കഴിഞ്ഞ വർഷം വാർത്തകളില്ലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് മഗാവ. ഒരു 'ലാൻഡ്‍മൈൻ ഡിറ്റെൻഷൻ റാറ്റ്' ആണ് മഗാവ. അതായത് ഭൂമിക്കടിയിൽ പൊട്ടാതെ കിടക്കുന്ന മൈനുകൾ തിരിച്ചറിയുന്ന എലി. കംബോഡിയയിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന മഗാവയ്ക്ക് കഴിഞ്ഞ വർഷമാണ് ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ ലഭിച്ചത്. ചാരിറ്റിയുടെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാർഡ് നൽകുന്നത്. 

കംബോഡിയ സൈന്യത്തിലെ താരമായിരുന്ന ഈ എലിവീരൻ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയ കുഴിബോംബുകളും ഷെല്ലുകളും അനവധിയാണ്. സാധാരണയായി, മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന കുഴിബോംബുകൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. മനുഷ്യർക്ക് ചിലപ്പോൾ അതിനായി ദിവസങ്ങൾ ചെലവിടേണ്ടി വരും. എന്നാൽ, മണം പിടിക്കാനുള്ള കഴിവുകാരണം മനുഷ്യരേക്കാൾ എളുപ്പത്തിൽ എലികൾക്ക് അതിന് സാധിക്കുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിൽ, ഏകദേശം 71 -ലധികം കുഴിബോംബുകളും 38 സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ മഗാവ ഒരു ഹീറോ തന്നെയാണ്.  

അഞ്ചു വർഷം സൈന്യത്തോട് ചേർന്ന് പ്രവർത്തിച്ച മഗാവ, എന്നാൽ ഇപ്പോൾ വിരമിക്കുകയാണ്. ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം മൂലം ഇപ്പോൾ വേഗത കുറഞ്ഞുവെന്ന് അധികൃതർ പറയുന്നു. ഈ ജീവിയുടെ പ്രായത്തെയും ബുദ്ധിമുട്ടുകളെയും, ചെയ്ത സേവനത്തെയും പരിഗണിച്ച് സേവനത്തിൽ നിന്ന് മോചിപ്പിക്കുന്നുവെന്ന് മഗാവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മലൻ പറഞ്ഞു. 

“ഇപ്പോഴും ആരോഗ്യവാനാണെങ്കിലും, അവൻ വിരമിക്കൽ പ്രായത്തിലെത്തിയിരിക്കുന്നു” അദ്ദേഹം പറഞ്ഞു. ഇനി മഗാവയ്ക്ക് വിശ്രമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെൽജിയത്തിൽ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയായ  APOPO ആയിരുന്നു മഗാവയെ പരിശീലിപ്പിച്ചിരുന്നത്. ടാൻസാനിയയിൽ പ്രവർത്തിക്കുന്ന ഈ സംഘടന 1990 -കൾ മുതൽ കുഴിബോംബുകൾ കണ്ടെത്താൻ എലികളെ പരിശീലിപ്പിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം, മണ്ണിലെ നേരിയ ഒരനക്കം പോലും പിടിച്ചെടുക്കാൻ അവയ്ക്ക് കഴിയുന്നു. പരിശീലനത്തിന് ശേഷമുള്ള ടെസ്റ്റുകളിലെല്ലാം വിജയിച്ചാണ് എലികൾ ജോലിയിൽ പ്രവേശിക്കുന്നത്.  

മ​ഗാവയെ കുറിച്ച് കൂടുതലറിയാം

ജന്മനാടായ ടാൻസാനിയയിലായിരുന്നു മഗാവയുടെ പരിശീലനം ആരംഭിച്ചത്. തുടർന്ന്, 2016 -ൽ അവനെ കംബോഡിയയുടെ വടക്കുപടിഞ്ഞാറൻ നഗരമായ സീം റീപ്പിലേക്ക് കൊണ്ടുപോയി. 1970 മുതൽ ആറ് മില്ല്യൺ ലാൻഡ്‍മൈനുകൾ കംബോഡിയയിൽ മാത്രം പൊട്ടാതെ കിടപ്പുണ്ടായിരുന്നു. അതിൽ മൂന്നു മില്ല്യണെങ്കിലും ഇനിയും കണ്ടെത്താനുണ്ട്. അറുപതിനായിരത്തിന് മുകളിൽ ആളുകൾക്കാണ് ഈ ലാൻഡ്‍മൈനുകളിൽ നിന്നും പരിക്കേറ്റിരിക്കുന്നത്. അത് കണ്ടെത്തി നിർവീര്യമാക്കുന്ന ജോലി സജീവമായി നടക്കുന്നുണ്ട്. 

അവിടെയാണ് മഗാവ ജീവിച്ചതും ജോലി ചെയ്തതും. അതിൽ വളരെ വിജയകരമായി പ്രവർത്തിക്കുന്ന അംഗം കൂടിയായിരുന്നു മഗാവ. 2014 -ൽ ജനിച്ച മഗാവയ്ക്ക് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പമുള്ള ഒരു പ്രദേശം വെറും 30 മിനിറ്റിനുള്ളിൽ പരിശോധിക്കാൻ കഴിയും. അതേസമയം ഇത്രയും സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മനുഷ്യർക്ക് പരിശോധിക്കണമെങ്കിൽ നാല് ദിവസമെടുക്കും. അവൻ മണ്ണ് മാന്തിയാണ് കുഴിബോംബുകളുണ്ടെന്ന് സിഗ്നൽ നൽകുന്നത്.

മണ്ണിനടിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിന് ധാരാളം എലികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും, ആഫ്രിക്കൻ ഭീമൻ കങ്കാരു എലികൾ ഇതിന് കൂടുതൽ അനുയോജ്യമാണെന്ന് സംഘടന പറയുന്നു. ഭാരം കുറവായതിനാൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ ആളുകളേക്കാൾ വേഗത്തിൽ അതിന് നീങ്ങാൻ സാധിക്കുന്നു. കൂടാതെ കുഴിബോംബുകൾക്ക് മുകളിൽ നിന്നാലും പൊട്ടിത്തെറിക്കില്ല. എട്ട് വർഷം വരെയാണ് ഈ ഇനം എലികൾ ജീവിക്കുന്നത്. മഗാവ ഒരു അസാധാരണ എലിയായിരുന്നു. അവനെ പോലെ പ്രവർത്തിക്കാൻ മറ്റ് എലികൾക്ക് സാധിക്കുമോ എന്നത് സംശയമാണെന്ന് നേരത്തെ ചാരിറ്റി പറഞ്ഞിരുന്നു.  

മനുഷ്യരുടെ നല്ല ഭാവിക്കായി ഒരു കുഞ്ഞുജീവിക്ക് പോലും ചിലപ്പോൾ വലിയ കാര്യങ്ങൾ ചെയ്യാനാവും എന്ന് തെളിയിക്കുക കൂടിയായിരുന്നു മഗാവ. മാത്രവുമല്ല, സഹപ്രവർത്തകരെ അപേക്ഷിച്ച് ഏറ്റവും വിജയകരമായി ജോലി ചെയ്യുന്ന അംഗം കൂടിയായിരുന്നു മഗാവ. അതിനുള്ള അംഗീകാരം കൂടിയിരുന്നു അവന് കിട്ടിയ ഗോൾഡ് മെഡൽ. പ്രദേശത്തെ ജനങ്ങള്‍ക്കായി ഇങ്ങനെ 141,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് മഗാവ സുരക്ഷിതമാക്കി നല്‍കിയത്. ഓരോ തവണ കുഴിബോംബുകൾ കണ്ടെത്തി മഗാവ വിവരം നൽകുമ്പോഴും എത്രയോ മനുഷ്യരാണ് മരണത്തിൽ നിന്നും രക്ഷപ്പെടുന്നത്. 

കംബോഡിയ ലോകത്തിലെ തന്നെ കുഴിബോംബുകൾ കാരണം അപകടം പറ്റിയ ജനങ്ങൾ ഏറിയ പങ്കും താമസിക്കുന്ന ഇടങ്ങളിലൊന്നാണ്. ഏതായാലും വിരമിക്കുന്നതുവരെ മഗാവ തൻറെ ജോലി ആത്മാർത്ഥമായും ധീരമായും ചെയ്തു. വിരമിച്ച അവനിനി വിശ്രമജീവിതം നയിക്കാം.