മധ്യപ്രദേശിൽ യജമാനനായ പ്രദീപ് ജെയിൻ മരിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്‍റെ വളർത്തുനായ ഡുഗ്ഗുവും ജീവൻ വെടിഞ്ഞു. 15 വർഷമായി കൂടെയുണ്ടായിരുന്ന യജമാനന്‍റെ അന്ത്യയാത്രയിൽ കുഴഞ്ഞുവീണാണ് ഡുഗ്ഗു മരിച്ചത്, ഇത് മനുഷ്യനും മൃഗവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നു.

നുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഴം തെളിയിക്കുന്ന ഹൃദയഭേദക സംഭവമാണ് മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 67 -കാരനായ പ്രദീപ് ജെയിന്‍റെ അന്ത്യയാത്ര ആരംഭിച്ച് നിമിഷങ്ങൾക്കകം, 15 വർഷമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വളർത്തുനായ ‘ഡുഗ്ഗു’യും മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വികാരഭരിതമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

ചികിത്സയിലിരിക്കെ അന്ത്യം

അസുഖത്തെ തുടർന്ന് ഭോപ്പാലിലെ എയിംസിൽ ചികിത്സയിലായിരുന്ന പ്രദീപ് ജെയിൻ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം ഞായറാഴ്ച വൈകിട്ടാണ് ബേതുലിലെ വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിയത് മുതൽ ഡുഗ്ഗു യജമാനന്‍റെ ശരീരത്തിനരികിൽ നിന്ന് മാറാൻ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അന്ത്യകർമത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയെങ്കിലും അത് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടേയിരുന്നുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.

Scroll to load tweet…

ഒടുവിൽ ഇരുവർക്കും ഒരുമിച്ച് അന്ത്യയാത്ര

അന്ത്യയാത്ര ആരംഭിച്ചപ്പോൾ ഡുഗ്ഗുവും യജമാനന്‍റെ മൃതദേഹം വഹിച്ച ശവമഞ്ചത്തിനൊപ്പം കുറച്ചുദൂരം നടന്നു. എന്നാൽ അധികം വൈകാതെ തന്നെ അത് കുഴഞ്ഞുവീണ് ചത്തു. യജമാനന്‍റെ വേർപാട് സഹിക്കാനാകാതെയാണ് നായയുടെ മരണമെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു. ഈ ദൃശ്യം കണ്ടവർക്ക് കണ്ണീരടക്കാനായില്ലെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് പ്രദീപ് ജെയിനും ഡുഗ്ഗുവിനും ഒരുമിച്ചാണ് അന്ത്യയാത്ര ഒരുക്കിയത്. പ്രദീപ് ജെയിന്‍റെ സംസ്കാരം ഹിന്ദു ആചാരപ്രകാരം നടത്തിയപ്പോൾ, വർഷങ്ങളോളം കുടുംബാംഗത്തെപ്പോലെ ജീവിച്ച ഡുഗ്ഗുവിനെ ശ്മശാനപരിസരത്ത് ആദരവോടെ സംസ്കരിച്ചു.

15 വർഷമായി യജമാനനൊപ്പം നിഴലുപോലെ ജീവിച്ച ഡുഗ്ഗുവിന്‍റെ വിശ്വസ്തതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ അപൂർവ ഉദാഹരണമായാണ് ഈ സംഭവത്തെ നിരവധി പേർ വിശേഷിപ്പിക്കുന്നത്. “സ്നേഹത്തിനും വിശ്വസ്തതയ്ക്കും അതിരുകളില്ല” എന്ന കുറിപ്പുകളോടെയാണ് ആയിരക്കണക്കിന് ആളുകൾ ഈ വാർത്ത പങ്കുവയ്ക്കുന്നത്.