'മനുഷ്യനെക്കാൾ പേടിച്ചത് സിംഹമാണ്' എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ രസകരമായി അഭിപ്രായപ്പെട്ടത്, 'ഇവിടെ സിംഹത്തിന്റെ അവസ്ഥയാണ് കൂടുതൽ ഭയാനകം' എന്നായിരുന്നു.
കാടിറങ്ങുന്ന വന്യജീവികളും അവയുടെ ആക്രമണങ്ങളും തുടർക്കഥയാകുന്നതിനിടയിൽ നാട്ടിലിറങ്ങിയ ഒരു സിംഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വീഡിയോ ദൃശ്യങ്ങളിൽ വളരെ അപ്രതീക്ഷിതമായി ഒരു സിംഹവും മനുഷ്യനും കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ആണുള്ളത്. വിചിത്രവും എന്നാൽ കൗതുകകരവുമായ ഈ വീഡിയോ ഇതിനോടൊപ്പം തന്നെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടുകഴിഞ്ഞു. ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.
രാത്രിയിലാണ് ഈ സംഭവ വികാസങ്ങൾ നടക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു മനുഷ്യൻ ഒരു വീട്ടുമുറ്റം എന്ന് തോന്നിക്കുന്ന സ്ഥലത്ത് കൂടി ഉലാത്തുന്നത് കാണാം. അതേസമയം തന്നെ മതിൽക്കെട്ടിന് അപ്പുറത്ത് കൂടി ഒരു സിംഹം നടന്നു വരുന്നതും കാണാം. എന്നാൽ, ഈ മനുഷ്യൻ സിംഹത്തെ കാണുന്നില്ല. ഇടയ്ക്ക് ഇയാൾ മതിൽക്കെട്ടിന് പുറത്തേക്ക് ഇറങ്ങുന്നു. പെട്ടെന്നാണ് കൺമുമ്പിൽ സിംഹത്തെ കാണുന്നത്. ഭയന്നുപോയ അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് പിന്തിരിഞ്ഞോടുന്നു. അതേസമയം തന്നെ അയാളെ കണ്ടു ഭയന്ന് സിംഹവും ഓടിപ്പോകുന്നത് വീഡിയോയിൽ കാണാം.
@iNikhilsaini ആണ് X -ൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇതിനകം ആയിരങ്ങൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ പ്രതികരണങ്ങൾ കൊണ്ട് സജീവമാണ് ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. 'മനുഷ്യനെക്കാൾ പേടിച്ചത് സിംഹമാണ്' എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ രസകരമായി അഭിപ്രായപ്പെട്ടത്, 'ഇവിടെ സിംഹത്തിന്റെ അവസ്ഥയാണ് കൂടുതൽ ഭയാനകം' എന്നായിരുന്നു. 'വളരെ അപൂർവമായി മാത്രമേ ഇത്തരം കാര്യങ്ങൾ സംഭവിക്കൂ' എന്നും ചിലർ അഭിപ്രായപ്പെട്ടു.
രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. വീഡിയോയിൽ ഒരു ഗ്രാമീണ സ്ത്രീ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന ദൃശ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനും വന്യമൃഗങ്ങളും തമ്മിൽ അടുത്തിടപഴകുന്നത് അത്ര സുരക്ഷിതമല്ല എന്ന കാര്യം ആരും മറക്കരുത്.

