ദമ്പതികൾ വേർപിരിയുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നേരത്തേ തന്നെ ധാരണയിലെത്തണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ നിർദേശിക്കുന്നു.

വളർത്തുമൃഗങ്ങൾ കുടുംബത്തിലെ അംഗങ്ങളായി മാറുന്ന സാഹചര്യത്തിൽ, ദമ്പതികൾ വേർപിരിയുമ്പോൾ അവയുടെ സംരക്ഷണച്ചുമതല ആർക്കായിരിക്കണമെന്ന ചർച്ച ചൈനയിൽ ശ്രദ്ധ നേടുന്നു. വളർത്തുമൃഗങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി ഉടമകൾ വലിയ തുക ചെലവഴിക്കുന്നതിനൊപ്പം, അവയുടെ മരണശേഷമുള്ള സംസ്കാരച്ചടങ്ങുകൾക്കും സ്മരണാചടങ്ങുകൾക്കുമുള്ള സേവനങ്ങൾക്കും ആവശ്യക്കാർ വർധിക്കുകയാണ്.

ഷാങ്ഹായിലെ ശ്രദ്ധ നേടിയ പെറ്റ് കിന്റർഗാർട്ടനുകൾ ഇതിന് ഉദാഹരണമാണ്. ഇവിടെ വളർത്തുമൃഗങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനും പകൽസമയത്ത് മറ്റ് മൃഗങ്ങളുമായി ഇടപഴകുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഒരു ദിവസത്തെ ഫീസ് 98 മുതൽ 138 യുവാൻ വരെയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വളർത്തുമൃഗങ്ങൾക്കായി പരമ്പരാഗത ചൈനീസ് ചികിത്സാരീതികളായ അക്യുപങ്ചർ, തുയ് നാ മസാജ് എന്നിവയും ലഭ്യമാണ്. വളർത്തുമൃഗങ്ങളുടെ മരണശേഷം ചിതാഭസ്മം സംസ്കരിക്കുന്നതിനും ഉടമകളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള സ്മരണാചടങ്ങുകൾ സംഘടിപ്പിക്കുന്നതിനുമുള്ള സേവനങ്ങളും പ്രചാരം നേടുന്നുണ്ട്.

എന്നാൽ, വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ജീവിതരീതികളും സാമൂഹിക കാഴ്ചപ്പാടുകളും മാറുന്നതിനനുസരിച്ച് നിയമസംവിധാനങ്ങൾ വികസിച്ചിട്ടില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്. ദമ്പതികൾ വേർപിരിയുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നേരത്തേ തന്നെ ധാരണയിലെത്തണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ നിർദേശിക്കുന്നു.

“വളർത്തുമൃഗങ്ങൾ സോഫയോ ടെലിവിഷനോ പോലെയുള്ള വസ്തുക്കളല്ല. ഓർമകളും വികാരങ്ങളുമുള്ള ജീവികളാണ് അവ. അനാവശ്യമായ വിഷമം അവയ്ക്ക് ഉണ്ടാകാതിരിക്കാൻ, സംരക്ഷണച്ചുമതല സംബന്ധിച്ച് ദമ്പതികൾ മുൻകൂട്ടി ധാരണയിലെത്തണം” എന്നാണ് ഒരാൾ കുറിച്ചത്.

അതേസമയം, വേർപിരിഞ്ഞ ശേഷവും വളർത്തുമൃഗത്തിന്റെ സംരക്ഷണം പരസ്പരം പങ്കിടുന്നവരുമുണ്ട്. മുൻ കാമുകൻ എല്ലാ വാരാന്ത്യത്തിലും തങ്ങളുടെ നായയായ വാങ്‌സായിയെ കാണാൻ വീട്ടിലെത്താറുണ്ടെന്ന് ഒരു യുവതി പങ്കുവെച്ചു. ഏതായാലും ചൈനയിൽ വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കാണുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം, അവയുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചർച്ചകളും കൂടുതൽ പ്രസക്തമാവുകയാണ്.