എന്താണ് മതം? ഓരോ മതവും എന്താണ് പറയുന്നത്? കൃത്യമായ ഉത്തരം പറയുക എളുപ്പമല്ല.. ലോകത്ത് എവിടേയും മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരിലുള്ള മനുഷ്യന്‍റെ അസഹിഷ്ണുതയും... 

വെള്ളിയാഴ്ച, യു എസ്സിലെ ഒരു കോടതി മതവുമായി ബന്ധപ്പെട്ട് ഒരാളെ മര്‍ദ്ദിച്ച പ്രതിക്ക് വിധിച്ച ശിക്ഷ 'സിഖ് മതത്തെ കുറിച്ച് പഠിക്കൂ' എന്നതാണ്. സിഖ് മതവിശ്വാസിയായ ഒരു ഷോപ്പ്കീപ്പറെ മര്‍ദ്ദിച്ച സംഭവത്തിലാണ് കോടതി ഇങ്ങനെ വ്യത്യസ്തമായ ഒരു വിധി പുറപ്പെടുവിച്ചത്. സിഖ് മതത്തെ കുറിച്ച് പഠിച്ചാല്‍ മാത്രം പോരാ, എന്താണ് പഠിച്ചതില്‍ നിന്നും മനസിലാക്കിയത് എന്നൊരു റിപ്പോര്‍ട്ട് കോടതിയെ ഏല്‍പ്പിക്കണമെന്നും വിധിയിലുണ്ട്. 

ആന്‍ഡ്രി എന്ന ഒറിഗണ്‍ സ്വദേശിയാണ് സിഖുകാരനായ ഷോപ്പ്കീപ്പറെ അക്രമിച്ചത്. ഹര്‍വീന്ദര്‍ സിങ് എന്നയാളെയാണ് ആന്‍ഡ്രി കടയില്‍വെച്ച് മര്‍ദ്ദിച്ചത്. മതവിദ്വേഷമുണ്ടാക്കുന്ന കുറ്റമാണ് ആന്‍ഡ്രി ചെയ്തത് എന്ന പ്രതിഷേധവും ഇതിനോടനുബന്ധിച്ച് ഉയര്‍ന്നു. 

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ സിഗരറ്റ് നല്‍കാനാകില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആന്‍ഡ്രി ഹര്‍വീന്ദറിനെ മതത്തിന്‍റെ പേര് പറഞ്ഞ് അക്രമിച്ചത്. ഇന്ത്യയില്‍ നിന്ന് യു എസ്സിലെത്തിയ ഹര്‍വീന്ദര്‍ അവിടെ കട നടത്തി വരികയായിരുന്നു. സിഗരറ്റ് കൊടുക്കില്ലെന്ന് പറഞ്ഞതോടെ ആന്‍ഡ്രി, ഹര്‍വീന്ദറിനെ ഇടിക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കാനാരംഭിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ തന്നെ തലയില്‍ക്കെട്ട് വലിച്ചഴിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വന്ന് പിടിച്ചുമാറ്റും വരെ ഉപദ്രവം തുടര്‍ന്നു. 'അയാള്‍ എന്നെ ഒരു മനുഷ്യനായിപ്പോലും കണ്ടില്ല. എന്‍റെ തലയിലെ കെട്ടും വിശ്വാസത്തിന്‍റെ ഭാഗമായുള്ള ചിഹ്നങ്ങളും അയാളെ പ്രകോപിപ്പിച്ചു, അയാളെന്നെ ഉപദ്രവിച്ചു...' ഹര്‍വീന്ദര്‍ സിങ് തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ യു എസ്സില്‍ മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. എഫ് ബി ഐ (Federal Bureau of Investigation)യുടെ കണക്കുകളനുസരിച്ച് 2016 നും 2017 നും ഇടയില്‍ തന്നെ ഒറിഗണില്‍ മാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ 40 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് പറയുന്നത്.