Asianet News MalayalamAsianet News Malayalam

'എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം...' - സ്നേഹമെഴുതിയ ഒരു സ്ത്രീ...

"അവർ എന്തെഴുതിയാലും വായിക്കാൻ രസമാണ്, സംസാരം കവിതപോലെയാണ്. അവര്‍ക്കു മാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്..." എന്ന് മാധവിക്കുട്ടി മരിച്ചിടെ എം ടി എഴുതി.

madhavikkutty tenth death anniversary
Author
Thiruvananthapuram, First Published May 31, 2019, 11:39 AM IST

കമലാ സുരയ്യ എന്ന മാധവിക്കുട്ടി എന്ന കമലാദാസ്‌ നമ്മോടു വിടപറഞ്ഞത് മെയ് 31 -നാണ്.  ജീവിതാനുഭവങ്ങളുടെ ചീനച്ചട്ടിയിൽ കിടന്നു തിളച്ചുകൊണ്ടിരിക്കെ ഇടക്കിടെ പൊട്ടിത്തെറിച്ച് പുറത്തുചാടിക്കൊണ്ടിരുന്ന കടുകുമണികളുടെ വീറായിരുന്നു നാലപ്പാട്ടെ കമലയുടെ എഴുത്തിന്. ജീവിതം ഇടയ്ക്കിടെ നൽകിയിരുന്ന തിക്താനുഭവങ്ങളെ  അവരുടെ സർഗാത്മക ഹൃദയം  അതിജീവിച്ചത് തന്റെ എഴുത്തുകളിലൂടെയായിരുന്നു. പലപ്പോഴും എഴുത്തിൽ ജീവിതവും ഭാവനയും ഇടകലർന്നൊഴുകി. കമലയുടെ പേനയിൽ നിന്നും പ്രവാഹം തുടങ്ങിയാൽ പിന്നെ എഴുത്തിന് കഥയെന്നോ, നോവലെന്നോ, കവിതയെന്നോ, ആത്മകഥയെന്നോ ഒന്നും ഭേദമുണ്ടായിരുന്നില്ല. ഒരു തരത്തിൽ അത് വായനക്കാരന് അനുഗ്രഹമായി. അവർ നേരിട്ടനുഭവിച്ച ഓരോ ജീവിത, സ്വപ്ന, സങ്കല്പ പരിസരങ്ങളും തരിമ്പും ചോരാതെ തന്നെ വായനക്കാരനും അനുഭവവേദ്യമായി. ആത്മകഥയുടെ കാര്യത്തിൽ ചിലരതിനെ കാപട്യമെന്നും കളവെന്നുമൊക്കെ വിളിച്ചു. ഒക്കെ ആമിയുടെ തോന്നലായിരുന്നു എന്ന് ഇകഴ്ത്തി. ഒന്നും അവർ നിഷേധിക്കാൻ നിന്നില്ല. അങ്ങനെയൊരു കഥ അവനവന്റേതെന്ന് എഴുതിപ്പോയതിൽ  ഒരിക്കൽപ്പോലും  പശ്ചാത്തപിച്ചുമില്ല.

സമ്മർ ഇൻ കൽക്കട്ട എന്ന പുസ്തകത്തിലെ 'ലവ്' എന്ന കവിതയിൽ  കമല ഇങ്ങനെ എഴുതി : 

'നിന്നെ കണ്ടുമുട്ടും വരെ ഞാൻ 
ചിത്രങ്ങൾ വരച്ചു,സ്നേഹിതരോടൊപ്പം കറങ്ങിനടന്നു, 
ഇന്ന്, നിന്റെ സ്നേഹത്തിൽ,  ഒരു ചാവാലിപ്പട്ടിയെപ്പോലെ 
നിന്നിൽ സുഖം പിടിച്ചങ്ങനെ ചുരുണ്ടുകൂടിക്കിടക്കുന്നു - 
എന്റെ ജീവിതം..! '

1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലായിരുന്നു ജനനം. അമ്മാവൻ നാലപ്പാട്ട്‌ നാരായണമേനോൻ മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ. അമ്മ ബാലാമണിയമ്മയോ അറിയപ്പെടുന്ന് കവയിത്രിയും. നാലപ്പാട്ട് പേരുകേട്ട തറവാടൊക്കെ ആയിരുന്നെങ്കിലും കുടുംബത്ത് ആവശ്യത്തിന് ദാരിദ്ര്യവും കടങ്ങളും ഒക്കെയുണ്ടായിരുന്നു. ബാലാമണിയമ്മയെ പുടവകൊടുക്കാൻ കുടുംബത്ത് വന്നുകേറിയ വി എം നായർ, കടങ്ങളൊക്കെ വീട്ടി, അവരെയും കൊണ്ട് കൽക്കട്ടയ്ക്ക് പോവുന്നു. അവിടെ വാൾഫോർഡ് ട്രാൻസ്‌പോർട്ട് കമ്പനിയിലെ  കമ്പനിയിലെ ജനറൽ മാനേജരായിരുന്നു അദ്ദേഹം. ഭർത്താവിൽ നിന്നും ധനസഹായം പറ്റേണ്ടി വന്ന അവസ്ഥയിൽ മാധവിക്കുട്ടിയുടെ അമ്മ ബാലാമണി സ്വയം ഏറ്റെടുത്ത 'കുചേലയോഗ'മെന്ന ലളിത ജീവനരീതിയെപ്പറ്റി എംപി നാരായണ പിള്ള പണ്ട് എഴുത്തുകയുണ്ടായിട്ടുണ്ട്. "വിലകുറഞ്ഞ വെളുത്ത ഖാദിത്തുണി ധരിച്ചും, ആഭരണങ്ങളിൽ ഒന്നും തന്നെ പ്രിയം കാട്ടാതെയും ഒക്കെ ഒരാവശ്യവുമില്ലാതെ ജീവിച്ച ഒരു അമ്മയുടെയും തികഞ്ഞ സ്നേഹത്തോടെയും  ബഹുമാനത്തോടെയും  മാത്രം അവരോട് ഇടപെട്ടുകൊണ്ടിരുന്ന ഒരു അച്ഛനെയും കണ്ടു കൊണ്ടാണ് കമല എന്ന പെൺകുട്ടി വളരുന്നത്. 

പുന്നയൂർക്കുളത്തിനും കൽക്കട്ടയ്ക്കും ഇടയിൽ പിന്നിട്ട ബാല്യകൗമാരങ്ങളുടെ സന്ധ്യക്കാണ് പഠിക്കാൻ മോശമായിരുന്നു എന്ന പേരിൽ, തന്റെ ഇരട്ടി പ്രായമുള്ള, ബന്ധു കൂടിയായ മാധവദാസുമായി അവരുടെ വിവാഹം നടക്കുന്നത്.  ഐ എം എഫിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവുമായുള്ള മാധവിക്കുട്ടിയുടെ ദാമ്പത്യം സുഖദുഃഖസമ്മിശ്രമായിരുന്നു. 'എന്റെ കഥ'യിൽ പ്രതിപാദ്യമായ അതിലെ അസ്വാരസ്യങ്ങളുടെയും അക്കാലത്തെ അവരുടെ പ്രണയസഞ്ചാരങ്ങളുടെയും മറ്റും വിശദാശംങ്ങൾ ശരാശരി മലയാളിയുടെ സദാചാര മനസ്സിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. 

"അവർ എന്തെഴുതിയാലും വായിക്കാൻ രസമാണ്, സംസാരം കവിതപോലെയാണ്. അവര്‍ക്കു മാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്..." എന്ന് മാധവിക്കുട്ടി മരിച്ചിടെ എം ടി എഴുതി. അതുതന്നെയാണ് മാധവിക്കുട്ടിയുടെ എഴുത്തുകളെപ്പറ്റി പറയാവുന്നതിൽ വെച്ച് ഏറ്റവും ആത്മാർത്ഥമായ ഒരു അഭിപ്രായം. അനുഭവങ്ങൾ, അതെത്ര ചെറുതുമാവട്ടെ, അവയുടെ ഭാവ പരിസരങ്ങളിലേക്ക് നമ്മളെ ചേർത്തുനിർത്താനുള്ള അപാരമായ ഒരു കഴിവുണ്ട് മാധവിക്കുട്ടിയുടെ എഴുത്തിന്. 

മാധവിക്കുട്ടിയുടെ ആഗ്രഹങ്ങളും, ചിന്തകളും, സംസാരവും ഒക്കെ  വളരെ ആത്മാർത്ഥമായിരുന്നു. ആരെയും കണ്ണടച്ച് വിശ്വസിക്കുമായിരുന്നു അവർ സ്നേഹത്തിന്റെ പേരിൽ. അത്തരത്തിൽ സ്നേഹത്തിന്റെ വിളിപ്പുറത്ത് നടത്തിയ പല പ്രയാണങ്ങളും അവരെ സങ്കടങ്ങളിൽ കൊണ്ട് ചാടിച്ചു. 

തന്റെ ജീവിതത്തിന്റെ സായാഹ്നകാലത്ത് മാധവിക്കുട്ടി എന്ന കമല, കമലാ സുരയ്യയായി. തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവർക്കുചുറ്റിനും പലരും പ്രതിബന്ധങ്ങൾ തീർത്തു. അവരെ പലരും മുതലെടുക്കാൻ തുനിഞ്ഞു. ഒടുവിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് അവർ ഏകാന്തമായ ജീവിതത്തിലേക്ക് ചുരുങ്ങി, ഒതുങ്ങി.. പുണെയിലെ തന്റെ ഫ്ലാറ്റിൽ വെച്ച് പത്തുവർഷങ്ങൾക്കു മുമ്പ് ജീവിച്ചു മതിയായിട്ടില്ലാത്ത, സ്നേഹം കിട്ടി കൊതി തീർന്നിട്ടില്ലാത്ത അവർ നമ്മളെയൊക്കെ വിട്ടുപോയി. 

സ്നേഹം, അതൊന്നു മാത്രമായിരുന്നു കമലയെ എന്നും തോൽപ്പിച്ചുകൊണ്ടിരുന്നത്. അതൊന്നു കിട്ടുമെന്നുള്ള പ്രതീക്ഷപ്പുറത്ത് മാത്രമാണ് നമ്മളിൽ പലർക്കും അവിശ്വസനീമെന്നു തോന്നുന്ന പലതും അവർ പ്രവർത്തിച്ചത്. സ്നേഹത്തെപ്പറ്റി എന്നുമെന്നും മാധവിക്കുട്ടി പറഞ്ഞത് ഒന്നുമാത്രമായിരുന്നു. 

"എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് 
പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.ശവകുടീരത്തിൽ വന്ന്
പൂവിട്ടാൽ ഞാനറിയുമോ...? " 

Follow Us:
Download App:
  • android
  • ios