അജിത് സഹാനി എന്ന ട്വിറ്റർ ഉപയോക്താവാണ് ഇപ്പോൾ വൈറലായ വീഡിയോ ഷെയർ ചെയ്തത്, "ഹലോ ബെംഗളൂരു എന്തൊരു മനോഹരവും അതിശയകരവുമായ ഓട്ടോ. ആരെങ്കിലും ഇതുവരെ യാത്ര ചെയ്തിട്ടുണ്ടോ" എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. പലപ്പോഴും കൗതുകം ജനിപ്പിക്കുന്ന ക്യാപ്ഷനുകൾ എഴുതിയും നിരവധി ലൈറ്റുകൾ പിടിപ്പിച്ചുമൊക്കെ ഓട്ടോറിക്ഷ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന് ആഡംബര സംവിധാനങ്ങളൊരുക്കി താരമാകുകയാണ് ബാഗ്ലൂർ നഗരത്തിലെ ഒരു ഓട്ടോ. കുഷ്യൻസീറ്റുകളും ട്രേ ടേബിളും ഫാനും ആകർഷകമായ ലൈറ്റിംഗ് സംവിധാനങ്ങളുമൊക്കെയുള്ള ഈ ഓട്ടോറിക്ഷ സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്. അസാധരണമാംവിധം മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ഈ ഓട്ടോറിക്ഷ കണ്ടാൽ ആർക്കായാലും ഒന്നു കയറാൻ തോന്നും.

ഓട്ടോറിക്ഷയെ അതിന്റെ ഡ്രൈവർ മറ്റുള്ളവർക്ക് പരിചയപ്പെടുത്തികൊടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വാഹനത്തിൽ കണ്ണിന് മിഴിവേകുന്ന പല കളറിലുള്ള എൽഇഡി ലൈറ്റുകളും ഡ്രൈവറുടെയും യാത്രക്കാരുടെയും വശങ്ങളിൽ വാതിലുകളും ഗ്ലാസ് ജനലുകളും ചേർത്തിട്ടുണ്ട്, യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്ന ട്രേ ടേബിളുകൾ ഘടിപ്പിച്ച ലെതറെറ്റ് സീറ്റുകൾ അതിന്റെ ആഡംബര സവിശേഷതകളിൽ ഉൾപ്പെടുന്നു. 

യാത്രക്കാർക്ക് കാറ്റ് കൊള്ളുന്നതിനായി ഫാനും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കന്നഡ നടന്മാരായ പുനീത് രാജ്കുമാറിന്റെയും ശങ്കർ നാഗിന്റെയും പോസ്റ്ററുകളും ഓട്ടോറിക്ഷയിൽ പതിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഒരു ടാബും പ്രത്യേകം ചേർത്തിട്ടുണ്ട്. ഇത് യാത്രക്കാർക്ക് പാട്ടും വീഡിയോയും മറ്റും ആസ്വദിക്കുന്നതിന് വേണ്ടിയാണെന്നാണ് ഈ ആഡംബര ഓട്ടോയുടെ ഡ്രൈവറും ഉടമസ്ഥനുമായ എം.ജി നാഗരാജ പറയുന്നത്.

അജിത് സഹാനി എന്ന ട്വിറ്റർ ഉപയോക്താവാണ് ഇപ്പോൾ വൈറലായ വീഡിയോ ഷെയർ ചെയ്തത്, "ഹലോ ബെംഗളൂരു എന്തൊരു മനോഹരവും അതിശയകരവുമായ ഓട്ടോ. ആരെങ്കിലും ഇതുവരെ യാത്ര ചെയ്തിട്ടുണ്ടോ" എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഏതായാലും ഹൈടെക് ഓട്ടോയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.