മാലിന്യക്കൂമ്പാരത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ, ബാഗ് ഒരു എലിയുടെ കൈവശമാണെന്ന്  കണ്ടെത്തി. എലി ആ ബാഗിനുള്ളിൽ കയറി അതിൽ സൂക്ഷിച്ചിരുന്ന പാവ് വളരെ സന്തോഷത്തോടെ തിന്നുകയായിരുന്നു.

സ്വർണം മോഷണം പോകുന്നതും, അത് പൊലീസ് കണ്ടെടുക്കുന്നതും ഒക്കെ സാധാരണമാണ്. എന്നാൽ ഈ സംഭവത്തിൽ മോഷണക്കേസിലെ പ്രതികൾ മനുഷ്യരല്ല, മറിച്ച് എലികളാണ്. മകളുടെ വിവാഹത്തിന് ബാങ്കിൽ പണയം വയ്ക്കാൻ ഒരു സ്ത്രീ കൊണ്ട് പോയ സ്വർണം വഴിയിൽ നഷ്ടമായി. ഒടുവിൽ തേടി ചെന്ന പൊലീസ് ഞെട്ടി പോയി. സ്വർണ്ണമിരിക്കുന്നത് ഓടയിൽ എലികളുടെ അടുത്ത്. ഒടുവിൽ സ്വർണം നിറച്ച ആഭരണസഞ്ചി കണ്ടെടുത്തു, ഉടമയെ തിരിച്ചേല്പിച്ചു പൊലീസ്.

ദിൻദോഷി പൊലീസ് സ്‌റ്റേഷന് സമീപത്തെ ആരെ കോളനിയിലാണ് 45 -കാരിയായ സുന്ദരി പ്ലാനിബെൽ താമസിക്കുന്നത്. വീട്ടുവേല ചെയ്താണ് അവൾ കുടുംബം പോറ്റുന്നത്. മകളുടെ വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താൻ കൈയിലുള്ള സ്വർണം ബാങ്കിൽ കൊണ്ട് പോയി പണയം വയ്ക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വീട്ടിലുണ്ടായിരുന്നു 10 പവന്റെ സ്വർണാഭരണങ്ങൾ ബാഗിൽ വച്ചു, ജോലിയ്ക്ക് ഇറങ്ങി. ജോലി കഴിഞ്ഞ് മടങ്ങും വഴി ബാങ്കിൽ കയറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഗോരേഗാവിലെ ഗോകുൽധാം കോളനിയിലെ ഒരു വീട്ടിലായിരുന്നു അവൾ ജോലിയ്ക്ക് നിന്നിരുന്നത്. ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ വീട്ടുകാരി വഴിയിൽ ആർക്കെങ്കിലും കൊടുത്തോളാൻ പറഞ്ഞ് വടപാവ് നിറച്ച ഒരു കവർ അവൾക്ക് കൊടുത്തു. അവൾ അത് ഈ സ്വർണാഭരണങ്ങൾ സൂക്ഷിച്ച ബാഗിൽ വച്ചു.

ബാങ്കിലേക്ക് പോകുമ്പോൾ വഴിയിൽ വച്ച് സുന്ദരി ഒരു ഭിക്ഷക്കാരിയെയും, അവളുടെ കുഞ്ഞിനെയും കണ്ടു. ബാഗിൽ സൂക്ഷിച്ചിരുന്ന വടപാവ് ആ കുട്ടിക്ക് കൊടുത്തിട്ട് അവൾ നടന്നു. ബാങ്കിലെത്തിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അവൾ തിരിച്ചറിഞ്ഞത്. വടപാവ് നൽകിയ അതേ ബാഗിൽ തന്നെയായിരുന്നു സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്നത്. ഉടനെ അവൾ പൊലീസ് സ്റ്റേഷനിൽ പോയി, പരാതി നൽകി. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥനായ സൂരജ് റൗട്ട് സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഭിക്ഷാടനക്കാരിയെ കണ്ടെത്തി. അവരോട് ബാഗ് എവിടെയാണെന്ന് ചോദിച്ചു. വടപാവ് കേടുവന്നതായിരുന്നുവെന്നും, അതുകൊണ്ട് ബാഗ് വഴിയിൽ കണ്ട മാലിന്യ കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്നും അവർ പറഞ്ഞു.

Scroll to load tweet…

മാലിന്യക്കൂമ്പാരത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ, ബാഗ് ഒരു എലിയുടെ കൈവശമാണെന്ന് കണ്ടെത്തി. എലി ആ ബാഗിനുള്ളിൽ കയറി അതിൽ സൂക്ഷിച്ചിരുന്ന പാവ് വളരെ സന്തോഷത്തോടെ തിന്നുകയായിരുന്നു. പൊലീസ് എലിയുടെ പുറകെ ഓടി. എലി പാഞ്ഞു ചെന്ന് സമീപത്തെ ഓടയിലേയ്ക്ക് എടുത്ത് ചാടി. പൊലീസ് വിടുമോ, പൊലീസും കൂടെ ചാടി. ഏറെ കഷ്ടപ്പെട്ടതിന് ശേഷം പൊലീസ് ബാഗ് പുറത്തെടുത്തു. സ്വർണാഭരണങ്ങൾ ഭദ്രമായി ബാഗിൽ തന്നെ കിടന്നിരുന്നു. പൊലീസ് ബാഗ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് സുന്ദരിക്ക് തിരികെ നൽകുകയും ചെയ്തു. ബാഗ് തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ യുവതി, പൊലീസുകാർക്ക് നന്ദി പറഞ്ഞു. ബാഗിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ വില ഏകദേശം 5 ലക്ഷം രൂപയാണെന്ന് അനുമാനിക്കുന്നു.