Asianet News MalayalamAsianet News Malayalam

മമതയ്ക്ക് അഭിനന്ദനങ്ങള്‍, വൈറലായി 1980 -കളിലെ ആ ചിത്രം!

ഞായറാഴ്ച, ഇന്ത്യൻ ഹിസ്റ്ററി പിക്സ് എന്ന ട്വിറ്റർ അക്കൗണ്ട്, മമതാ ബാനർജിയുടെ വിജയത്തിന് മുന്നോടിയായി 1980 -ളിലെ ഒരു ഫോട്ടോ പങ്കിടുകയുണ്ടായി. അവരുടെ നീണ്ട രാഷ്ട്രീയ യാത്രയുടെ ഓർമ്മപ്പെടുത്തലായ ആ ചിത്രം ഉടനെ തന്നെ വൈറലായി മാറി.  

Mamata Banerjee viral photo of 1980s
Author
West Bengal, First Published May 3, 2021, 3:03 PM IST

പശ്ചിമ ബംഗാളിൽ തുടർച്ചയായി മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധികാരത്തിൽ കയറിയിരിക്കുകയാണ്. അതേസമയം നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച മുഖ്യമന്ത്രി മമതാ ബാനർജിയെ സുകേന്ദു അധികാരി തോൽപ്പിച്ചത്‌ ആ വിജയത്തിന് അല്പം മങ്ങൽ ഏല്പിച്ചു. വോട്ടെണ്ണലിൽ കൃത്രിമത്വം ആരോപിച്ച് മമത ബാനർജി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും 10 വർഷമായി അധികാരത്തിലിരിക്കുന്ന മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഇത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തെരഞ്ഞെടുപ്പായിരുന്നു. ഈ വമ്പിച്ച വിജയം കൂടുതൽ ആത്മവിശ്വാസത്തോടെ മോദിയെ നേരിടാൻ മമതയെ പ്രേരിപ്പിക്കുന്നു. വിജയിച്ച പ്രസംഗത്തിൽ മമത വളരെ ശാന്തയായിരുന്നെങ്കിലും, സംസ്ഥാനത്ത് പ്രചാരണത്തിനിടെ നേരിട്ട ആക്രമണങ്ങളെ അവർ മറക്കില്ലെന്ന് വ്യക്തമായി.  

അവരുടെ ചരിത്രപരമായ ഈ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മായാവതി, ഉദ്ദവ് താക്കറെ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ അവരെ അഭിനന്ദിച്ചു. കൂടാതെ, രാജ്യമെമ്പാടുമുള്ള ആളുകളുടെ അഭിനന്ദന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ മമത പറഞ്ഞത്, “ഇത് ബംഗാളിന് മാത്രമല്ല, ഇന്ത്യയ്ക്കും കൂടി വേണ്ടി നേടിയ യുദ്ധമാണ്" എന്നാണ്. ഞായറാഴ്ച, ഇന്ത്യൻ ഹിസ്റ്ററി പിക്സ് എന്ന ട്വിറ്റർ അക്കൗണ്ട്, മമതാ ബാനർജിയുടെ വിജയത്തിന് മുന്നോടിയായി 1980 -ളിലെ ഒരു ഫോട്ടോ പങ്കിടുകയുണ്ടായി. അവരുടെ നീണ്ട രാഷ്ട്രീയ യാത്രയുടെ ഓർമ്മപ്പെടുത്തലായ ആ ചിത്രം ഉടനെ തന്നെ വൈറലായി മാറി.  

40 വർഷത്തിലേറെയായ അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ പോരാട്ടമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുജീവിതത്തിൽ കൂടുതൽ ശക്തമായ നിരവധി രാഷ്ട്രീയ പോരാട്ടങ്ങളെ അതിജീവിച്ച ധീരയായ രാഷ്ട്രീയ നേതാവാണ് മമത. മമതയുടെ പാർട്ടി വിജയിച്ചതിന്റെ ആദര സൂചകമായി നിരവധി ആളുകൾ ആ ചിത്രം പങ്കിട്ടു. 2011 -ലാണ് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി മമത അധികാരമേറ്റത്. 34 വർഷം നീണ്ടുനിന്ന ഇടത് ഭരണം അവസാനിപ്പിച്ചിട്ടായിരുന്നു അത്. 

അതേസമയം മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1970 -കളിലാണ്. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ വേഗത്തിൽ തന്നെ മഹിളാ കോൺഗ്രസിന്റെയും പിന്നീട് അഖിലേന്ത്യാ യൂത്ത് കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയായി മാറി. 1984 -ൽ ജാദവ്പൂർ പാർലമെന്ററി മണ്ഡലത്തിൽ നിന്ന് നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അവർ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗങ്ങളിൽ ഒരാളായി. കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, "ദിദി" എന്ന് വിളിക്കുന്ന മമത ബാനർജി 1997 -ൽ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു. അവർ ഒരു ചിത്രകാരിയും, കവിയും, എഴുത്തുകാരിയുമാണ്. നൂറിലധികം പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്. കൂടാതെ അവർ ഒരു സാങ്കേതിക വിദഗ്ദ്ധയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമാണ്.  


 

Follow Us:
Download App:
  • android
  • ios