Asianet News MalayalamAsianet News Malayalam

മരിച്ചു എന്ന് ഡോക്ടർ, സംസ്കരിക്കാൻ കൊണ്ടുപോയ മനുഷ്യന് ജീവൻ, പ്ലാസ്റ്റിക് ബോഡിബാ​ഗിൽ കിടന്നത് അഞ്ച് മണിക്കൂർ

അപ്പോഴും സിൽവ ശ്വസിക്കുന്നുണ്ടായിരുന്നു. എന്നാൽ, ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഏതായാലും, ഫ്യൂണറൽ ഹോം ഉടൻ തന്നെ എമർജൻസി സർവീസിൽ വിളിക്കുകയും സിൽവയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇപ്പോഴും അയാൾ ചികിത്സയിലാണ്. 

man declared dead spend five hours in body bag
Author
First Published Dec 7, 2022, 1:01 PM IST

ഡോക്ടർമാർ മരിച്ചു എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്കാരത്തിന് കൊണ്ടുപോയ മനുഷ്യന് ജീവനുള്ളതായി കണ്ടെത്തി. ബോഡിബാ​ഗിൽ വച്ച് ശവസംസ്കാരം നടക്കുന്നിടത്തേക്ക് കൊണ്ടുപോയ ആൾക്കാണ് ജീവനുള്ളതായി കണ്ടെത്തിയത്. ജോസ് റിബെയ്‌റോ ഡാ സിൽവ എന്ന 62 -കാരനാണ് മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയത്. 

റിപ്പോർട്ടുകൾ പ്രകാരം, ബ്രസീലിലെ ഗോയാസ് സ്റ്റേറ്റിലെ ഉറുവുവിലുള്ള ഹോസ്പിറ്റൽ എസ്റ്റഡ്വൽ ഡോ സെൻട്രോ-നോർട്ടെ ഗോയാനോ ആണ് കാൻസർ രോ​ഗിയായ സിൽവ മരിച്ചു എന്ന് സ്ഥിരീകരിച്ചത്. പിന്നീട്, ശവസംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തു. 

ആശുപത്രിയിൽ നിന്നും ശവസംസ്കാര ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അഞ്ച് മണിക്കൂർ നേരം യാത്ര ചെയ്യണം. ഈ അഞ്ച് മണിക്കൂർ നേരവും ഇയാൾ മൃതദേഹം സൂക്ഷിക്കുന്ന ബോഡിബാ​ഗിൽ കിടക്കുകയായിരുന്നു. രാത്രി എട്ട് മണിക്ക് ആശുപത്രിയിൽ നിന്നും പുറപ്പെട്ട് പുലർച്ചെ ഒരു മണിക്കാണ് ഇവർ സ്ഥലത്തെത്തിയത്. അവിടെ വച്ച് ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരനാണ് ബോഡിബാ​ഗിൽ കിടക്കുന്നയാൾ കണ്ണ് തുറന്നതായി കണ്ടെത്തിയത്. 

അപ്പോഴും സിൽവ ശ്വസിക്കുന്നുണ്ടായിരുന്നു. എന്നാൽ, ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഏതായാലും, ഫ്യൂണറൽ ഹോം ഉടൻ തന്നെ എമർജൻസി സർവീസിൽ വിളിക്കുകയും സിൽവയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇപ്പോഴും അയാൾ ചികിത്സയിലാണ്. 

വിവരം അറിഞ്ഞപ്പോൾ സിൽവയുടെ കുടുംബവും ഞെട്ടിപ്പോയി. ഇയാളുടെ സഹോദരി അപാരെസിഡ പറഞ്ഞത്, ഫ്യൂണറൽ ഹോമിൽ നിന്നുള്ള വിളി വന്നപ്പോൾ താനാകെ ഞെട്ടിപ്പോയി എന്നാണ്. തന്റെ സഹോദരൻ അഞ്ച് മണിക്കൂറാണ് തണുത്ത് മരവിച്ച് ഒരു പ്ലാസ്റ്റിക് ബാ​ഗിൽ കഴിഞ്ഞത്. അത് ഭീകരമാണ്, ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്തതാണ് എന്നും അപാരെസിഡ പറഞ്ഞു. 

സിൽവ മരിച്ചു എന്ന് എഴുതി നൽകിയ ഡോക്ടറെ പിരിച്ചു വിട്ടു എന്നാണ് ആശുപത്രി പറയുന്നത്. മാത്രവുമല്ല, അപാരെസിഡ പോലീസിലും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios