Asianet News MalayalamAsianet News Malayalam

നിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നീയവളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കരുത്; ഗാന്ധിജി മകന് നല്‍കിയ ഉപദേശം

'സുശീലയുടെ സ്വാതന്ത്ര്യം നീയെപ്പോഴും അംഗീകരിക്കണം. നിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നീയവളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കരുത്. രണ്ടുപേരുടെയും സമ്മതത്തോടുകൂടി മാത്രമേ ലൈംഗികബന്ധം ഉണ്ടാവാന്‍ പാടുള്ളൂ...' എന്ന് ഗാന്ധിജി തന്‍റെ രണ്ടാമത്തെ മകനായ മണിലാലിന് എഴുതിയ കത്തില്‍ പറയുന്നു. 

mahatma gandhi against marital rape
Author
Thiruvananthapuram, First Published Oct 1, 2019, 5:50 PM IST

രാഷ്ട്രപിതാവാണ് നമുക്ക് മഹാത്മാ ഗാന്ധി എന്ന ഗാന്ധിജി. എന്നാല്‍, അദ്ദേഹം തന്‍റെ മക്കള്‍ക്കെഴുതിയ കത്തിലും പിതാവ് എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുനല്‍കുന്നുണ്ട്. ഭാര്യമാരെ അടിമകളെ പോലെ കാണരുത് എന്നും അവരുടെ കാര്യത്തില്‍ എന്നും സമത്വമുണ്ടാകണമെന്നും അദ്ദേഹം മക്കളെ കത്തിലൂടെ ഉപദേശിച്ചിരുന്നു. മകനയച്ച മറ്റൊരു കത്തില്‍ അദ്ദേഹം വൈവാഹികബലാത്സംഗത്തെ കുറിച്ച് മകനെ ഉപദേശിക്കുന്നുണ്ട്. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. 

'സുശീലയുടെ സ്വാതന്ത്ര്യം നീയെപ്പോഴും അംഗീകരിക്കണം. നിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നീയവളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കരുത്. രണ്ടുപേരുടെയും സമ്മതത്തോടുകൂടി മാത്രമേ ലൈംഗികബന്ധം ഉണ്ടാവാന്‍ പാടുള്ളൂ...' എന്ന് ഗാന്ധിജി തന്‍റെ രണ്ടാമത്തെ മകനായ മണിലാലിന് എഴുതിയ കത്തില്‍ പറയുന്നു. 

സ്ത്രീകളുടെ സമത്വത്തെ കുറിച്ച് എപ്പോഴും സംസാരിച്ചിരുന്ന ആളായിരുന്നു മഹാത്മാ ഗാന്ധി. 'നീ നിന്‍റെ ഭാര്യയെ പങ്കാളികളായി കാണൂ, അല്ലാതെ അടിമയായിട്ടല്ല' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതും അദ്ദേഹം മണിലാലിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ നീലം പരീഖ് എഴുതിയ jyan raho mahekta raho: Putra ane putra-vadhuo prati Gandhiji (Keep spreading fragrance wherever you are: Gandhiji towards his sons and daughter in laws) എന്ന പുസ്‍തകത്തില്‍ എഴുതിയിട്ടുണ്ട്. 

ഹരിലാല്‍-ഗുലാബെന്‍, മണിലാല്‍-സുശീലബെന്‍, രാംദാസ്-നിര്‍മ്മലബെന്‍,  ദേവദാസ്-ലക്ഷ്മിബെന്‍ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ മക്കളുടേയും ഭാര്യമാരുടേയും പേരുകള്‍. 'നിങ്ങളോരോരുത്തരും പരസ്പരം സുഹൃത്തുക്കളായിരിക്കണം. വൈവാഹികജീവിതം പൂര്‍ണമാകണമെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സമത്വമുണ്ടാകണം. ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും ആത്മാവില്‍നിന്നും സമത്വം അനുഭവിച്ചറിയാന്‍ കഴിയണം. ഒരിക്കലും മറ്റൊരാളെ താഴാന്‍ അനുവദിക്കരുത്' എന്നും അദ്ദേഹം തന്‍റെ ബന്ധുക്കളെ വിവാഹ സമയത്ത് ഉപദേശിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios