'അവ എന്റെ കുടുംബം എന്നതിലുമുപരിയായി എന്റെ ഹൃദയവും ആത്മാവുമാണ്. ഇന്ന് എനിക്ക് നേരെ നിൽക്കാനും പോരാടാനുമുള്ള കരുത്തുണ്ടെങ്കിൽ അത് ഈ ആനകൾ കാരണമാണ്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ അവർ കുറിച്ചിരിക്കുന്നത്.

ആനകളെ ഇഷ്ടമുള്ള, ആനപ്രേമികളായ ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവയുടെ വീഡിയോകൾ കാണാനിഷ്ടപ്പെടുന്നവരും ഏറെയാണ്. പരിചരിക്കുന്നവരോട് വലിയ സ്നേഹം കാണിക്കുന്ന ആനകളുണ്ട്. അവർ തമ്മിലുള്ള സ്നേഹവും സൗഹൃദവും കാണിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

'സേവ് എലഫന്റ് ഫൗണ്ടേഷ'ന്റെ സ്ഥാപകയായ ലെക് ചൈലെർട്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി അവർ പരിചരിക്കുന്ന ആനകളും അവരും തമ്മിലുള്ള അതിമനോഹരമായൊരു കൂടിച്ചേരലാണ് വീഡിയോയിൽ കാണുന്നത്.

കുറച്ച് ദിവസം അവിടെ നിന്നും മാറിനിന്ന ശേഷം ചൈലെർട്ട് അവിടേക്ക് വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അവളെ കണ്ടമാത്രയിൽ തന്നെ ആനകൾ അവൾക്കരികിലേക്ക് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. തുമ്പിക്കൈ ഉപയോ​ഗിച്ച് കൊണ്ട് അവളെ തൊടുന്നതും കെട്ടിപ്പിടിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഓരോ ആനയും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അവളെ സുരക്ഷിതയാക്കാനായിട്ടെന്നപോലെ അവൾക്ക് ചുറ്റും നിൽക്കുന്ന ആനകളെയും വീഡിയോയിൽ കാണാം.

View post on Instagram

'കുറച്ചുദിവസങ്ങളായി വീട്ടിൽ നിന്നും അകലെയായിരുന്നു. ഓരോ സമയത്ത് ഞാൻ തിരികെ വരുമ്പോഴും നിറഞ്ഞ സ്നേഹമാണ് എന്നെ സ്വാ​ഗതം ചെയ്യുന്നത്. അവ എന്റെ കുടുംബം എന്നതിലുമുപരിയായി എന്റെ ഹൃദയവും ആത്മാവുമാണ്. ഇന്ന് എനിക്ക് നേരെ നിൽക്കാനും പോരാടാനുമുള്ള കരുത്തുണ്ടെങ്കിൽ അത് ഈ ആനകൾ കാരണമാണ്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ അവർ കുറിച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ആനയ്ക്ക് അവളോടുള്ള സ്നേഹവും കരുതലും കാണുന്നത് മനോഹരം തന്നെയെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.