Asianet News MalayalamAsianet News Malayalam

കോടിപതിയായ ഭാര്യയുടെ പാതിസ്വത്ത് വേണം, വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

തൻറെ ഭർത്താവായ വാങ് യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും പതിവായി നിയമ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്ന ആളാണ് എന്നാണ് കാങ് പറയുന്നത്.

man asked divorce for half share of wifes US$28 million inheritance rlp
Author
First Published Dec 10, 2023, 2:25 PM IST

ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിൽ നേർപാതി കിട്ടാൻ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലെ ഷാങ്ഹായിൽ ആണ് ഭാര്യയുടെ സ്വത്തിൽ പാതി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. 

അടുത്തിടെ ഉണ്ടായ ഒരു വാഹനാപകടത്തിൽ തന്റെ മാതാപിതാക്കൾ മരിച്ചതോടെയാണ് അവരുടെ മൂന്നു കോടിയുടെ സ്വത്തുവകകൾ കാങ് എന്ന യുവതിക്ക് ലഭിച്ചത്. ഷാങ്ഹായിലുടനീളമുള്ള ഒമ്പത് പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റുകളുടെ അവകാശിയായി മാതാപിതാക്കളുടെ മരണത്തോടെ കാങ്ങ് മാറുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ മരിച്ച് ആറുമാസം തികയുന്നതിന് മുൻപേ ഇവരുടെ ഭർത്താവ് തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. വെറുതെ വിവാഹമോചനം തന്നാൽ പോരാ മറിച്ച് തന്റെ ഭാര്യയുടെ സ്വത്തിന്റെ നേർപ്പകുതി തനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഇയാൾ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

ഭർത്താവുമായി പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെ തീർത്തും അപ്രതീക്ഷിതമായിരുന്നു കാങിന് ഭർത്താവിൻറെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി. വക്കീൽ നോട്ടീസ് ലഭിച്ചപ്പോൾ മാത്രമാണ് താൻ ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത് എന്നാണ് യുവതി പറയുന്നത്. പിന്നീട് പലതവണ ഇതേക്കുറിച്ച് ഭർത്താവുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അതിനു തയ്യാറായില്ലെന്നും യുവതി പറയുന്നു. മാത്രമല്ല ഇയാൾ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും യുവതി ഫോൺ വിളിച്ചാൽ എടുക്കാതെയാവുകയും ചെയ്തു.

ഷാങ്ഹായ് ഫാമിലി ആൻഡ് ഫാമിലി ലോ ഫേം ഡയറക്ടർ ടാൻ ഫാങ് പറയുന്നതനുസരിച്ച് ചൈനയുടെ സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നത് വിവാഹമോചന സമയത്ത് ദമ്പതികൾക്ക് ഇരുവർക്കും ഉള്ള സ്വത്തുവകകൾ പരസ്പരം പങ്കിടണമെന്നാണ്. അതുകൊണ്ടുതന്നെ നിയമപരമായി നോക്കുമ്പോൾ തന്റെ മാതാപിതാക്കളിൽ നിന്നും യുവതിക്ക് ലഭിച്ച കോടികളുടെ സ്വത്തിൽ പാതി സ്വത്തുവകകൾക്ക് ഭർത്താവിന് അവകാശമുണ്ട്.

തൻറെ ഭർത്താവായ വാങ് യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും പതിവായി നിയമ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്ന ആളാണ് എന്നാണ് കാങ് പറയുന്നത്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ ഇപ്പോഴത്തെ തീരുമാനത്തിൽ തനിക്ക് സംശയമുണ്ടെന്നും തൻറെ മാതാപിതാക്കളുടെ അപകടമരണത്തിൽ വാങ് ഉത്തരവാദിയാണോ എന്ന് താൻ സംശയിക്കുന്നതായും യുവതി വെളിപ്പെടുത്തി. ഏതായാലും ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ കേസ് വലിയ ചർച്ചയായിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios