ആ സമയത്ത് മോമോ സ്റ്റാളുടമ കീറിപ്പറിഞ്ഞ വസ്ത്രവുമായി എത്തി ഭക്ഷണത്തിന് യാചിച്ച് കൊണ്ടിരുന്ന ഒരാളെ ആട്ടിപ്പായിക്കുകയായിരുന്നു. യാചകനാണെങ്കിൽ ആവർത്തിച്ച് ഭക്ഷണം യാചിച്ച് കൊണ്ടേയിരുന്നു.

കുടുംബത്തിലെ ആരെയെങ്കിലും കാണാതെയാവുക, അവർ മരിക്കുക എന്നതൊക്കെ ആർക്കായാലും താങ്ങാൻ സാധിക്കാത്ത കാര്യങ്ങളാണ്. എന്നിരുന്നാലും അതുപോലെയുള്ള അനവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, മരിച്ചു എന്ന് കരുതിയ ബിഹാർ സ്വദേശിയായ യുവാവിനെ നോയ്‍ഡയിലെ മോമോ സ്റ്റാളിൽ വച്ച് കണ്ടെത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. 

ഭാര്യയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 31 -നാണ് ധ്രുവ്​ഗഞ്ച് സ്വദേശിയായ നിശാന്ത് കുമാറിനെ കാണാതായത്. ഭാര്യാ സഹോദരനാണ് ഇയാളെ തട്ടിക്കൊണ്ടുപോയത് എന്നും ഒരു ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇതേ ഭാര്യാസഹോദരൻ തന്നെയാണ് യാദൃച്ഛികമായി നിശാന്ത് കുമാറിനെ നോയ്‍ഡയിലെ മോമോ സ്റ്റാളിൽ വച്ച് കണ്ടതും. നിശാന്തിന്റെ വീട്ടുകാർ നിരന്തരം നിശാന്തിനെ കൊന്നുവെന്ന് ആരോപിച്ച് തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് അളിയനായ രവി ശങ്കർ പറയുന്നു. ഇത്തരം ആരോപണങ്ങൾ കേട്ട് സഹിക്കാനാവാതെയാണ് തന്റെ ഇളയച്ഛൻ മരിച്ചത് പോലും എന്നും രവിശങ്കർ പറയുന്നു. 

നോയ്‍ഡ സെക്ടർ 50 -ലെ മോമോ സ്റ്റാളിൽ വച്ചാണ് തികച്ചും അപ്രതീക്ഷിതമായി രവി ശങ്കർ നിശാന്തിനെ കണ്ടത്. ആ സമയത്ത് മോമോ സ്റ്റാളുടമ കീറിപ്പറിഞ്ഞ വസ്ത്രവുമായി എത്തി ഭക്ഷണത്തിന് യാചിച്ച് കൊണ്ടിരുന്ന ഒരാളെ ആട്ടിപ്പായിക്കുകയായിരുന്നു. യാചകനാണെങ്കിൽ ആവർത്തിച്ച് ഭക്ഷണം യാചിച്ച് കൊണ്ടേയിരുന്നു. ഇത് കണ്ട് ദയ തോന്നിയ രവി അയാൾക്ക് മോമോസ് നൽകാൻ കടക്കാരനോട് പറഞ്ഞു. 

പിന്നാലെ, രവി യുവാവിനോട് പേര് ചോദിച്ചു. നൗഗാച്ചിയയിലെ ധ്രുവ്ഗഞ്ചിൽ താമസിക്കുന്ന സച്ചിദാനന്ദ സിങ്ങിന്റെ മകൻ നിശാന്ത് കുമാറാണ് താൻ എന്ന് അയാൾ പറഞ്ഞപ്പോഴാണ് രവി ശരിക്കും ഞെട്ടിയത്. അപ്പോഴാണ് മുന്നിൽ ഒരു യാചകനായി നിൽക്കുന്നത് തന്റെ അളിയനാണ് എന്ന് രവി ശങ്കർ തിരിച്ചറിയുന്നത്. ഉടനെ തന്നെ അയാൾ പൊലീസിനെ വിളിച്ചു. പിന്നാലെ നിശാന്ത് കുമാറിനെ സെക്ടർ 13 പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, എങ്ങനെ നിശാന്ത് കുമാർ നോയ്‍ഡയിൽ എത്തിച്ചേർന്നു, അയാൾക്ക് എന്താണ് സംഭവിച്ചത് എന്ന വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.