ഒരേ കള്ളന്‍ ഒരേ ബാങ്കില്‍ രണ്ടാം തവണയും മോഷണത്തിന് കയറി പിടിയിലാവകയായിരുന്നു 

ഒരേ മാളത്തില്‍നിന്ന് രണ്ടു തവണ കടി കിട്ടില്ലെന്നാണ് പഴഞ്ചൊല്ല്. എന്നാല്‍, അമേരിക്കയില്‍ നടന്നത് പഴഞ്ചൊല്ലിനെയും മറികടക്കുന്ന കാര്യമാണ്. ഒരേ കള്ളന്‍ ഒരേ ബാങ്കില്‍ രണ്ടാം തവണയും മോഷണത്തിന് കയറി പിടിയിലാവകയായിരുന്നു ഇവിടെ. എന്താണ് ഇത്തരമൊരു സാഹസത്തിന് കള്ളനെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍, ഇതുവരെ പൊലീസിനോ ബാങ്ക് അധികൃതര്‍ക്കോ ഒരു ധാരണയുമില്ല. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കള്ളന്‍ പറഞ്ഞതാണെങ്കില്‍ അതിലും വിചിത്രമായ കാര്യമാണ്, കേസ് കെട്ടിച്ചമച്ചതാണ് എന്നും താന്‍ നിരപരാധിയാണെന്നുമാണ് കള്ളന്‍ പറഞ്ഞത്. 

കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് സാന്‍ഡിയാഗോ സ്വദേശിയായ സാമുവല്‍ ബ്രണ്‍ എന്ന 33 കാരന്‍ പിടിയിലായത്. സംഭവം ഇങ്ങനയാണ്: 

ഫൗണ്ടന്‍ വാലിയിലെ ഒരു ബാങ്കില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് ഒരാള്‍ വന്നു. കാഷ്യര്‍ക്ക് ചെക്ക് കൊടുത്ത് ബാങ്കില്‍ കാത്തിരുന്ന ഇയാളെ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ കാണാതായി. അതിനിടെ, വലിയ ഒരു തുക ബാങ്കില്‍ നിന്നു കാണാതായതായി ബാങ്ക് ജീവനക്കാര്‍ കണ്ടെത്തി. അപ്പോള്‍ തന്നെ അവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വന്നു തെരച്ചില്‍ നടത്തിയപ്പോള്‍ ആളെ കിട്ടിയില്ല. സിസിടിവി ദൃശ്യങ്ങളില്‍നിന്നും അവര്‍ ആളുടെ അവ്യക്തമായ ദൃശ്യം കണ്ടെത്തി. 

എന്നാല്‍, പിറ്റേന്ന് കാലത്ത് പതിനൊന്നരയ്ക്ക് ബാങ്കില്‍നിന്നും പൊലീസിനു വീണ്ടും ഫോണ്‍ വന്നു. അതേ കള്ളന്‍ വീണ്ടും ബാങ്കില്‍ എത്തിയതായാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. പൊലീസ് അതിവേഗം സ്ഥലത്തെത്തി. കള്ളനെ കൈയോടെ പിടികൂടി. എന്നാല്‍ താന്‍ കള്ളനല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി. താന്‍ നിരപരാധിയാണെന്നാണ് കോടതിയില്‍ ഇയാള്‍ പറഞ്ഞത്. 

നേരത്തെയും ഇയാള്‍ ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയാണെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. 

സാന്‍ഡിയാഗോയിലെ ഒരു ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇയാള്‍ക്കെതിരെ വാറന്റ് ഉള്ളതെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്തായാലും, നമ്മുടെ കള്ളന്‍ ഇപ്പോള്‍ അകത്താണ്. അപ്പോഴും പൊലീസ് ചോദിക്കുന്നത് ഒരൊറ്റ കാര്യമാണ്. എന്തിനാണ് അതേ ബാങ്കില്‍ പിറ്റേന്നും അയാള്‍ വന്നത്.