എംജിആറിൻ്റെ മരണത്തോടെ, 'എനിക്കിനി മത്സരിക്കാൻ ആരുണ്ട്' എന്നായിരുന്നു കരുണാനിധി വിലപിച്ചത്. എന്നാലതിനുള്ള മറുപടിയെന്നോ തലൈവർ തൻ്റെ മൂശയിലൊരുക്കിയിരുന്നു.

"പാട്ടൊളിക്കും കുയില്‍കളില്ലെയെൻ പാതയിൽ
പടമെടുക്കും പാമ്പുകൾ നെളിന്തിരിക്കിന്തണൈ
തെണ്ട്രലെ തീണ്ടിയതില്ലെ നാൻ
തീയൈ താണ്ടിയിറുക്കേൻ
കേളുങ്കൾ എന്‍ കഥൈ..."

പരാശക്തിയിൽ ഇങ്ങനെ പറയുന്നത് ശിവാജി ഗണേശനാണ്. എന്നാലീ വാക്കുകൾ ഏറ്റവും അനുയോജ്യമാവുക കരുണാനിധിയുടെ കഥയ്‍ക്കാണ്.

അധികാരിയോട് ആത്മഹത്യാഭീഷണി മുഴക്കി നേടിയ പഠനാവസരം, പാതിവഴിയിലുപേക്ഷിച്ച കരുണാനിധിയുടെ പാതയിലുയ‍ർന്ന് കേട്ടത് കുയില്‍നാദമായിരുന്നില്ല. ബ്രാഹ്മണാധിപത്യവും ഹിന്ദിയും, ജനതക്കും മാതൃഭാഷക്കും മേല്‍ ഉയ‍ർത്തിയ കാഹളമായിരുന്നു.

എട്ട് പതിറ്റാണ്ട് കാല രാഷ്ട്രീയജീവിതത്തിലെ പരാജയമറിയാത്ത പതിമൂന്നു തെരഞ്ഞെടുപ്പുകളും നേരിട്ടത്, ഒരിളം തെന്നലേൽക്കുന്ന നിർവൃതിയിലുമായിരുന്നില്ല. നെടുംചെഴിയാനും എംജിആറും ജയലളിതയുമടങ്ങുന്ന ദ്രാവി‍ഡരാഷ്ട്രീയത്തിന്‍റെ നെരിപ്പോടിലായിരുന്നു.

രാഷ്ട്രീയത്തിലെ നിർണ്ണായകശക്തിയാകാൻ സിനിമയ്‍ക്ക് സാധിക്കുമെന്ന് തിരിച്ചറിഞ്ഞ അണ്ണാദുരൈ, അതിനായി കണ്ടെത്തിയ കനിയായിരുന്നു കരുണാനിധി. മാതൃഭാഷയിൽ അനിതരസാധാരണമായ വൈഭവം പുലർത്തിയ കരുണാനിധിയുടെ തിരക്കഥയിൽ 1952 -ൽ അങ്ങനെ പരാശക്തിയെന്ന സിനിമ പിറന്നു. തമിഴ് ഭാവുകത്വത്തിലും ബോധത്തിലും പരാശക്തി സൃഷ്ടിച്ചത് അപൂർവ്വമായ രാഷ്ട്രീയ സ്വാധീനമാണ്. 

ദക്ഷിണാമൂർത്തിയെന്ന സംസ്കൃതനാമത്തെ കാവേരിയിലെറിഞ്ഞാണ് മുത്തുവേല്‍ കരുണാനിധിയെന്ന ദ്രവീഡിയൻ പൊളിറ്റീഷൻ പിറക്കുന്നത്. ഭാഷയിലും സാഹിത്യത്തിലും അനിതരസാധാരണമായ വൈഭവം പുലർത്തിയ അ‍ദ്ദേഹം വിദ്യാർത്ഥി കാലത്ത് തന്നെ മാനവനേസൻ എന്ന പ്രസിദ്ധീകരണമാരംഭിച്ചു. ഇന്ന് ഡിഎംകെയുടെ മുഖപത്രമായി മാറിയ മുരസൊലി സ്ഥാപിക്കുമ്പോൾ കരുണാനിധിക്ക് പ്രായം പതിനേഴ്. എഴുത്തിലൂടെയും നാടകപ്രവർത്തനത്തിലൂടെയും മുന്നേറിയ ആ തീക്ഷ്ണയൗവ്വനത്തെ അണ്ണാദുരൈ മുൻനിരരാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തി. കലയിലൂടെ വളർന്ന കരുണാനിധിയെ കാലം കലൈഞ്ജർ എന്ന് വിളിച്ചു.

പെരിയോറുമായുള്ള പിണക്കത്തില്‍, ഡിഎംകെ എന്ന പുതിയ കക്ഷി, 1949 -ൽ പിറന്നപ്പോഴും പേരറൈഞ്ചരോടൊപ്പം ഉറച്ചുനിന്നു കരുണാനിധി. തമിഴ്മണ്ണിൽ ഡിഎംകെയുടേയും പാ‍ർട്ടിയിൽ കരുണാനിധിയുടേയും വളർച്ച തുല്യ വേഗത്തിലായിരുന്നു. 1960 -കളാവുമ്പോഴേക്കും പ്രതിപക്ഷനേതാവും പാർട്ടിയിലെ രണ്ടാമനുമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. 

തമിഴകത്തെ കോൺഗ്രസ്‌ ഭരണത്തിന്റെ ശവപ്പെട്ടിയിലാണിയടിച്ച് കൊണ്ടാണ് ഡിഎംകെ യുടെ തുടക്കം. തെരഞ്ഞെടുപ്പ് നേരിടാത്ത അണ്ണാദുരൈ തന്നെ 1967 -ൽ, മുതൽ അമൈച്ചറായി വന്നു. കരുണാനിധിയോ നെടുംചെഴിയാനോ എന്ന പരോക്ഷ പ്രതിസന്ധിയായിരുന്നു കാരണം. 69 -ലെ അണ്ണാവിൻ അപ്രതീക്ഷിതമരണം അധികാരത്തിൻ്റെ അമരത്തേക്ക് കരുണാനിധിയെ നയിച്ചു. പാർട്ടിക്കുള്ളിൽ, ആ വിജയക്കരുനീക്കിയത് സാക്ഷാൽ എംജിആർ. അക്കാലത്തിനുള്ളിൽ തന്നെ അദ്ദേഹം, കരുണാനിധിയുടെ തങ്കത്തമിഴിൽ പിറന്ന അനേകം തിരക്കഥകൾ തിരശ്ശീലയിലാടിത്തിമിർത്തും തമിഴിൻ്റെ കൾച്ചറൽ സ്പേസിൽ നിസ്തുലമായ നിലപാടുതറകെട്ടിപ്പടുത്തും കഴിഞ്ഞിരുന്നു.

എന്നാൽ, തമിഴ്നാടിൻ്റെ രാഷ്ട്രീയ- സാംസ്കാരിക ഭൂപടത്തിലെ അനിഷേധ്യ കൂട്ടുകെട്ടിന് വിള്ളൽ വീഴാൻ വെറും 3 വർഷമേ വേണ്ടിവന്നുള്ളൂ. എഴുത്തുകാരനും നായകനും 1972 -ൽ രണ്ടായി ഭിന്നിച്ചു. രണ്ടിലയുമായി എഐഎഡിഎംകെ എന്ന പുത്തൻ ഉദയം. ഇക്കാലയളവിൽ ദേശീയരാഷ്ട്രീയവും പ്രക്ഷുബ്ധമാവുകയായിരുന്നു. 'ഇന്ത്യയെന്നാൽ ഇന്ദിര'യെന്ന മുദ്രാവാക്യം തമിഴ്നാടിൻ്റെ ജനായത്ത ഭരണത്തേയും 1976 -ൽ തകർത്തെറിഞ്ഞു. കരുണാനിധി കസേരയിൽ നിന്നും താഴെയിറങ്ങി. പിന്നീടൊരുപതിറ്റാണ്ട് കാലം കലൈഞ്ജർക്ക് മടങ്ങി വരാനായില്ല. എംജിആറിൻ്റെ തേരോട്ടത്തിനാണ് തമിഴ് മണ്ണ് സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിൻ്റെ മരണശേഷം പത്നി ജാനകി ഭരണ സാരഥ്യമേറ്റെടുത്തെങ്കിലും കരുണാനിധിയുടെ കരുനീക്കങ്ങളിൽ തടഞ്ഞ് ഒരു വർഷത്തിനുള്ളിൽ അത് നിലം പൊത്തി. 1989 -ൽ മുത്തുവേൽ കരുണാനിധി മൂന്നാമതും മുഖ്യമന്ത്രിയായി.

എംജിആറിൻ്റെ മരണത്തോടെ, 'എനിക്കിനി മത്സരിക്കാൻ ആരുണ്ട്' എന്നായിരുന്നു കരുണാനിധി വിലപിച്ചത്. എന്നാലതിനുള്ള മറുപടിയെന്നോ തലൈവർ തൻ്റെ മൂശയിലൊരുക്കിയിരുന്നു. എംജിആറിൻ്റെ അമ്മു. തമിഴ് മക്കളിൻ അമ്മ. സിലോണിലെ തമിഴ് മുന്നേറ്റത്തോട് കരുണാനിധി പുലർത്തിയ അനുഭാവം, രാജീവ് കൊല്ലപ്പെട്ടതോടെ തിരിച്ചടിയായി. സംസ്ഥാനസർക്കാറിനെ പിരിച്ചുവിട്ട് കേന്ദ്രത്തിൻ്റെ പ്രഹരം. 1991 -ലെ ഇലക്ഷനിൽ ജയലളിത ആഞ്ഞുവീശി. തന്നെ മുടിക്ക് കുത്തിപ്പിടിച്ച് സഭയിൽ വലിച്ചിഴച്ച ഡിഎംകെ പക്ഷത്തെ ഏഴ് എംഎൽഎമാരെ മാത്രമേ അത്തവണ അവർ സഭയിലിരുത്തിയുള്ളൂ. 224 സീറ്റിൻ്റെ ചരിത്രവിജയം. ആ മണ്ണ് പിന്നീട് സാക്ഷ്യം വഹിച്ചത് പകരമില്ലാത്ത പോരാട്ടങ്ങൾക്കായിരുന്നു. അധികാരത്തിലവരിരുപേരും അഞ്ചുവർഷത്തെ ഇടവേളകളിൽ കടന്നുവന്നു. 96 -ലും 2006 -ലും സംസ്ഥാനസർക്കാരിൻ്റെ കടിഞ്ഞാൺ കലൈഞ്ജർ കയ്യിലേന്തി. അതിനിടയിലെല്ലാം പലതവണ തടവിലായി. 2001 ജൂൺ 30 നർദ്ധരാത്രിയിൽ പൊലീസ് ആ വയോധികനെ വലിച്ചിഴക്കുന്ന നാടകീയത വരെയരങ്ങേറി. മേൽപ്പാലത്തിലും 2ജി സ്പെക്ട്രത്തിലുമെല്ലാം അഴിമതിയാരോപണങ്ങൾ തൂങ്ങിയാടി.

ഇതേ കാലത്ത് തന്നെ ദേശീയ രാഷ്ട്രീയത്തിലെ നെടുംതൂണായും കലൈഞ്ജർ മാറിയിരുന്നു. 89 -ൽ വിപി സിങ്ങും 96 -ൽ എച്ച് ഡി ദേവഗൌഡയും നയിച്ച മുന്നണികളുടെ ശില്പി. ആ കരുണയിൽ തന്നെയാണ് 99 -ൽ വാജ്പേയിയും 2004 -ൽ മൻമോഹനും വീഴാതെ വാണത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ചരടുകൾ ദക്ഷിണദേശത്തിരുന്നയാൾ പലപ്പോഴും നിയന്ത്രിച്ചു.

തൻ്റെ സിദ്ധികൾകൊണ്ട് സാധ്യതകളുടെ ലോകത്തേക്ക് നടന്നുകയറിയ കരുണാനിധി 1957 -ൽ കുളിത്തലൈയിൽ നിന്ന് സഭയിലെത്തി. മരണം വരെ ജനപ്രതിനിധിയായി തുടർന്നു. സാഹിത്യവും സിനിമയും രാഷ്ട്രീയവും സമ്മിശ്രമായി യോജിച്ച ആ ജീവിതയാത്ര കാവേരിയെപ്പോലെ കലങ്ങിത്തെളിഞ്ഞും കരിഞ്ഞും കവിഞ്ഞും ഒഴുകി. ബ്രാഹ്മണാധിപത്യത്തിനെതിരെ യുക്തിഭദ്രമായൊരു മുദ്രാവാക്യവുമായിട്ടാണ് മുത്തുവേൽ കരുണാനിധി ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. വിശ്വാസവും യുക്തിയും തമ്മിലൊരു ബലാബലം സൃഷ്ടിച്ചുകൊണ്ടുതന്നെ. പെരിയോറുടെ പേച്ചും അണ്ണാവുടെ എഴുത്തും വളർത്തിയ ദ്രാവിഡരാഷ്ട്രീയത്തിലെ അവസാനകണ്ണിയാണത്. പക്ഷെ, രാഷ്ട്രീയജീവിതമാരംഭിക്കുന്ന കാലത്തുയർത്തിപ്പിടിച്ച ആ രാഷ്ട്രീയത്തിൽ നിന്നും ആശയത്തിൽ നിന്നും കരുണാനിധി ഒരുപാടകന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നോട്ടുവച്ച പ്രലോഭനങ്ങളിലേക്ക്.