മുപ്പത്തൊമ്പതുകാരിയായ ഡാനിയേല ഒരു പക്ഷിസ്‍നേഹിയാണ്. ഗീലോങുകാരി ഡാനിയേലയ്‍ക്ക് എല്ലാത്തരം പക്ഷികളോടും സ്നേഹമാണെങ്കിലും മാഗ്‍പൈകളോടൊരു പ്രത്യേകം ഇഷ്‍ടമുണ്ട്. അതുകൊണ്ടുതന്നെ ഡാനിയേലയ്ക്ക് സുഹൃത്തുക്കളായി ഒരുപാട് മാഗ്പൈകളുമുണ്ട്. വന്യജീവി പരിപാലകയായ ഡാനിയേല പക്ഷികളെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍  Magpie Whisperer എന്നൊരു കമ്മ്യൂണിറ്റി തന്നെ തുടങ്ങിയിട്ടുണ്ട്. അത് അവള്‍ സമര്‍പ്പിച്ചിരിക്കുന്നതുതന്നെ പക്ഷികള്‍ക്ക് വേണ്ടിയാണ്. 

വസന്തകാലങ്ങളില്‍ പറക്കാനാവാത്ത ഒരുപാട് പക്ഷിക്കുഞ്ഞുങ്ങളെ കിട്ടാറുണ്ടെന്ന് ഡാനിയേല പറയുന്നു. ഒന്നുകില്‍ അവ ഉപേക്ഷിക്കപ്പെട്ടവയായിരിക്കും, അല്ലെങ്കില്‍ കൂട്ടില്‍നിന്നും താഴെവീണ് പരിക്കേറ്റവ. അവയ്ക്ക് തിരികെ കാട്ടിലേക്ക് തന്നെ പറന്നുപോവാനാവുന്നതുവരെ വളര്‍ത്തമ്മയെപ്പോലെ ഡാനിയേല അവയെ പരിചരിക്കും. അവയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമ്പോള്‍ വല്ലാത്ത വിഷമം തോന്നുമെങ്കിലും അതാണ് അവയ്ക്ക് പറ്റിയ ശരിയായ ഇടം എന്ന് ഡാനിയേലയ്ക്ക് അറിയാം. 'എന്‍റെ ഹൃദയമാകെക്കൊണ്ട് ഞാനെന്‍റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു' എന്നാണ് തന്‍റെ മാഗ്പൈ കുഞ്ഞുങ്ങളെ കുറിച്ച് ഡാനിയേല പറയുന്നത്. നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ഈ മാഗ്പൈ കുഞ്ഞുങ്ങളെ പരിചരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ഡാനിയേല പറയുന്നുണ്ട്. നാല് മുതല്‍ ആറ് ആഴ്‍ചകള്‍ വരെയാണ് അവയ്ക്ക് നമ്മുടെ പരിചരണം ആവശ്യമെന്നും. 

2011 മുതലാണ് ഡാനിയേല മാഗ്പൈകളുമായി കൂട്ടുകൂടിത്തുടങ്ങുന്നത്. വീടിന്‍റെ പുറത്തിരിക്കവെ അഭയം തേടിയെന്നോണം അവളുടെ കയ്യിലും കാലിലുമെല്ലാം വന്നിരിക്കുകയായിരുന്നു ആ മാഗ്പൈ. അതില്‍നിന്നും തുടങ്ങിയാണ് അവളുടെ മാഗ്പൈ സ്നേഹം. പിന്നെ, ഒന്നില്‍ നിന്നും ഒരുപാടായി അവളെക്കാണാനെത്തുന്ന മാഗ്പൈകളുടെ എണ്ണം കൂടി. ഒരുസമയം അത് ഇരുപതെണ്ണം വരെയായി. അവ എന്നും അവളെ കാണാനായി അവളുടെ തോട്ടത്തിലെത്തിച്ചേരും. വളര്‍ന്നു കഴിയുമ്പോള്‍ സ്വന്തം രാജ്യം തേടി പറന്നുപോവും. 

തന്‍റെ വീടിനെത്തന്നെ ഡാനിയേല വിളിക്കുന്നത് മാഗ്പൈ ബംഗ്ലാവ് എന്നാണ്. ഇപ്പോള്‍ ഏഴ് വളര്‍ച്ചയെത്തിയ മാഗ്പൈകള്‍ അവളെ ദിവസവും കാണാനെത്തുന്നുണ്ട്. കൊച്ചുകാറ്റാടികളും പ്ലാസ്റ്റിക് ബോളുകളും കുഞ്ഞുകുഞ്ഞ് കളിപ്പാട്ടങ്ങളും ഒക്കെയായി അവളൊരു പ്ലേഗ്രൗണ്ട് തന്നെ മാഗ്പൈ പക്ഷികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മനുഷ്യരെപ്പോലെ തന്നെ, നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ തന്നെ ഓടിക്കളിക്കാനും ബോളുകൊണ്ട് കളിക്കാനും ഒക്കെ ഒരുപാട് ഇഷ്‍ടമാണ് മാഗ്പൈ കുഞ്ഞുങ്ങള്‍ക്കും എന്ന് ഡാനിയേല പറയുന്നു. വേനല്‍ക്കാലങ്ങളില്‍ അവയ്ക്കായി ഡാനിയേല ഒരു വാട്ടര്‍പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. അവിടെ പലതരത്തിലുള്ള, പ്രായത്തിലുള്ള പക്ഷികളെത്തുകയും കുളിക്കുകയുമെല്ലാം ചെയ്യുന്നു. 

ഓരോ പക്ഷികളെയും സൂക്ഷ്‍മമായി നിരീക്ഷിച്ച് അവയുടെ പ്രകൃതം നോക്കിയാണ് ഡാനിയേല ഓരോരുത്തര്‍ക്കും പേര് നല്‍കിയിരിക്കുന്നത്. അവയുടെ കൂട്ടത്തില്‍ തമാശക്കാരും ഗൗരവക്കാരും സുന്ദരികളും, കള്ളന്മാരും എല്ലാമുണ്ട്. തന്നെ ഏറെക്കാലമായി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന ആങ്സൈറ്റിയില്‍ നിന്നും രക്ഷിക്കാനും ഈ പക്ഷികളുമായുള്ള സൗഹൃദം സഹായിക്കുന്നുണ്ട് എന്നും ഡാനിയേല പറയുന്നു. നേരത്തെ ഡാനിയേല അവളുടെ ദിവസത്തിലെ ഭൂരിഭാഗം നേരവും വീടിനകത്തായിരുന്നു കഴിഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അതില്‍ നിന്നെല്ലാം മാറി ഏറെനേരവും വീടിന് പുറത്ത് മാഗ്പൈകളോടൊപ്പം നേരം ചെലവഴിക്കുകയാണവള്‍. അവയുടേത് നിസ്വാര്‍ത്ഥ സ്നേഹമാണെന്നും അതുകൊണ്ട് മാത്രമാണ് തന്നെക്കാണാന്‍ അവ ഗാര്‍ഡനിലെത്തുന്നത് എന്നും കൂടി ഡാനിയേല പറയുന്നു.