ പറയുന്നത്, അഞ്ച് വർഷം മുമ്പ് ഈ സ്വകാര്യ മൃ​ഗശാല അടച്ചുപൂട്ടി. ശേഷം അവിടെ ശേഷിച്ച ഒരേയൊരു മൃ​ഗം ഈ സിംഹം മാത്രമായിരുന്നു എന്നാണ്.

അഞ്ച് വർഷമായി അർമേനിയയിലെ ഒരു മൃ​ഗശാലയിൽ അത്യധികം മോശമായ അവസ്ഥയിൽ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സിംഹത്തിന് ഒടുവിൽ ആ ദുരിതജീവിതത്തിൽ നിന്നും മോചനം. ഇപ്പോൾ സൗത്ത് ആഫ്രിക്കയിലേക്കാണ് സിംഹത്തെ എത്തിച്ചിരിക്കുന്നത്. ആഗസ്ത് മാസത്തിലാണ്, 15 വയസുള്ള റൂബൻ എന്ന സിംഹത്തെ അർമേനിയയിലെ അടച്ചിട്ട സ്വകാര്യ മൃഗശാലയിൽ നിന്നും അവന്റെ പുതിയ സങ്കേതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 5,200 മൈൽ യാത്രയാണ് അതിനായി വേണ്ടി വന്നത്. 

അനിമൽ ഡിഫൻഡേഴ്‌സ് ഇന്റർനാഷണലിന്റെയും (എഡിഐ) ഖത്തർ എയർവേയ്‌സ് കാർഗോയുടെയും സഹായത്തോടെയായിരുന്നു സിംഹത്തെ ഇവിടെ എത്തിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റിലെ എഡിഐ വന്യജീവി സങ്കേതത്തിലാണ് സിംഹത്തെ എത്തിച്ചിരിക്കുന്നത്. റൂബൻ ഇപ്പോൾ കൂടുതൽ ആരോ​ഗ്യവാനാണ് എന്നും സജീവമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ആനിമൽ റെസ്ക്യൂ ഓർ​ഗനൈസേഷൻ പറയുന്നത്, അഞ്ച് വർഷം മുമ്പ് ഈ സ്വകാര്യ മൃ​ഗശാല അടച്ചുപൂട്ടി. ശേഷം അവിടെ ശേഷിച്ച ഒരേയൊരു മൃ​ഗം ഈ സിംഹം മാത്രമായിരുന്നു എന്നാണ്. മറ്റ് മൃ​ഗങ്ങൾക്കെല്ലാം ഓരോ സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചു എങ്കിലും റൂബനെ മാത്രം ആരും ഏറ്റെടുത്തില്ല. അതിനാൽ തന്നെ അവന് ആ മൃ​ഗശാലയിൽ തനിയെ താമസിക്കേണ്ടി വന്നു. അതോടെ ലോകത്തിലേക്കും വച്ച് ഏകാകിയായ സിംഹം എന്ന് റൂബൻ അറിയപ്പെട്ടു. അഞ്ച് വർഷമാണ് ഒരു കോൺക്രീറ്റ് സെല്ലിൽ അവൻ ആരും കൂട്ടില്ലാതെ കഴിഞ്ഞത്. ആവശ്യത്തിന് ഭക്ഷണവും വ്യായാമവും ഇല്ലാതെ അവന്റെ ആരോ​ഗ്യം നശിച്ചു. 

എഡിഐ പ്രസിഡന്റ് ജാൻ ക്രീമർ പറയുന്നത്, കൂട്ടത്തിൽ വളരെ അധികം സഹവാസശീലമുള്ള മൃ​ഗങ്ങളാണ് സിംഹം. അതുകൊണ്ട് തന്നെ ഒറ്റയ്ക്കുള്ള ജീവിതം റൂബനെ തകർത്തിരുന്നു എന്നാണ്. സിംഹത്തെ സഹായിക്കാൻ ഖത്തർ എയർവേയ്‌സും എഡിഐയും മുന്നിട്ടിറങ്ങിയതോടെ റൂബന്റെ ദീർഘയാത്ര ആരംഭിച്ചു. പുതിയ സ്ഥലത്തെത്തിയതോടെ റൂബനെ പരിശോധിച്ചു. റൂബൻ കൂടുതൽ ഊർജ്ജസ്വലനായി. തന്റെ ആവാസവ്യവസ്ഥയിൽ കൂടുതൽ കരുത്തനായി അവൻ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.