ആൾക്കുട്ടത്തിന് നടുവില്‍ ഇരിക്കുന്ന പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന സ്ത്രീയുടെ വീഡിയോ വൈറൽ. 

രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ അമ്പരപ്പും ഭയവും ജനിപ്പിച്ചു. ഒരു യുവതി പുള്ളിപ്പുലിയുടെ മുന്‍ കാലില്‍ രാഖി കെട്ടുന്നതായിരുന്നു വീഡിയോ. പിന്നാലെ യുവതി അതിനെ ഇനി ഉപദ്രവിക്കരുതെന്നും അത് തന്‍റെ സഹാദരനാണെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. ചിലര്‍ യുവതിയെ പ്രശംസിച്ചപ്പോൾ മറ്റ് ചിലര്‍ പുലിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.

വീഡിയോയില്‍ ആളുകൾക്ക് നടുനില്‍ ഇരിക്കുന്ന ഒരു പുള്ളിപ്പുലിയുടെ മുന്‍കാലില്‍ ഒരു സ്ത്രീ രാഖി കെട്ടുന്നത് കാണാം. ഏറെ സമയമെടുത്താണ് ഇവര്‍ രാഖി കെട്ടുന്നത്. നിരവധി പേര്‍ സ്ത്രീയ്ക്കും പുലിക്കും ചുറ്റുമായി നില്‍ക്കുന്നതും കാണാം. രാഖി കെട്ടിയ ശേഷം സ്ത്രീ എഴുനേല്‍ക്കുകയും അത് തന്‍റെ സഹോദരനാണെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെടുന്നു. ഇതിനിടെ ഒരാൾ വന്ന് അവന്‍റെ കഴുത്തില്‍ തടവുന്നതും കാണാം. 27 സെക്കന്‍റ് മാത്രമാണ് വീഡിയോയ്ക്കുള്ളത്.

Scroll to load tweet…

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. കുറച്ച് ദിവസങ്ങളായി പുള്ളിപ്പുലി ഇവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നുവെന്നും അതിന് മനുഷ്യരെ പേടിയില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വനംവകുപ്പ് അപകടകാരിയാണെന്നും പുലിയില്‍ നിന്നും അകലം പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. വീഡിയോയിൽ വൈകാരിക രംഗമായി തോന്നാമെങ്കിലും പുലിയുടെ സ്വഭാവം പ്രവചനാതീതമാണെന്നും അപകട സാധ്യത കൂടുതലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുള്ളിപ്പുലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുലിയെ നാട്ടുകാര്‍ അക്രമിച്ച് മരണാസന്നനാക്കിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. ചിലര്‍ അസുഖമായിരിക്കുമെന്നും മറ്റ് ചിലര്‍ പുലിക്ക് മയക്കുമരുന്ന് നല്‍കിയെന്നുമായിരുന്നു എഴുതിയത്. മറ്റ് ചിലർ സ്ത്രീയുടെ ഇടപെടലിലായിരിക്കാം നാട്ടുകാര്‍ അതിനെ കൊല്ലാതെ വിട്ടതെന്നും കുറിച്ചു.