ഇയാളുടെ ഔദ്യോഗിക ഉപയോഗത്തിനായി  നല്‍കിയ ഫോണില്‍ നിന്ന് കുറ്റവാളികള്‍ക്കൊപ്പം അവരുടെ ജയില്‍ മുറിയില്‍ നിന്നുള്ള നഗ്ന ചിത്രങ്ങള്‍ എഫ്ബിഐ കണ്ടെത്തിയിരുന്നു

വനിതാ ജയിലിനുള്ളില്‍ പീഡന ക്ലബ്ബ് നടത്തിയ ജയില്‍ വാര്‍ഡന്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ വനിതാ ജയിലിനുള്ളിലാണ് പുരുഷ ജയില്‍ വാര്‍ഡനായ റേ ജേ ഗാര്‍സിയ എന്ന അന്‍പത്തിയഞ്ചുകാരന്‍ റേപ്പ് ക്ലബ്ബ് നടത്തിയത്. ഡബ്ലിനിലെ ഫെഡറല്‍ കറക്ഷണല്‍ സ്ഥാപനത്തിലെ ഏറ്റവുമുയര്‍ന്ന അധികാരിയാണ് ഗുരുതര കൃത്യ വിലോപത്തിന് പിടിയിലായത്. ഇയാളുടെ ഔദ്യോഗിക ഉപയോഗത്തിനായി നല്‍കിയ ഫോണില്‍ നിന്ന് കുറ്റവാളികള്‍ക്കൊപ്പം അവരുടെ ജയില്‍ മുറിയില്‍ നിന്നുള്ള നഗ്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗാര്‍സിയ എഫ്ബിഐയുടെ പിടിയിലാവുന്നത്.

വനിതാ കുറ്റവാളികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനുള്ള ഗുരുതര കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗാര്‍സിയയും ഇയാളുടെ കീഴിലുള്ള ജീവനക്കാരും ജയിലിനെ റേപ്പ് ക്ലബ്ബായി ആണ് കണ്ടിരുന്നതെന്നാണ് വിചാരണ വേളയില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഗാര്‍സിയയ്ക്കൊപ്പം നാല് ജയില്‍ ജീവനക്കാര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കോടതിയില്‍ ഇതിനോടകം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നിരവധി വനിതാ തടവുകാരാണ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി എത്തിയിട്ടുള്ളത്. ഗാര്‍സിയ നിരന്തരമായി പീഡിപ്പിച്ചുവെന്നും തനിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുെ ചെയ്തുവെന്നും ഒരു തടവുകാരി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

2019മുതല്‍ 2021 വരെയുള്ള കാലത്തായിരുന്നു ഇതെന്നും തടവുകാരി വിശദമാക്കുന്നു. ഗാര്‍സിയ ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇയാള്‍ക്കെതിരെ കണ്ടെത്തിയിട്ടുള്ള തെളിവുകള്‍. തടവുകാരികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പാതി കഴിച്ച ഭക്ഷണവും മിഠായികളും ഇയാള്‍ വച്ചിരുന്നതായും തടവുകാരി നല്‍കിയ മൊഴി വിശദമാക്കുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അയാളുടെ വൈകൃതങ്ങള്‍ അനുവദിക്കുകയായിരുന്നുവെന്നും ജയിലിലെ ശുചിമുറിയില്‍ വച്ച് വരെ പീഡിപ്പിക്കപ്പെട്ടുവെന്നും തടവുകാരി പറയുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക്യാമറകള്‍ ഇല്ലെന്ന് ഉറപ്പുള്ള ഭാഗങ്ങളില്‍ തടവുകാരികളെ എത്തിച്ചായിരുന്നു പീഡനം. 650 തടവുകാരെയാണ് ഈ ജയിലില്‍ ഒരേസമയം പ്രവേശിപ്പിക്കാന്‍ സാധിക്കുക.

2020ലാണ് ആദ്യമായി ഒരു തടവുകാരി ജയില്‍ അധികാരികളില്‍ നിന്നും നേരിട്ട പീഡനത്തേക്കുറിച്ച് തുറന്ന് പറയുന്നത്. ഇതാണ് എഫ്ബിഐ അന്വേഷണത്തിലേക്കും ഗാര്‍സിയയുടെ അറസ്റ്റിലേക്കും എത്തിച്ചത്. ചലചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ തടവ് ശിക്ഷ അനുഭവിച്ച ജയില്‍ കൂടിയാണ് ഇവിടം. ഹോളിവുഡ് താരം ഫെല്‍സിറ്റി ഹഫ്മാന്‍ അടക്കമുള്ളവര്‍ തടവില്‍ കഴിഞ്ഞ ജയിലിനേക്കുറിച്ചാണ് ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. കോളേജ് പ്രവേശന അഴിമതിയുമാി ബന്ധപ്പെട്ട് ഫെല്‍സിറ്റി ഹഫ്മാന്‍ 11 ദിവസമാണ് ഇവിടെ തടവില്‍ കഴിഞ്ഞത്. അമേരിക്കന്‍ അഭിനേത്രി ലോറി ലോഗിനും രണ്ട് മാസം 2020കാലഘട്ടത്തില്‍ ഈ ജയില്‍ കഴിഞ്ഞിട്ടുണ്ട്.