മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിൽ വെച്ച് പ്രണയത്തിലായ വനിതാ ജയിൽ ഉദ്യോഗസ്ഥയും കൊലക്കേസ് പ്രതിയും വിവാഹിതരായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധർമ്മേന്ദ്ര സിംഗ് നല്ല നടപ്പിന് ജയിൽ മോചിതനായ ശേഷമാണ് അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ടായിരുന്ന ഫിറോസ ഖാത്തൂണിനെ വിവാഹം ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ധ്യപ്രദേശിൽ നിന്നുള്ള ഒരു വനിതാ ജയിൽ ഉദ്യോഗസ്ഥയും ജയിലിൽ വെച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതിയും വിവാഹിതരായി. ജയിലിൽ വച്ച് തുടങ്ങിയ പ്രണയം, പ്രതി ജയിൽ മോചിതനായതിന് പിന്നാലെ വിവാഹത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിലെ പ്രണയമാണ് ഒടുവിൽ വിവാഹത്തോളമെത്തിയത്. മെയ് 5 ന് ഛത്തർപൂർ ജില്ലയിലാണ് മിശ്രവിവാഹം നടന്നത്. ജയിൽ ഉദ്യോഗസ്ഥയും കൊലക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിച്ചയാളും തമ്മിലുള്ള വിവാഹം വലിയ മാധ്യമ ശ്രദ്ധയും നേടി.

മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർപേഴ്‌സണന്‍റെ കൊലപാതകം

വിവാഹത്തിന് ജയിൽ ഉദ്യോഗസ്ഥയുടെ ബന്ധുക്കളാരും പങ്കെടുത്തില്ല. എന്നാൽ, ഹിന്ദു സംഘടനകളിലെ അംഗങ്ങൾ വിവാഹത്തിന് എത്തിയിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ചാന്ദ്‌ല സ്വദേശിയായ ധർമ്മേന്ദ്ര സിംഗിന് 2007 -ലാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ചാന്ദ്‌ല മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർപേഴ്‌സണായിരുന്ന കൃഷ്ണ ദത്ത് ദീക്ഷിതിന്‍റെ കൊലപാതക കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു തടവ് ശിക്ഷ. പിന്നീടുള്ള 14 വർഷക്കാലവും ധർമ്മേന്ദ്ര സിംഗ് സത്‌ന സെൻട്രൽ ജയിലിലായിരുന്നു.

Scroll to load tweet…

അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ടായി ഫിറോസ ഖാത്തൂൺ

ഏതാണ്ട് ഇതേ കാലത്താണ് ഫിറോസ ഖാത്തൂൺ അതേ ജയിലിൽ അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ടായി ജോലിക്കെത്തിയത്. ജയിലിനുള്ളിലെ വാറണ്ടുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമായിരുന്നു ഫിറോസ ഖാത്തൂണിന് ലഭിച്ചത്. ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് ധർമ്മേന്ദ്ര സിംഗ്, ജയിൽ അധികൃതരെ വാറണ്ട് ജോലികളിൽ സഹായിച്ചിരുന്നു. ഇത് ഫിറോസ ഖാത്തൂണുമായുള്ള അടുപ്പത്തിന് ധർമ്മേന്ദ്രയെ സഹായിച്ചു. ജോലിയുടെ ഭാഗമായുള്ള ഇരുവരുടെയും അടുപ്പം ക്രമേണ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളർന്നു.

Scroll to load tweet…

പ്രണയം വിവാഹത്തിലേക്ക്

14 വർഷത്തോളം ജയിലിൽ കഴിഞ്ഞ ധർമ്മേന്ദ്ര സിംഗ് നാല് വർഷം മുമ്പ് നല്ല പെരുമാറ്റത്തിന് മോചിതനായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ധർമ്മേന്ദ്ര സിംഗ് ജയിൽ മോചിതനായതിന് പിന്നാലെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഛത്തർപൂർ ജില്ലയിലെ ലവ്കുശ് നഗർ പട്ടണത്തിൽ ഹിന്ദു ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തിന് അമിത പൊതുജന ശ്രദ്ധ ലഭിക്കാതിരിക്കാൻ വിവാഹ ക്ഷണക്കത്തുകളിൽ ധർമ്മേന്ദ്ര തന്‍റെ പേര് ഒഴിവാക്കിയിരുന്നു. മുസ്ലീം മതവിശ്വാസികളായിരുന്ന ഫിറോസ ഖാത്തൂണിന്‍റെ കുടുംബം വിവാഹത്തിൽ നിന്നും വിട്ടുനിന്നു. അതേസമയം വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്‍റ് രാജ് ബഹാദൂർ മിശ്രയും ഭാര്യയും വിവാഹ സമയത്ത് 'കന്യാദാന' ചടങ്ങ് നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ബജ്‌റംഗ്ദൾ പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു.