വര്‍ഷങ്ങളോളം തന്നോട് പറഞ്ഞിരുന്ന കാര്യങ്ങള്‍ നുണയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പിതാവ് കൊലപ്പെടുത്തിയ വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുവാവ്. ബവേറിയയിലെ ബാംബെര്‍ഗില്‍ വളരുന്ന കാലത്ത് തന്‍റെ പിതാവ് ഒരു യുദ്ധവീരനായും രാജ്യത്തിന് വേണ്ടി മഹത്തായ സേവനം ചെയ്യുകയും ചെയ്ത വ്യക്തിയാണെന്നുമായിരുന്നു ബെര്‍ണാഡ് വോള്‍സ്ച്ലെഗറിനുള്ള വിവരം. മികച്ച സേവനത്തിന് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പിതാവിന് ലഭിച്ച അയണ്‍ ക്രോസ് അഭിമാനപൂര്‍വ്വം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബെര്‍ണാഡ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  പിതാവ് ചെയ്തിരുന്ന മഹത്തായ കാര്യം കൂട്ടക്കൊലയാണെന്ന് ബെര്‍ണാഡ് തിരിച്ചറിയുന്നത്. 

1945ലാണ് ബെര്‍ണാഡിന്‍റെ പിതാവ് തടവിലാക്കപ്പെട്ടത്. നാസിപ്പടയുടെ കിഴക്കന്‍ മേഖലയിലെ സുപ്രധാന ചുമതലയുള്ളയാളായിരുന്നു ബെര്‍ണാഡിന്‍റെ പിതാവ് ആര്‍തര്‍. ചെറുപ്പത്തില്‍ പിതാവിന്‍റെ വീരകൃത്യങ്ങളില്‍ ഏറെ അഭിമാനിച്ചിരുന്ന ബെര്‍ണാഡ് തിര്ച്ചറിവുകള്‍ക്ക് പിന്നാലെ ഇസ്രയേലി സേനയില്‍ അംഗമാവുകയായിരുന്നു. തന്‍റെ മകന്‍ ചതിച്ചെന്ന് വിചാരിച്ചിരുന്ന അമ്മ എലിസബത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകന്‍റെ പ്രവര്‍ത്തിയെ അംഗീകരിച്ചത്. ഹിറ്റ്ലറെ അപായപ്പെടുത്താന്‍ ശ്രമിച്ച ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗിന്‍റെ വീട്ടിലായിരുന്നു ബെര്‍ണാഡും കുടുംബവും താമസിച്ചിരുന്നത്. ക്ലോസ് വോണിന്‍റെ മക്കള്‍ക്കൊപ്പം ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ആര്‍തര്‍ ക്ലോസിനെ ദേശദ്രോഹിയെന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ക്ലോസിന്‍റെ വിധവയ്ക്കും മക്കള്‍ക്കും ഉണ്ടായിരുന്ന അഭിപ്രായം അങ്ങനെ ആയിരുന്നില്ല. ഇക്കാര്യം ചെറുപ്പത്തിലേ തന്നെ ആശയക്കുഴപ്പത്തിലാക്കിയരുന്നവെന്ന് 62 കാരനായ ബെര്‍ണാഡ് ഡെയ്ലി മെയിലിനോട് പ്രതികരിക്കുന്നു. 1972 സമ്മര്‍ ഗെയിംസിന് മ്യൂണിക്കിലെത്തിയ ഇസ്രയേലി ഒളിംപിക്സ് ടീമിലെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് ബെര്‍ണാഡിന് കാലങ്ങളായി മറയ്ക്കപ്പെട്ടിരുന്ന സത്യങ്ങളേക്കുറിച്ച് തിരിച്ചറിവ് നല്‍കിയത്. 

എന്ത് കൊണ്ടാണ് ജൂതരായ അവര്‍ ആക്രമിക്കപ്പെട്ടതെന്ന ചോദ്യം തന്നെ വലയ്ക്കാന്‍ തുടങ്ങിയെന്ന് ബെര്‍ണാഡ് പറയുന്നു. ഇതിനേക്കുറിച്ച് തന്‍റെ പിതാവ് ഒന്നും സംസാരിച്ചതുമില്ല. ഇത് സംബന്ധിച്ച സംശയവുമായി എത്തുമ്പോള്‍ പിതാവ് ക്ഷുഭിതനായിരുന്നുവെന്നും ബെര്‍ണാഡ് ഓര്‍മ്മിക്കുന്നു. ബെര്‍ണാഡിന്‍റെ ശല്യം സഹിക്കവയ്യാതെ വന്നതോടെ അധ്യാപികയാണ് ജൂതന്മാരെ ഇത്തരത്തില്‍ കൊല ചെയ്തത് ആദ്യ സംഭവമല്ലെന്നും ഇതിന് മുന്‍പും ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിതാവിനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അധ്യാപിക നുണ പറയുകയാണെന്നും വംശഹത്യ നടന്നിട്ടില്ലെന്നുമായിരുന്നു ആര്‍തര്‍ മറുപടി നല്‍കിയത്. 

മദ്യപിക്കുമ്പോള്‍ മാത്രമായിരുന്നു പിതാവ് ആ കറുത്ത ഏടുകളേക്കുറിച്ച് സംസാരിച്ചിരുന്നത്. എന്നാല്‍ ജൂതന്മാരോട് ക്ഷമാപണം നടത്താന്‍ ആര്‍തര്‍ തയ്യാറായിരുന്നില്ല. വായനയുടെ ആഴം കൂട്ടിയതോടെ തന്‍റെ പിതാവ് എന്തായിരുന്നുവെന്ന് ബെര്‍ണാഡിന് മനസിലാവുന്നത്. ഹിറ്റ്ലറിന്‍റെ ഭരണകാലത്ത് ജൂത വംശജരെ കൂട്ടക്കൊല ചെയ്തിരുന്ന ഓഷ്വിറ്റ്സ് ക്യാംപിനേക്കുറിച്ച കൃത്യമായ ധാരണ പിതാവിനുണ്ടായിരുന്നുവെന്നും ബെര്‍ണാഡ് മനസിലാക്കി. ഇതിനിടെയാണ് ഒരു ജെസ്യൂട്ട് പുരോഹിതന്‍ ബെര്‍ണാഡിനെ സഹായിക്കുന്നത്. വിവിധ വിശ്വാസികളെ ഉള്‍പ്പെടുത്തിയുള്ള ഒരു പരിപാടിക്കിടെയാണ് ബെര്‍ണാഡ് ഇസ്രയേലി പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്നത്. വീണ്ടും കാണണമെന്ന് പറഞ്ഞ് പിരിഞ്ഞ കൂട്ടുകാരിക്കായി ബെര്‍ണാഡ് ഇസ്രയേലിലേക്ക് പോയി. 

ഇസ്രയേലിലെ ജീവിതം ബെര്‍ണാഡിന്റെ കണ്ണുകള്‍ തുറപ്പിച്ചു. ഓഷ്വിറ്റ്സ് ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. 1986ലാണ് ബെര്‍ണാഡ് ജൂതമത വിശ്വാസിയാവുന്നത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ബെര്‍ണാഡ് ഇസ്രയേലി സേനയിലെ മെഡിക്കല്‍ ഓഫീസറായി സേവനം ചെയ്തു. ഇസ്രയേലി അമേരിക്കന്‍ പശ്ചാത്തലമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ബെര്‍ണാഡ് കുടിയേറി. ഫ്ലോറിഡയിലെ മിയാമിയില്‍ ആരോഗ്യ വിദഗ്ധനായി സേവനം ചെയ്യുകയാണ് ബെര്‍ണാഡ് ഇപ്പോള്‍. തിരിച്ചറിവായപ്പോള്‍ സ്വീകരിച്ച ജൂതമത വിശ്വാസം ഇപ്പോഴും ബെര്‍ണാഡിനൊപ്പമുണ്ട്.