ഒരു വർഷത്തിനിടയിൽ ആംബുലൻസ് വിളിച്ചത് 39 തവണ, സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടിൽപ്പോകാൻ, ഒടുവിൽ കയ്യോടെ പിടിച്ചു
എന്നാൽ, ഇത് ആവർത്തിക്കാൻ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. അനാവശ്യവുമായി ആംബുലൻസ് പോലുള്ള പൊതുസേവനങ്ങൾ ഉപയോഗിക്കുന്ന വാങിന്റെ അന്യായമായ മാർഗങ്ങളെക്കുറിച്ച് മെഡിക്കൽ സ്റ്റാഫ് പൊലീസിനെ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിൽ ഒരു തായ്‌വാൻ(Taiwan)കാരൻ ആശുപത്രിയിൽ പോകാനായി ആംബുലൻസ്(ambulance) വിളിച്ചത് 39 തവണ. അയാൾ കിടപ്പ് രോഗിയോ, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ള വ്യക്തിയോ അല്ല. പിന്നെ എന്തിനാണ് അയാൾ ആംബുലൻസ് വിളിച്ചത് എന്നല്ലേ? വീട്ടിൽ പോകാൻ. ആശുപത്രിയുടെ തൊട്ടടുത്താണ് അയാളുടെ വീട്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന വാങ്(Wang) എന്ന് പേരുള്ളയാളാണ് വീട്ടിലേയ്ക്ക് നടക്കാൻ മടിച്ച് ആംബുലൻസ് സേവനം തേടിയത്.
ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ അയാൾ ജോലി ചെയ്യുന്ന ഇടവും വീടും തമ്മിൽ ദൂരം കൂടുതലുണ്ടെന്ന് തെറ്റിദ്ധരിക്കാം. വെറും 200 മീറ്റർ ദൂരം മാത്രമാണ് അവയ്ക്കിടയിലുള്ളത്. അത്ര ദൂരം പോലും നടക്കാൻ, മടിയനായ അയാൾ തയ്യാറായില്ല. ഇതിനായി ആംബുലൻസിനെ സൗജന്യ ടാക്സിയായി അയാൾ ഉപയോഗിച്ചു. മുൻ രേഖകൾ പരിശോധിച്ചപ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 39 തവണയാണ് അയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് വീട്ടിൽ പോകാൻ ആംബുലൻസ് വിളിച്ചതെന്ന് കണ്ടെത്തി. ഒരു രോഗിയായി അഭിനയിച്ചാണ് അയാൾ ഓരോ പ്രാവശ്യവും ആംബുലൻസ് വിളിച്ചത്. അതിൽ കയറി ആശുപത്രിയിൽ എത്തുന്ന അയാൾ പരിശോധനകൾക്ക് നിൽക്കാതെ വീട്ടിലേയ്ക്ക് മടങ്ങുന്നു.
എന്നാൽ, ഇത് ആവർത്തിക്കാൻ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. അനാവശ്യവുമായി ആംബുലൻസ് പോലുള്ള പൊതുസേവനങ്ങൾ ഉപയോഗിക്കുന്ന വാങിന്റെ അന്യായമായ മാർഗങ്ങളെക്കുറിച്ച് മെഡിക്കൽ സ്റ്റാഫ് പൊലീസിനെ അറിയിച്ചു. ഒരിക്കൽ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ഇതുപോലെ തെറ്റായി ഉപയോഗപ്പെടുത്തിയാൽ പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകി. അടിയന്തിര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്കോ മെഡിക്കൽ സൗകര്യങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് ആംബുലൻസുകളെ സൗജന്യമായി വിളിക്കാനുള്ള സൗകര്യം തായ്‌വാനിലുണ്ട്. അതാണ് ഇയാൾ മുതലെടുത്തത്.