നിയമലംഘനമാകും എന്നും മര്യാദയില്ലാത്ത പേരാണ് എന്നും പറഞ്ഞുകൊണ്ടാണ് ഇപ്പോൾ കെന്നിക്ക് പാസ്പോർട്ട് നിഷേധിച്ചിരിക്കുന്നത്.
സ്വന്തം പേര് ഇഷ്ടമല്ലാത്ത അനേകം പേര് കാണും. എന്നാലും എന്തിനാണ് തനിക്കീ പേരിട്ടത് എന്ന് മാതാപിതാക്കളോട് കലഹിച്ചവരും കാണും. എന്നാൽ, അവരിട്ട പേര് മാറ്റുന്നവർ വളരെ ചുരുക്കമായിരിക്കും. അതുപോലെ ഒരു ഫണ്ണി പേര് കണ്ടുപിടിച്ച് തന്റെ സർ നെയിമാക്കിയ ഒരു യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. അയാൾക്ക് ഇപ്പോൾ തന്റെ പേര് കാരണം പാസ്പോർട്ട് പുതുക്കാൻ പറ്റുന്നില്ല.
കെന്നി എന്ന യുവാവാണ് തന്റെ സർ നെയിമിന് ഒരു ഗുമ്മില്ല എന്ന് തോന്നിയപ്പോൾ അതങ്ങ് മാറ്റിയത്. കെന്നാർഡ് എന്നായിരുന്നു യുവാവിന്റെ സർനെയിം. 2016 -ൽ കെന്നി തന്റെ സർ നെയിം മാറ്റുകയും പുതിയ പേരിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഔദ്യോഗികമായ എന്ത് രേഖകളും മാറ്റുന്നതിന് പ്രയാസമുണ്ടാകില്ല എന്നായിരുന്നു കെന്നി കരുതിയിരുന്നത്.
എന്നാൽ, 2019 -ൽ ഇയാളുടെ പാസ്‍പോർട്ടിന്റെ കാലാവധി തീർന്നു. പുതിയ ഒന്നിന് അപേക്ഷിച്ചപ്പോൾ കെന്നിയുടെ പേര് നിയമലംഘനത്തിനും മറ്റും കാരണമാകാം എന്ന് കാണിച്ചുകൊണ്ട് പാസ്പോർട്ട് നിഷേധിക്കുകയായിരുന്നു. പിന്നാലെ, എച്ച്എം പാസ്പോർട്ട് ഓഫീസിനെതിരെ മൂന്ന് അപ്പീലുകൾ ഇയാൾ നൽകി. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല.
ഇനി എന്താണ് ഇത്രമാത്രം പ്രശ്നക്കാരനായ ആ പേര് എന്നല്ലേ? കെന്നാർഡ് എന്ന പേര് മാറ്റി കെന്നി തന്റെ സർനെയിം നൽകിയത് Fu-Kennard എന്നാണ്. നിയമലംഘനമാകും എന്നും മര്യാദയില്ലാത്ത പേരാണ് എന്നും പറഞ്ഞുകൊണ്ടാണ് ഇപ്പോൾ കെന്നിക്ക് പാസ്പോർട്ട് നിഷേധിച്ചിരിക്കുന്നത്. അതിനെതിരെ കെന്നി പരാതി നൽകി. അപ്പോൾ എംപിയെ കാണണം എന്നാണ് പറഞ്ഞത്. എംപിയെ കണ്ടെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ സ്വന്തം രാജ്യത്ത് ഒരു തടവുകാരനെ പോലെ കഴിയുകയാണ് താൻ എന്നാണ് കെന്നി പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
