മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ നാലായിരം കോടി രൂപയിലധികം അപഹരിച്ചുകൊണ്ടുള്ള പിഎംസി ബാങ്ക് വെട്ടിപ്പിനെ കോലാഹലങ്ങൾ അടങ്ങും മുമ്പ് അടുത്ത കുംഭകോണം ഇതാ വെളിച്ചത്ത് വന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള, ഇന്ത്യയിൽ അങ്ങോളമിങ്ങോളമായി 13 -ലധികം ബ്രാഞ്ചുകളുള്ള, മലയാളികളായ സുനിൽകുമാർ, സുധീഷ്‌ കുമാർ  എന്നിവർ ഉടമസ്ഥരായുള്ള ഗുഡ്‌വിൻ ജ്വല്ലറി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രൊമോട്ടർമാരായ മലയാളിസഹോദരന്മാരെ  ഒക്ടോബർ 22 മുതൽ കാണാനില്ല, ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ചോഫുമാണ്. ബ്രാഞ്ചുകൾക്ക് പൂട്ടുവീണതിനു പിന്നാലെ ജ്വല്ലറിയുടെ  എംഡി ആയ മനീഷ് കുണ്ഡിയും മുങ്ങിയിട്ടുണ്ട്. 

സ്വർണ്ണാഭരണങ്ങളുടെ ചില്ലറവില്പനയ്ക്ക് പുറമെ സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള നിരവധി നിക്ഷേപപദ്ധതികളും ഗുഡ്‌വിൻ ജ്വല്ലറി ഗ്രൂപ്പിന് ഉണ്ടായിരുന്നു. ഇതിലൊക്കെ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുള്ള പലരുമുണ്ട് മഹാരാഷ്ട്രയിൽ. ഡോംബിവ്‌ലി ബ്രാഞ്ചിൽ മാത്രം മുന്നൂറിലധികം കസ്റ്റമർമാർക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് താനെ സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറായ സുരേഷ് ആതിരേ എഎൻഐയോട് പറഞ്ഞുതു. ആകെ നഷ്ടപ്പെട്ട തുക എത്രയാണ് എന്നതിനെപ്പറ്റി ഇതുവരെ കൃത്യമായ ഒരു എസ്റ്റിമേറ്റ് കിട്ടിയിട്ടില്ല എങ്കിലും, ഏകദേശം നാനൂറു കോടിയിൽ അധികം രൂപ തുലാസിലാക്കിയ ഒരു വെട്ടിപ്പാണ് ഇതെന്നാണ് അനുമാനിക്കപ്പെടുന്നത്. 

നിക്ഷേപ പദ്ധതികളിലൂടെ സ്വർണ്ണം വാങ്ങി ബ്രാഞ്ചിൽ സൂക്ഷിച്ചവരോ, ജ്വല്ലറിയുടെ സ്ഥിരനിക്ഷേപ പദ്ധതികളിലെ കൂടിയ പലിശമോഹിച്ച് പണമായി നിക്ഷേപങ്ങൾ നടത്തിയവരോ ഒക്കെയാണ് പെട്ടിരിക്കുന്നത് ഇപ്പോൾ. പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾ സംഘടിച്ചുകൊണ്ട് ഡോംബിവ്‌ലി ബ്രാഞ്ചിനുപുറത്ത് പ്രതിഷേധവുമായി ഇരിക്കുന്നുണ്ട്. ഒക്ടോബർ 22 ന്  കടയുടെ ഷട്ടറിൽ ഒട്ടിച്ച നോട്ടീസിൽ പറഞ്ഞിരുന്നത് രണ്ടുദിവസത്തേക്ക് ജ്വല്ലറി അടവാണ് എന്നുമാത്രമാണ്. 

ഒരു ലക്ഷം രൂപയ്ക്ക് പതിനേഴായിരം രൂപയായിരുന്നു വർഷം വാഗ്ദാനം ചെയ്തിരുന്ന പലിശ. അതായത് പതിനേഴു ശതമാനം. പൊതുമേഖലാ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾക്ക്   ഏഴു ശതമാനം മാത്രം പലിശയേ കിട്ടുന്നുള്ളു എന്നതുകൊണ്ടുതന്നെ ഗൂഡ്‌വിൻ ജ്വല്ലറിയുടെ സ്ഥിരനിക്ഷേപങ്ങളിൽ നിരവധിപേർ തങ്ങളുടെ സമ്പാദ്യങ്ങൾ സൂക്ഷിച്ചിരുന്നു. ഒരു വർഷം കൊണ്ട് തവണകളായി പണമടച്ച് സ്വർണ്ണം  സ്വന്തമാക്കുന്ന സ്കീമിലും നിരവധിപേരുടെ പണം നിക്ഷേപിക്കപ്പെട്ടിരുന്നു.  

മഹാരാഷ്ട്രയ്ക്കു പുറമെ തൃശൂരിലും ജ്വല്ലറിക്ക് ബ്രാഞ്ചുണ്ട്. രണ്ടായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപവരെ ഗുഡ്‌വിനിൽ നിക്ഷേപിച്ചിട്ടുള്ള ഉപഭോക്താക്കളുണ്ട്. തങ്ങളുടെ നിക്ഷേപകർക്കെല്ലാം തന്നെ പ്രൊമോട്ടർമാർ അവരുടെ മൊബൈൽ നമ്പറുകളിലേക്ക് ഓരോ വോയ്‌സ് മെസേജുകൾ അയച്ചുവിട്ടിട്ടുണ്ട്. എല്ലാവരുടെയും നിക്ഷേപങ്ങൾ സുരക്ഷിതമാണ് എന്നും, ആരും പരിഭ്രമിക്കരുത് എന്നും, താത്കാലികമായി ഉടലെടുത്ത പ്രതിസന്ധിയെ ഗ്രൂപ്പ് മറികടക്കും വരെ എല്ലാവരും സഹകരിക്കണം എന്നുമാണ് വോയ്‌സ് മെസ്സേജിലെ സന്ദേശം. മൂന്നുവർഷം മുമ്പുനടന്ന ഒരു തട്ടിപ്പിൽ പണം നഷ്ടമായതാണ് തകർച്ചയ്ക്ക് കാരണമായി മെസേജിൽ പറയുന്നത്. 

 

പത്തുപന്ത്രണ്ടു ജ്വല്ലറികൾ മാത്രമല്ല ഗുഡ്‌വിൻ ഗ്രൂപ്പ് നടത്തിയിരുന്നത്. അതേ ബ്രാൻഡിൽ കൺസ്ട്രക്ഷൻ സ്ഥാപനങ്ങൾ, സെക്യൂരിറ്റി ഡിവൈസസ് കച്ചവടം, ഇമ്പോർട്ട് എക്സ്പോർട്ട് തുടങ്ങിയവയുമുണ്ട്. 1992-ൽ കേരളത്തിലാണ് ഗുഡ്‌വിൻ ഗ്രൂപ്പിന്റെ തുടക്കം. 2014-ലാണ് വ്യാപാരം അവർ മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. വാഷി, താനെ, ഡോംബിവ്‌ലി (2 ബ്രാഞ്ചുകൾ), ചെമ്പൂര്, വസായ്, അംബർനാഥ്, പുണെ ( 3  ബ്രാഞ്ചുകൾ), കേരളം എന്നിവിടങ്ങളിലാണ് ഉള്ളത്. വിദേശത്തും ബ്രാഞ്ചുകൾ തുറക്കാൻ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു . ബോംബെ ചെയിൻസ് എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയും ഗുഡ്‌വിൻ ഗ്രൂപ്പ് നടത്തിയിരുന്നു. 

ഉടമകളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തുകൊണ്ട് അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്  മുംബൈ പൊലീസ് ഇപ്പോൾ. അവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു കഴിഞ്ഞു. ഗ്രൂപ്പിന്റെ കഴിഞ്ഞ കുറച്ചാഴ്ചകളുടെ ബാങ്ക് ഇടപാടുകളും പരിശോധനാ വിധേയമാക്കും എന്ന് പൊലീസ് പറഞ്ഞു.