അശുതോഷിന് എപ്പോഴും മകന്‍ ശുഭത്തിന്‍റെ ഓര്‍മ്മയാണ്. അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന്‍റെ, ഭക്ഷണം കഴിച്ചതിനുശേഷം ഐസ്ക്രീം തേടിയുള്ള കുഞ്ഞുഡ്രൈവുകളെ, കുഞ്ഞുകുഞ്ഞ് സംസാരങ്ങളെ...  ആ യാത്രകളായിരുന്നു മറ്റെന്ത് ടെന്‍ഷനില്‍ നിന്നും അവരെ മോചിപ്പിച്ചിരുന്നത്. 

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഒരു ബൈക്ക് അപകടത്തില്‍ അശുതോഷിന് മകന്‍ ശുഭത്തെ നഷ്ടപ്പെട്ടത്. അന്ന് ശുഭത്തിന് 16 വയസ്സ് മാത്രമായിരുന്നു പ്രായം. ലഖ്‍നൗവിലെ മോഡേണ്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അന്നവന്‍. ''2010 ജൂലൈ 15 -ലായിരുന്നു അത്. എനിക്കൊരു ഫോണ്‍കാള്‍ വന്നു. എന്‍റെ മകന്‍ ആശുപത്രിയിലാണ് എന്ന് അറിയിച്ചുകൊണ്ടായിരുന്നു അത്. ഒരു സുഹൃത്തിന്‍റെ കൂടെ വീട്ടിലേക്ക് വരികയായിരുന്നു അവന്‍. ആ സുഹൃത്തായിരുന്നു സ്കൂട്ടറോടിച്ചിരുന്നത്. വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.'' അശുതോഷ് പറയുന്നു.

 

ആ സമയത്ത് അടുത്തുള്ള മറ്റൊരാശുപത്രിയില്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു അശുതോഷ്. ശുഭത്തിന്‍റെ മരണം അശുതോഷിനെ തകര്‍ത്തുകളഞ്ഞു. ''കുറേക്കാലം എന്‍റെ മകന് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അറിയാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍, ഒരുകാര്യം എനിക്കറിയാമായിരുന്നു. ഒരു ഹെല്‍മറ്റ് വച്ചിരുന്നുവെങ്കില്‍ നമുക്കവനെ നഷ്ടപ്പെടില്ലായിരുന്നു.'' എന്നും അശുതോഷ് പറയുന്നു.

മകന്‍റെ മരണം അശുതോഷിനെ തകര്‍ത്തുകളഞ്ഞു. ഇങ്ങനെയുള്ള ചെറിയ അശ്രദ്ധകൊണ്ട് ജീവന്‍ പൊലിയുന്നവരെയും അവരുടെ കുടുംബത്തെയും കുറിച്ചോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് വേദനിച്ചു. അതിനാല്‍ത്തന്നെ മകനെ നഷ്ടപ്പെട്ടതില്‍ നിന്നും മനസിലായ കാര്യങ്ങള്‍വെച്ച് എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചു. 

അങ്ങനെയാണ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ശുഭംസോതി ഫൗണ്ടേഷന്‍ ലഖ്നൗവില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക, ക്ലാസുകള്‍ നല്‍കുക, അറിവുകള്‍ പങ്കുവെക്കുക എന്നിവയെല്ലാമാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്. 2017 -ലെ റോഡ് ആക്സിഡന്‍റ് റിപ്പോര്‍ട്ട് അനുസരിച്ച് ഹെല്‍മറ്റില്ലാത്തതുകൊണ്ട് മാത്രം ഓരോ ദിവസവും കൊല്ലപ്പെടുന്നവരുടെ എണ്ണം 98 ആണെന്നാണ്. ശുഭംസോതി ഫൗണ്ടേഷന്‍ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടെല്ലാം സ്വന്തം കയ്യില്‍ നിന്നാണ് അശുതോഷ് എടുക്കുന്നത് മറ്റു സഹായങ്ങളൊന്നുമില്ല. എങ്കിലും തന്നെപ്പോലെ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ പിന്തുണക്കാനെത്തുന്നത് അദ്ദേഹത്തിന്‍റെ മനസ് നിറക്കുന്നു.

''അവനെപ്പോഴും പറയുമായിരുന്നു ഞാനാണവന്‍റെ ബെസ്റ്റ് ഫ്രണ്ട് എന്ന്. എന്‍റെ ബെസ്റ്റ് ഫ്രണ്ടും അവനായിരുന്നു. അവന്‍റെ മകന്‍റെ ഓര്‍മ്മയ്ക്കായി മാത്രമല്ല താനിത് ചെയ്യുന്നത്. അവന് സംഭവിച്ചത് വേറൊരാള്‍ക്കും സംഭവിക്കാതിരിക്കാന്‍ കൂടിയാണ്...'' എന്നും അശുതോഷ് പറയുന്നു.