Asianet News MalayalamAsianet News Malayalam

കറുത്തവനും വെളുത്തവളും പ്രണയിക്കരുതെന്ന് സമൂഹത്തിന്‍റെ ശാസന; പിരിഞ്ഞ പ്രണയികള്‍ 50 വര്‍ഷത്തിനുശേഷം ഒന്നാകുമ്പോള്‍...

'നിരന്തരമുള്ള തുറിച്ചുനോട്ടവും കമന്‍റും അവളെ വല്ലാതെ തളര്‍ത്തിയിരുന്നു. അവളെ അങ്ങനെ വിഷമിപ്പിക്കരുതെന്ന് എനിക്ക് തോന്നി. അവളുടെ സന്തോഷമായിരുന്നു എനിക്ക് പ്രധാനം' -എന്നാണ് ഹവാര്‍ഡ് പറയുന്നത്. 

love torn apart by racism after 50 years they married
Author
Columbus, First Published Sep 28, 2019, 11:22 AM IST

ദുരഭിമാനക്കൊലകളും ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള അതിക്രമങ്ങളും അരങ്ങുവാഴുന്ന കാലമാണ്. എന്നാല്‍, യഥാര്‍ത്ഥ സ്നേഹത്തിന് ഇവയെ എല്ലാം തകര്‍ത്തെറിയാന്‍ ഊര്‍ജ്ജം കണ്ടെത്തിയേ തീരൂ... പ്രണയം മറ്റെന്തിനേക്കാളും ശക്തിയുള്ളതാണ്. അത് എന്ത് തടസ്സത്തേയും നീക്കും. ചിലപ്പോള്‍ ഒരുപാട് സമയമെടുത്തേക്കാം. എങ്കിലും അത് തടസ്സങ്ങളെ അതിജീവിച്ച് പരസ്‍പരം ചേരുക തന്നെ ചെയ്യും. അതുപോലെയാണ് ഹവാര്‍ഡ് ഫോസ്റ്ററും മെയ്റാ ക്ലാര്‍ക്കും പരസ്‍പരം ചേര്‍ന്നത്. ഒരുപാട് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു പക്ഷേ അവരുടെ കൂടിച്ചേരലിന്.

1967...
ഹവാര്‍ഡും മെയ്റയും ഹൈസ്‍കൂള്‍ വിദ്യാര്‍ത്ഥികളാണ്. ആ കാലത്താണ് അവര്‍ പ്രണയത്തിലാകുന്നത്. പക്ഷേ, അന്നത്തെ സാമൂഹ്യ സാഹചര്യം ഒരിക്കലും അവരുടെ പ്രണയത്തെ അംഗീകരിക്കുന്ന ഒന്നായിരുന്നില്ല. രണ്ട് വംശത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം അന്ന് ശക്തമായി എതിര്‍ക്കപ്പെട്ടിരുന്നു. ഹവാര്‍ഡ് കറുത്ത വര്‍ഗ്ഗക്കാരനും മെയ്റ വെളുത്ത വര്‍ഗ്ഗക്കാരിയുമായിരുന്നു. അവരെയിരുവരേയും പരസ്പരം ചേര്‍ത്ത പ്രണയത്തെ കാണാന്‍ കണ്ണില്ലാത്തവരായിരുന്നു അന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നവര്‍... അതേ വര്‍ഷം തന്നെയാണ് രണ്ട് വംശത്തില്‍ പെടുന്നവര്‍ക്ക് വിവാഹം കഴിക്കാമെന്ന നിയമം വരുന്നത്. പക്ഷേ, നിയമം കൊണ്ടൊന്നും മാറുന്നതല്ലല്ലോ മനുഷ്യമനസ്സുകള്‍. ജനങ്ങളപ്പോഴും ആ പ്രണയത്തേയും വിവാഹത്തേയും എതിര്‍ത്തുകൊണ്ടിരുന്നു. അവരുടെ സ്‍കൂളിന് മുന്നില്‍ അന്ന് വംശത്തെച്ചൊല്ലിയുള്ള കലാപം വരെ നടന്നു. 

കോളേജില്‍ പഠിക്കുന്ന കാലത്ത്, തങ്ങളുടെ വിവാഹം പിന്നീട് ജീവിതത്തിലുണ്ടാക്കിയേക്കാവുന്ന പ്രശ്‍നങ്ങളെ കുറിച്ച് മെയ്‍റ ബോധവതിയായിരുന്നു. അന്ന്, കൊളംബസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു ഹവാര്‍ഡ്. അവിടെ പഠിക്കുന്ന ഏക കറുത്ത വര്‍ഗ്ഗക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. മാത്രവുമല്ല എല്ലാ ദിവസവും തന്‍റെ പ്രൊഫസര്‍മാരില്‍ നിന്ന് കടുത്ത വംശീയാധിക്ഷേപം നേരിടേണ്ടി വന്നു അദ്ദേഹത്തിന്. ആ സമയത്ത് അക്രമാത്മകമായി നില്‍ക്കുന്ന ഈ വംശീയത തന്‍റെയും മെയ്റയുടേയും ബന്ധത്തെ ബാധിക്കുമോ എന്ന് ഹവാര്‍ഡ് ചിന്തിക്കുന്നുണ്ടായിരുന്നു. ഈ ബന്ധം മെയ്‍റക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തോന്നിയപ്പോള്‍ അതവസാനിപ്പിക്കാന്‍ തന്നെ ഹവാര്‍ഡ് തീരുമാനിച്ചു. അവരുടെ ബന്ധത്തിന്‍റെ തുടക്കം മുതല്‍ തന്നെ തുറിച്ചുനോട്ടങ്ങളും പലതരം കമന്‍റുകളുമെല്ലാം അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഒരിക്കലും ഈ സമൂഹം തന്നെയും തന്‍റെ പ്രിയപ്പെട്ടവളേയും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഹവാര്‍ഡിന് ഉറപ്പായി. 

love torn apart by racism after 50 years they married

'നിരന്തരമുള്ള തുറിച്ചുനോട്ടവും കമന്‍റും അവളെ വല്ലാതെ തളര്‍ത്തിയിരുന്നു. അവളെ അങ്ങനെ വിഷമിപ്പിക്കരുതെന്ന് എനിക്ക് തോന്നി. അവളുടെ സന്തോഷമായിരുന്നു എനിക്ക് പ്രധാനം' -എന്നാണ് ഹവാര്‍ഡ് പറയുന്നത്. ഹൃദയം തകര്‍ന്നുകൊണ്ട് ആ രണ്ട് പ്രണയിതാക്കളും പിരിഞ്ഞു. കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ് അവര്‍ പരസ്പരം ഗുഡ്ബൈ പറഞ്ഞു. പിന്തിരിഞ്ഞ് നടന്നപ്പോള്‍ ഒരേ സമയത്ത് തന്നെ അവരിരുവരും തിരിഞ്ഞുനോക്കുകയും കൈവീശുകയും ചെയ്‍തത് മെയ്റക്ക് ഇന്നും ഓര്‍മ്മയുണ്ട്. ഹവാര്‍ഡിന്‍റെ കൈവീശല്‍ 'ഒരിക്കല്‍ നമുക്ക് വീണ്ടും കാണാം' എന്ന് പറയുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും മെയ്റ പറയുന്നു. തന്‍റെ കാറില്‍ കയറിയിരുന്ന ഹവാര്‍ഡ് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിരിയാമെന്ന ആ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. അവര്‍ പരസ്‍പരം ഓര്‍ക്കാത്ത ഒറ്റ ദിവസം പോലും പിന്നെ കടന്നുപോയില്ല. ജീവിതം രണ്ടുവഴി പിരിഞ്ഞുപോയിട്ടും എല്ലാ ദിവസവും അവര്‍ തമ്മാമ്മില്‍ ഓര്‍ത്തു. 

2013 -ല്‍ മെയ്‍റ മൗണ്ട് കാര്‍മ്മല്‍ ഹോസ്പിസില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെവച്ചാണ് അവര്‍ ഒരു നഴ്‍സിനെ കാണുന്നത്. ആ നഴ്‍സിന്‍റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഹവാര്‍ഡിന്‍റെ മകനായിരുന്നു. അങ്ങനെ, അവര്‍ വീണ്ടും കണ്ടു. 2013 -ലെ ലേബര്‍ ഡേ വീക്കെന്‍ഡില്‍ ഒരു പാര്‍ക്കില്‍ വെച്ച്... അന്നവര്‍ വീണ്ടും പ്രണയത്തിലായി. അല്ലെങ്കില്‍ അതുവരെ അടക്കിവെച്ചിരുന്ന പ്രണയം വീണ്ടും അവരെ കീഴടക്കി. അന്ന് പരസ്‍പരം കൈകോര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് തോന്നിയതേയില്ല അവര്‍ പിരിഞ്ഞിരിക്കുകയായിരുന്നുവെന്ന്. എപ്പോഴും അവര്‍ ഒരുമിച്ചുണ്ടായിരുന്നുവല്ലോ, ഓര്‍മ്മയിലാണെങ്കിലും... ഇനിയൊരിക്കലും പിരിയില്ലെന്ന് അന്ന് ഹവാര്‍ഡ് മെയ്റക്ക് വാക്കുകൊടുത്തു. അങ്ങനെ 2015 ആഗസ്ത് ഒന്നിന് അവര്‍ വിവാഹിതരായി. രണ്ടുപേരും അവരുടെ അറുപതുകളിലാണ്. അവരെപ്പോഴും കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്നു. പരസ്പരം കണ്ണുകളില്‍ നോക്കി നോക്കി ഉറക്കത്തിലേക്ക് വീഴുന്നു. അല്ലെങ്കിലും യഥാര്‍ത്ഥ പ്രണയം എന്നെങ്കിലും നമ്മെത്തേടിയെത്തുക തന്നെ ചെയ്യും, ആരൊക്കെ പരസ്പരം അകറ്റിയാലും. 

Follow Us:
Download App:
  • android
  • ios