കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നാലടിക്ക് മുകളിൽ വെള്ളം ഉണ്ടായിരുന്ന ടമ്പാ ബേയ്ക്ക് ചുറ്റുമായിരുന്നു ഇയാൾ സൈക്കിൾ ഓടിക്കാൻ ശ്രമം നടത്തിയത്.
പ്രകൃതി ദുരന്തങ്ങളോട് മല്ലടിച്ചു നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും ചിലപ്പോഴെങ്കിലും ചിലർ അതിന് ശ്രമിക്കാറുണ്ട്. പലപ്പോഴും വൻ ദുരന്തങ്ങളിലേക്ക് ആയിരിക്കും അത് നയിക്കുക. ഇത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഫ്ലോറിഡയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഫ്ലോറിഡയിലെ ടാമ്പയിൽ അത്ര അനുയോജ്യമല്ലാത്ത ചുറ്റുപാടിൽ ഒരാൾ സൈക്ലിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കടുത്ത ചുഴലിക്കാറ്റിനെ അവഗണിച്ചുകൊണ്ടാണ് ഈ അപകടകരമായ ശ്രമം.
@policyscoop എന്ന X പ്ലാറ്റ്‌ഫോം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ടായിരുന്നു ഈ വ്യക്തിയുടെ സാഹസിക ശ്രമം. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നാലടിക്ക് മുകളിൽ വെള്ളം ഉണ്ടായിരുന്ന ടമ്പാ ബേയ്ക്ക് ചുറ്റുമായിരുന്നു ഇയാൾ സൈക്കിൾ ഓടിക്കാൻ ശ്രമം നടത്തിയത്. സൈക്കിളിന്റെ ചക്രങ്ങൾ പോലും കാണാൻ കഴിയാത്ത വിധമുള്ള വെള്ളക്കെട്ടിലൂടെയാണ് ഇത്തരത്തിൽ അപകടകരമായ ഒരു ശ്രമം നടത്താനായി ഇയാൾ ശ്രമിച്ചത്.
ശക്തമായ കാറ്റ് വീശുന്നതും മഴ പെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനെ അവഗണിച്ചുകൊണ്ട് സൈക്ലിംഗ് ആരംഭിച്ച ഇയാൾ അൽപദൂരം സൈക്കിൾ ഓടിച്ചതിനു ശേഷം പിന്നീട് സൈക്കിളിൽ നിന്നും ഇറങ്ങി വെള്ളത്തിലൂടെ സൈക്കിളുമായി നടന്നുനീങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മിശ്ര പ്രതികരണമാണ് വീഡിയോ ഉണ്ടാക്കിയത്. ചിലർ യുവാവിന്റെ ധീരതയെ അഭിനന്ദിച്ചപ്പോൾ മറ്റു ചിലർ അഭിപ്രായപ്പെട്ടത് ഇത് ധീരത അല്ലെന്നും വിഡ്ഢിത്തമാണ് എന്നുമായിരുന്നു.
അധികൃതരുടെ മുന്നറിയിപ്പുകളെ പോലും അവഗണിച്ചുകൊണ്ട് ഇത്തരത്തിലുള്ള സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരെ വിഡ്ഢികൾ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധിക്കില്ല എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.
