Asianet News MalayalamAsianet News Malayalam

ജനനിരക്ക് കുറയുന്നു, വിദേശരാജ്യങ്ങളിൽ നിന്നും നാനിമാരെ വാടകയ്ക്ക് എടുക്കാൻ ദക്ഷിണകൊറിയ

എന്നാൽ, വിദേശത്തുനിന്നും വരുന്ന നാനിമാരെ ജോലിക്ക് എടുക്കുക എന്നത് കൊറിയൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്.

low birth rate south korea to hire foreign nannies
Author
First Published Sep 1, 2024, 4:40 PM IST | Last Updated Sep 1, 2024, 4:40 PM IST

ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക് റിപ്പോർട്ട് ചെയ്ത രാജ്യമായി മാറിയതോടെ പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി ദക്ഷിണ കൊറിയ. ഇതിൻറെ ഭാഗമായി കുട്ടികളെ നോക്കാൻ വീടുകളിൽ ആരുമില്ലാത്ത ജോലിക്കാരായ മാതാപിതാക്കൾക്ക് ഇനിമുതൽ വിദേശരാജ്യങ്ങളിൽ നിന്നും നാനിമാരെ വാടകയ്ക്ക് എടുക്കാം. ഇതിൻറെ ആദ്യപടിയെന്നോണം 100 ഫിലിപ്പിനോ നാനിമാർക്ക് സർക്കാർ വിസ അനുവദിച്ചു. കുട്ടികളെ പരിപാലിക്കുന്നതിനായി ആരുമില്ല എന്നുള്ളത്  ജോലി ചെയ്യുന്ന രക്ഷിതാക്കൾക്കിടയിലെ പ്രധാന ആശങ്കകളിലൊന്നായി ഉയർന്നു വന്നതോടെയാണ് ഇത്തരത്തിൽ ഒരു പരിഹാരം തേടാൻ സർക്കാർ തീരുമാനിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ഒരു സ്ത്രീക്ക് 0.72 കുട്ടികൾ എന്ന ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കാണ് ദക്ഷിണ കൊറിയയിൽ. കുട്ടികളെ സംരക്ഷിക്കാൻ ആളുകൾ ഇല്ലാത്തത് യുവതലമുറയിലെ ദമ്പതിമാർ കുട്ടികൾ വേണ്ട എന്ന് വെക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് വിദേശ നാനിമാരെ ജോലിക്കായി രാജ്യത്തേക്ക് കൊണ്ടുവരാൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ തീരുമാനിച്ചത്. പ്രാരംഭഘട്ടത്തിന് ശേഷം, 2025 ൻ്റെ ആദ്യ പകുതിയോടെ ഏകദേശം 1,200 വിദേശ നാനിമാരെ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, വിദേശത്തുനിന്നും വരുന്ന നാനിമാരെ ജോലിക്ക് എടുക്കുക എന്നത് കൊറിയൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം വിദേശ നാനിമാരെ പ്രതിദിനം 8 മണിക്കൂർ വാടകയ്‌ക്കെടുക്കുകയാണെങ്കിൽ കൊറിയൻ കുടുംബങ്ങൾക്ക് പ്രതിമാസം 2.38 ദശലക്ഷം വോൺ ചെലവഴിക്കേണ്ടി വരും. ഇത് കൊറിയൻ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിൻ്റെ പകുതിയോളം വരും. അതുകൊണ്ടുതന്നെ ഈ ചെലവ് ലഘൂകരിക്കാനുള്ള പദ്ധതികൾ തേടുകയാണ് ഇപ്പോൾ സർക്കാർ.

Latest Videos
Follow Us:
Download App:
  • android
  • ios