Asianet News MalayalamAsianet News Malayalam

Magawa dies : ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ നേടിയ 'ഹീറോ', കുഴിബോംബ് കണ്ടെത്തുന്ന എലി, മ​ഗാവ ഇനിയില്ല

"അവന്റെ കഠിനാധ്വാനം മൂലമാണ് ഇന്ന് കംബോഡിയക്കാർ സമാധാനമായി ജീവിക്കുന്നതും, ജോലി ചെയ്യുന്നതും. ഇല്ലെങ്കിൽ പലരും ഇന്ന് മരണത്തിന്റെ പിടിയിൽ അകപ്പെട്ടേനെ, ചുരുങ്ങിയ പക്ഷം കൈയോ കാലോ നഷ്ടപ്പെട്ട് നരകിക്കേണ്ടി വന്നെന്നെ" ചാരിറ്റി പറഞ്ഞു. 

Magawa landmine sniffing rat dies
Author
Cambodia, First Published Jan 12, 2022, 1:28 PM IST

തെക്കനേഷ്യൻ രാജ്യമായ കംബോഡിയ(Cambodia)യിൽ മണ്ണിനടിയിൽ കിടക്കുന്ന കുഴിബോംബുകൾ വിജയകരമായി കണ്ടെത്തിയിരുന്ന മഗാവ(Magawa) എന്ന എലിയെ ഓർമയില്ലേ? അനേകായിരം കംബോഡിയക്കാരുടെ ജീവൻ സംരക്ഷിച്ച മഗാവ കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. എന്നാൽ, ധീരതയ്ക്കുള്ള സ്വർണമെഡൽ നേടിയ കംബോഡിയക്കാരുടെ ആ 'ഹീറോ' ഇപ്പോൾ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അവന് എട്ട് വയസ്സായിരുന്നു.    

കംബോഡിയ സൈന്യത്തിലെ അംഗമായിരുന്ന അവനെ താൻസാനിയയിലുള്ള അപോപോ ചാരിറ്റി എന്ന ഏജൻസിയാണ് പരിശീലിപ്പിച്ചത്. മഗാവ, തന്റെ അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ  71 കുഴിബോംബുകളും, 28 യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 ഏക്കറിലധികം വരുന്ന പ്രദേശമാണ് ഇവൻ കുഴിബോംബുകളിൽ നിന്ന് വിമുക്തമാക്കിയത്. അവൻ ആഫ്രിക്കൻ ഭീമൻ കംഗാരു എലിയുടെ ഇനത്തിലുൾപ്പെടുന്നു. സമാധാനപരമായ ഒരു മരണമായിരുന്നു അവന്റേതെന്ന് അപോപോ അറിയിച്ചു.

കഴിഞ്ഞ ആഴ്‌ചയിൽ കൂടുതൽ സമയവും അവൻ ഉത്സാഹവാനായിരുന്നുവെന്നും, എന്നാൽ വാരാന്ത്യത്തോടെ അവന്റെ ഉന്മേഷം കുറയാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. അവസാന നാളുകളിൽ അവൻ ഭക്ഷണത്തോട് താൽപ്പര്യം കാണിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മഗാവയുടെ മരണം തീർത്താൽ തീരാത്ത നഷ്ടമാണെന്നും, അവൻ ചെയ്ത അവിശ്വസനീയമായ പ്രവർത്തനത്തിന് എന്നും ഞങ്ങൾ നന്ദിയുള്ളവരായിരിക്കുമെന്നും ചാരിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.  

Magawa landmine sniffing rat dies

"അവന്റെ കഠിനാധ്വാനം മൂലമാണ് ഇന്ന് കംബോഡിയക്കാർ സമാധാനമായി ജീവിക്കുന്നതും, ജോലി ചെയ്യുന്നതും. ഇല്ലെങ്കിൽ പലരും ഇന്ന് മരണത്തിന്റെ പിടിയിൽ അകപ്പെട്ടേനെ, ചുരുങ്ങിയ പക്ഷം കൈയോ കാലോ നഷ്ടപ്പെട്ട് നരകിക്കേണ്ടി വന്നെന്നെ" ചാരിറ്റി പറഞ്ഞു. വാർദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‍നങ്ങൾ മൂലം കഴിഞ്ഞ ജൂണിലാണ് മഗാവ വിരമിക്കുന്നത്. ജീവൻ പണയപ്പെടുത്തി നടത്തിയ സേവനങ്ങൾക്ക് 2020 സെപ്റ്റംബറിൽ അവന് ധീരതയ്ക്കുള്ള സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു. അപോപോയുടെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാർഡ് നൽകുന്നത്. 'മഗാവയുടെ പ്രകടനം ആർക്കും അനുകരിക്കാൻ സാധിക്കില്ല. അവനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു' കഴിഞ്ഞ ജൂണിൽ അവന്റെ പരിശീലകനായ മാലെൻ ബിബിസിയോട് പറഞ്ഞതാണ് ഇത്. കാര്യം അവൻ കാഴ്ചയിൽ ചെറുതായിരുന്നെങ്കിലും, തന്റെ പ്രവർത്തനത്തിലൂടെ അവൻ അനേകായിരം ആളുകളുടെ ജീവൻ രക്ഷിച്ചു.  

Magawa landmine sniffing rat dies

2014 -ൽ മുളങ്കാടുകൾക്ക് നടുവിൽ ജനിച്ച മഗാവയ്ക്ക് നാലാഴ്ച മാത്രം പ്രായമുള്ളപ്പോൾ തന്നെ തീവ്രപരിശീലനം ആരംഭിക്കേണ്ടി വന്നു. ചാരിറ്റിയിലെ ജീവനക്കാർ എലിയെ ചെറിയ ശബ്ദങ്ങളോട് പോലും പ്രതികരിക്കാനും, ഗന്ധങ്ങൾ തിരിച്ചറിയാനും പരിശീലിപ്പിച്ചു. ജോലി ലഭിക്കാനായി, പരിശീലനത്തിനൊടുവിൽ ഒരു ടെസ്റ്റ് അവന് വിജയിക്കേണ്ടിവന്നു. ഇതിനായി 400 മീ പ്രദേശത്ത് നിരവധി കുഴിബോംബുകൾ ഒളിപ്പിച്ചു. അവൻ അതെല്ലാം വിജയകരമായി കണ്ടെത്തുകയും, ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ദിവസവും വെളുപ്പിനെ എഴുന്നേറ്റ്, അവൻ തന്റെ ജോലി ആരംഭിക്കുമായിരുന്നു. പരിശീലനം ലഭിച്ച അവന് മെറ്റൽ ഡിറ്റക്ടറുകളേക്കാൾ വളരെ വേഗതത്തിൽ മറഞ്ഞിരിക്കുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ കഴിയുമായിരുന്നു.   


 

Follow Us:
Download App:
  • android
  • ios