മെക്സിക്കോൻ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ സാൽവഡോർ അൽവാരെംഗ എന്ന മത്സ്യത്തൊഴിലാളി കൊടുങ്കാറ്റിൽപ്പെട്ട് നടുക്കടലിൽ ഒറ്റപ്പെട്ടു. സഹായി മരണപ്പെട്ടതിന് ശേഷം, 438 ദിവസം പസഫിക് സമുദ്രത്തിലൂടെ 10,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് അദ്ദേഹം മാർഷൽ ദ്വീപുകളിൽ കരക്കടിഞ്ഞു. ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അതിജീവനത്തിന്‍റെ കഥയാണിത്.

തിവായി മീൻ പിടിക്കാൻ പോകുന്ന കടൽ. അന്നും മാറ്റമൊന്നുമുണ്ടായില്ല. അത്യാവശ്യം വേണ്ട വെള്ളവും ഭക്ഷണവും അടക്കമുള്ള സാധനങ്ങളും കൊണ്ടാണ് പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളി സാൽവഡോർ അൽവാരെംഗ വീട്ടിൽ നിന്നും ഇറങ്ങിയത്. പക്ഷേ അദ്ദേഹം പിന്നീട് ഒരു കണ്ടെത്തുമ്പോഴേക്കും ഒരു വർഷവും രണ്ട് മാസവും കടന്ന് പോയിരുന്നു. അതിനിടെ പസഫിക് സമുദ്രത്തിന്‍റെ പകുതിയും അദ്ദേഹം കടന്നിരുന്നു. ഒടുവിൽ 10,000 കിലോമീറ്ററിലധികം അകലെയുള്ള മാർഷൽ ദ്വീപുകളിലെ എബോൺ അറ്റോളിൽ അദ്ദേഹം കരയ്ക്കിറങ്ങി. അദ്ദേഹത്തിന്‍റെ അതിജീവന കഥ ലോകമെമ്പാടുമുള്ളവരെ അത്ഭുതപ്പെടുത്തി.

സഹായിയോടൊപ്പം ഒരു മത്സബന്ധന യാത്ര

2012 നവംബറിലാണ്, സാൽവഡോർ അൽവാരെംഗ മെക്സിക്കോ തീരത്ത് നിന്ന് ഒരു പതിവ് മത്സ്യബന്ധന യാത്ര ആരംഭിക്കുന്നത്. എൽ സാൽവഡോറിൽ നിന്നുള്ള ആ പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയോടൊപ്പം 22 വയസ്സുള്ള എസെക്വിയൽ കോർഡോബ എന്ന യുവസഹായിയുമുണ്ടായിരുന്നു. ചിയാപാസ് തീരം വിട്ട് അധികം താമസിയാതെ, അവരുടെ ചെറിയ ഫൈബർഗ്ലാസ് ബോട്ട് ഒരു ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടു. കൊടുങ്കാറ്റിൽ അകപ്പെട്ട ബോട്ടിന്‍റെ മോട്ടോറും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു. ഇതോടെ ദിക്കറിയാതെ ഇരുവരും നടുക്കടലിൽ അകപ്പെട്ടു. ഇതിനകം അവർ കരയിൽ നിന്നും വളരെ ദൂരെയെത്തിയിരുന്നു. യന്ത്രങ്ങളെല്ലാം തകർന്നതിനാൽ കാറ്റിന്‍റെ ഗതിക്കനുസരിച്ച് മുന്നോട്ട് നീങ്ങുക മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി.

Scroll to load tweet…

സഹായിയുടെ മരണം

ആദ്യ ദിവസങ്ങളിൽ തന്നെ കൊണ്ടുവന്ന ഭക്ഷണവും വെള്ളവും തീർന്നിരുന്നു. ആദ്യമൊക്കെ കൈകൊണ്ട് മീൻ പിടിച്ചും പച്ച ആമകൾ, ജെല്ലിഫിഷ്, കടൽപ്പക്ഷികൾ എന്നിവ കഴിച്ചും അവരിരുവരും ദിവസങ്ങളെ അതിജീവിച്ചു. മഴവെള്ളം മാത്രമായിരുന്നു അവരുടെ പ്രധാന കുടിവെള്ള സ്രോതസ്. എന്നാൽ, എല്ലായിപ്പോഴും മഴ ലഭിച്ചിരുന്നില്ല. അത്തരം ദിവസങ്ങളിൽ ജീവൻ നിലനിർത്താൻ അവർ ആമയുടെ രക്തമോ സ്വന്തം മൂത്രമോ പോലും കുടിച്ചിരുന്നതായി പിന്നീട് രക്ഷപ്പെട്ടപ്പോൾ സാൽവഡോർ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾ ആഴ്ചകൾക്ക് വഴി മാറി. ഇതിനിടെ മൃഗങ്ങളെ പച്ചയ്ക്ക് കഴിക്കാൻ വിസമ്മതിച്ച എസെക്വിയൽ കോർഡോബയുടെ ആരോഗ്യം നാൾക്കുനാൾ മോശമായി. ഒടുവിൽ അവൻ മരണത്തിന് കീഴടങ്ങിയെന്ന് സാൽവഡോർ പറഞ്ഞു.

Scroll to load tweet…

438 ദിവസങ്ങൾക്ക് ശേഷം കര

ഭക്ഷണവും വെള്ളവുമില്ലാതെ ദിക്കറിയാതെ നീങ്ങിയ ബോട്ടിലിരുന്ന് തന്‍റെ മാനസികനില തെറ്റാതിരിക്കാൻ സാൽവഡോറിന് കഠിനമായ ശ്രമങ്ങൾ വേണ്ടിയിരുന്നു. അദ്ദേഹം തന്നോട് തന്നെ സംസാരിച്ചു തുടങ്ങി. കുടുംബ ഓർമ്മകൾ അയവിറത്തു. ഒരിക്കൽ പോലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അദ്ദേഹം കര കണ്ടെത്തി. എന്നാൽ അതിനകം യാത്ര തുടങ്ങി 438 ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഒടുവിൽ 2014 ജനുവരിയിൽ, സാൽവഡോർ അൽവാരെംഗയുടെ ബോട്ട് യാത്ര ആരംഭിച്ച സ്ഥലത്ത് നിന്ന് 10,000 കിലോമീറ്ററിലധികം അകലെയുള്ള മാർഷൽ ദ്വീപുകളിലെ എബോൺ അറ്റോളിൽ കരയ്ക്കടിഞ്ഞു. ഈ സമയം തീരത്തുണ്ടായിരുന്നവർ സൂര്യതാപമേറ്റ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്ഷീണിതനായി മരണത്തോട് മല്ലിട്ട ഒരാളെയാണ് ബോട്ടിൽ കണ്ടെത്തിയത്. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സാൽവഡോർ. ആ ശരീരത്തിൽ ആകെ അവശേഷിച്ചിരുന്നത് ശ്വാസം മാത്രമായിരുന്നു.

പുസ്തകങ്ങളും ഡോക്യുമെന്‍ററികളും

സാൽവഡോർ പറഞ്ഞ കഥ പക്ഷേ, നാട്ടുകാർക്ക് വിശ്വസനീയമായി തോന്നിയില്ല. ഓസ്ട്രേലിയയ്ക്ക് അടുത്തുള്ള മാർഷൽ ദ്വീപുകളിലേക്ക് മെക്സിക്കോയിൽ നിന്നും ഒരു ബോട്ടിൽ ഒരാൾ വന്നെത്തുകയെന്നത് സ്വപ്നത്തിൽ പോലും കരുതാൻ പറ്റാത്ത കാര്യം. അതും വെള്ളവും ഭക്ഷണവും ഇല്ലാതെ 438 ദിവസം. എന്നാൽ, സാൽവഡോറിന്‍റെ കഥ വാർത്തയായി. പിന്നാലെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ പസഫിക് ഡ്രിഫ്റ്റ് പാറ്റേണുകളും സാൽവഡോറിന്‍റെ ശാരീരികാവസ്ഥയും കഥയുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നുവെന്ന് വിദഗ്ദർ പറഞ്ഞു. ഒടുവിൽ തന്‍റെ സഹായി ഇല്ലാതെ സാൽവഡോർ മെക്സിക്കോയിൽ തിരിച്ചെത്തി. രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ അതിജീവന കഥകളിലൊന്നായി സാൽവഡോർ അൽവാരെംഗയുടെ ജീവിതം. ആ 438 ദിവസങ്ങളെ കുറിച്ച് പിന്നീട് പുസ്തകങ്ങളും ഡോക്യുമെന്‍റികളും നിർമ്മിക്കപ്പെട്ടു.