ഒസെംപിക് ഉപയോഗിച്ച് എട്ടുമാസം കൊണ്ട് 30 കിലോ ഭാരം കുറച്ച ആകാൻക്ഷ എന്ന യുവതി തൻ്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതൊരു മാന്ത്രിക മരുന്നല്ലെന്നും, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഉപയോഗിക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്.

ഇന്ത്യയിൽ ഒസെംപിക് വ്യാപകമായിക്കൊണ്ടിരിക്കയാണ്. പലരും വലിയ ആകാംക്ഷയോടും സന്തോഷത്തോടെയുമാണ് ഇതിന്റെ ലഭ്യതയെ കാണുന്നത്. എന്നാൽ, അതേസമയം തന്നെ ഇതിനെ ഗൗരവമായി കാണണമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആകാൻക്ഷ എന്ന യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എട്ടുമാസം കൊണ്ട് ഈ മരുന്നിന്റെ സഹായത്തോടെ 30 കിലോ കുറച്ച തന്റെ മാറ്റം കണ്ട് ആരും കണ്ണടച്ച് ഈ വഴി തിരഞ്ഞെടുക്കരുതെന്നാണ് ആകാൻക്ഷയ്ക്ക് പറയാനുള്ളത്.

എന്തൊക്കെയാണ് ഈ വഴി തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നും യുവതി പറയുന്നുണ്ട്. ഇതൊരു 'മാന്ത്രിക ഗുളിക'യല്ല. രക്തപരിശോധനയും ഡോക്ടറുടെ കൃത്യമായ ഉപദേശവും ഇല്ലാതെ ഒസെംപിക് എടുത്ത് തുടങ്ങരുത്. ശരീരവുമായുള്ള ഒരു കരാറാണിത്. നിങ്ങൾ ഒസെംപിക് തുടങ്ങുകയല്ല, മറിച്ച് നിങ്ങളുടെ ശരീരവുമായി ഒരു കരാറിൽ ഏർപ്പെടുകയാണ് എന്നും ആകാൻക്ഷ കുറിക്കുന്നു. ഇത് വിശപ്പിനെയും മെറ്റബോളിസത്തെയുമെല്ലാം മാറ്റിമറിക്കും. പാർശ്വഫലങ്ങളും ഉണ്ടാവും. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ, പെട്ടെന്നുണ്ടാകുന്ന ക്ഷീണം തുടങ്ങിയവയെല്ലാം നേരിടേണ്ടി വരും. ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം എന്നും അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ മരുന്ന് കഴിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. താൻ ദിവസവും 10,000 ചുവടുകൾ നടക്കുകയും ആഴ്ചയിൽ അഞ്ചുദിവസം വർക്കൗട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും ആകാൻക്ഷ പറയുന്നു. പിസിഒഎസ് , ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയുള്ളവർക്ക് ഭാരം കുറയ്ക്കാൻ ഇതൊരു സഹായം മാത്രമാണ് എന്നും അവർ പറഞ്ഞു.

Scroll to load tweet…

ആകാൻക്ഷയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. ഇതൊരു വെയ്റ്റ് ലോസ് ചീറ്റ് കോഡ് അല്ല, പ്രമേഹ രോഗികൾക്കുള്ള ചികിത്സയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് അപകടകരമാണ് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.