നടുറോഡില്‍ തല്ലു കൂടിയതിന് പൊലീസ് പിടികൂടാന്‍ ചെന്നപ്പോഴാണ് ഒരാള്‍ ദേഷ്യം കേറി പോലീസ് നായയെ തന്നെ കടിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിക്കുകയും ചെയ്തു.
പൊലീസ് പിടിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ പലരും പല വഴികള്‍ സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിരിക്കും ഒരാള്‍ പോലീസ് പിടികൂടാതിരിക്കാന്‍ പൊലീസ് നായയെ തന്നെ കടിക്കുന്നത്. ഏതായാലും സംഭവം ഏറ്റില്ലെന്ന് മാത്രമല്ല പൊലീസ് നായയെ കടിച്ചു കുറ്റത്തിന് കൂടി ഇയാള്‍ക്കെതിരെ കേസെടുത്തു, പോലീസ്. ആളെ പിടിച്ച് അകത്തിടുകയും ചെയ്തു.
ജര്‍മ്മനിയിലാണ് സംഭവം. നടുറോഡില്‍ തല്ലു കൂടിയതിന് പൊലീസ് പിടികൂടാന്‍ ചെന്നപ്പോഴാണ് ഒരാള്‍ ദേഷ്യം കേറി പോലീസ് നായയെ തന്നെ കടിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ പട്ടണമായ ജിന്‍ഷൈം-ഗുസ്താവ്‌സ്ബര്‍ഗില്‍ അര്‍ദ്ധരാത്രി നടുറോട്ടില്‍ വച്ച് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും തമ്മില്‍ വഴക്കു നടക്കുന്നു എന്നറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ 29 വയസ്സുള്ള രണ്ടു ചെറുപ്പക്കാരും 35 വയസ്സുള്ള ഒരു യുവതിയും തമ്മില്‍ റോഡില്‍ വലിയ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. സംഭവം എന്താണെന്ന് അറിയാനും ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാനും ആണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതും യുവതിയും ചെറുപ്പക്കാരില്‍ ഒരാളും കൂടുതല്‍ രോഷാകുലരായി. അവര്‍ പൊലീസിനെ തന്നെ ആക്രമിക്കാന്‍ തുനിഞ്ഞു.
ഇവര്‍ വളരെയധികം രോഷാകുലരും അക്രമാസക്തരും ആയിരുന്നു എന്നാണ് പൊലീസ് പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. ചെറുപ്പക്കാരില്‍ ഒരാളെ മാത്രമാണ് പൊലീസിന് ആദ്യ ശ്രമത്തില്‍ കീഴടക്കാന്‍ കഴിഞ്ഞത്. പ്രതിരോധിച്ചു നിന്ന് രണ്ടാമത്തെ ചെറുക്കപ്പക്കാരന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന നായയെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തിനിടയില്‍ അയാള്‍ നായയെ കടിച്ചു.
എന്നാല്‍ ഇയാളുടെ ആക്രമണത്തില്‍ നായക്ക് പരുക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ യുവതി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിച്ചു. പൊലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഏതായാലും മൂവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
