അവർ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. ആരുടെയും ശ്രദ്ധയിലേക്ക് ആ ഭാഗം പതിഞ്ഞില്ല. ഒരാഴ്ചത്തെ താമസത്തിനു ശേഷവും ആരും തങ്ങളെ കണ്ടെത്തുന്നില്ല എന്ന് മനസ്സിലായതോടെ അവർ കുറച്ചു ദിവസം കൂടി അവിടെ താമസിക്കാൻ തീരുമാനിച്ചു.
ചില വാർത്തകൾ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപ്പോകും? അത്തരത്തിൽ ഒരു വാർത്തയാണ് ഇതും. ഷോപ്പിംഗ് സെന്ററിനുള്ളിലെ ഒരു മുറി അപ്പാർട്ട്മെൻറ് ആക്കി മാറ്റി ഒരു ചെറുപ്പക്കാരനും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ആരുമറിയാതെ താമസിച്ചത് നാലു വർഷം. യുഎസ്എയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസ് പ്ലേസ് മാളിനുള്ളിലെ 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു മുറിയിലാണ് മൈക്കൽ ടൗൺസെൻഡ് എന്ന യുവാവും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും അതീവ രഹസ്യമായി നാലു വർഷക്കാലം കഴിഞ്ഞത്. അങ്ങനെയൊരു മുറി ആ മാളിനുള്ളിൽ ഉണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു സത്യം.
താൻ മുമ്പു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും അവിടെ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൈക്കിളിന് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. എന്നാൽ, മാറി താമസിക്കാൻ അയാൾക്ക് മറ്റൊരു ഇടം ഇല്ലായിരുന്നു. പെട്ടെന്ന് മറ്റൊരു ഇടം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ പ്രൊവിഡൻസ് പ്ലേസ് മാളിനുള്ളിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു സ്ഥലം ശ്രദ്ധയിൽപ്പെട്ട കാര്യം അയാൾ ഓർത്തു. ഉടൻതന്നെ മാളിനുള്ളിലെത്തി സ്ഥലം പരിശോധിച്ചു. ആരുടെയും ശ്രദ്ധ അത്ര വേഗത്തിൽ പതിയാത്ത വിധം ആ സ്ഥലം അപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. തൽക്കാലം അവിടെ ക്യാമ്പ് ചെയ്യാൻ അയാൾ തീരുമാനിച്ചു. ഒരാഴ്ച അവിടെ താമസിച്ചതിനു ശേഷം മറ്റെവിടെയെങ്കിലും മാറാനായിരുന്നു തീരുമാനം. അങ്ങനെ മൈക്കിളും അദ്ദേഹത്തിൻറെ ചില സുഹൃത്തുക്കളും അവിടെ താമസിക്കാൻ എത്തി. ആ ഭാഗം ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ അവർ മറ്റൊരു കാര്യം കൂടി ചെയ്തു. അതിവിദഗ്ധമായി അവിടെ ബ്രീസ് ബ്ലോക്ക് മതിലും യൂട്ടിലിറ്റി വാതിലും നിർമ്മിച്ചു.
അവർ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. ആരുടെയും ശ്രദ്ധയിലേക്ക് ആ ഭാഗം പതിഞ്ഞില്ല. ഒരാഴ്ചത്തെ താമസത്തിനു ശേഷവും ആരും തങ്ങളെ കണ്ടെത്തുന്നില്ല എന്ന് മനസ്സിലായതോടെ അവർ കുറച്ചു ദിവസം കൂടി അവിടെ താമസിക്കാൻ തീരുമാനിച്ചു. ഒപ്പം അവിടെ ചെറിയൊരു പ്ലേസ്റ്റേഷനും സോഫ സെറ്റിയും സജ്ജീകരിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. മാസങ്ങൾ കടന്നുപോയിട്ടും ആരും തങ്ങളെ കണ്ടെത്തുന്നില്ല എന്ന് മനസ്സിലായതോടെ അവർ അവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അങ്ങനെ ആരും അറിയാതെ അവർ ആ ഭാഗം ഒരു ചെറിയ അപ്പാർട്ട്മെൻറ് മാതൃകയിലേക്ക് മാറ്റി. രണ്ടു റൂമുകളും ഒരു അടുക്കളയും ആയിരുന്നു അതിനുള്ളിൽ അവർ ഉണ്ടാക്കിയത്.
അങ്ങനെ സുഖജീവിതം നടത്തിവരുന്നതിനിടയിലാണ് ഒരു ദിവസം താമസ സ്ഥലത്ത് എത്തിയ അവർ തങ്ങളുടെ യൂട്ടിലിറ്റി വാതിൽ ആരോ തകർത്തിരിക്കുന്നതായി ശ്രദ്ധിച്ചത്. ഒപ്പം സോഫ സെറ്റുകളും പ്ലേസ്റ്റേഷനുകളും മോഷണം പോയിരിക്കുന്നു. ഏതെങ്കിലും കള്ളന്മാർ കയറിയതായിരിക്കും എന്നാണ് അവർ കരുതിയത്. ആരും കാണാതെ അവർ യൂട്ടിലിറ്റി വാതിൽ പഴയ നിലയിൽ ആക്കി. ഒപ്പം മറ്റാരെങ്കിലും താങ്കളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് കൂടുതൽ നിരീക്ഷിച്ചു. അധിക ദിവസങ്ങൾ കഴിഞ്ഞില്ല അവർ കയ്യോടെ പിടിക്കപ്പെട്ടു. മാളിനുള്ളിലെ സെക്യൂരിറ്റി ഗാർഡുകൾ ആയിരുന്നു അവരുടെ ഈ ഒളി സങ്കേതം കണ്ടെത്തിയത്. പിടിയിലായെങ്കിലും മൈക്കിൾ ഇപ്പോഴും പറയുന്നത് തൻറെ ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു അതെന്നും ഇനിയും അവിടേക്ക് തന്നെ തിരിച്ചു പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആണ്.
