1990 -കളിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛൻ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികൾ വാങ്ങിയത്. രേഖകളുടെ ചിത്രങ്ങൾക്കൊപ്പമാണ് യുവാവിന്റെ പോസ്റ്റ്.

അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഓഹരിയിലൂടെ ഓർക്കാപ്പുറത്ത് കോടീശ്വരനായി മാറി മകൻ. യുവാവ് തന്നെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, അച്ഛൻ 30 കൊല്ലങ്ങൾക്ക് മുമ്പ് വാങ്ങിയ ഒരു ലക്ഷം രൂപ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയാണ് എന്നാണ്.

1990 -കളിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛൻ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികൾ വാങ്ങിയത്. രേഖകളുടെ ചിത്രങ്ങൾക്കൊപ്പമാണ് യുവാവിന്റെ പോസ്റ്റ്. പിന്നീട്, നിക്ഷേപകനായ സൗരവ് ദത്ത എക്സിൽ (ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

'ഓഹരികൾ കൃത്യമായി വാങ്ങിയതിന്റെ ​ഗുണമാണ് ഇത്' എന്നാണ് സൗരവ് ദത്ത തന്റെ പോസ്റ്റിൽ പറയുന്നത്. 'റെഡ്ഡിറ്റിൽ ഒരാൾ തന്റെ അച്ഛൻ 1990 -കളിൽ ഒരുലക്ഷത്തിന് വാങ്ങിയ ജെഎസ്ഡബ്ല്യു ഓഹരികള്‍ കണ്ടെത്തി. 80 കോടിയാണ് ഇന്നത്തെ അവയുടെ വില' എന്നും പോസ്റ്റിൽ പറയുന്നു.

Scroll to load tweet…

ജിൻഡാൽ വിജയനഗർ സ്റ്റീൽ ലിമിറ്റഡിൽ നിന്നാണ് യുവാവിന്റെ അച്ഛൻ ഓഹരികൾ വാങ്ങിയത്. ‌ആ ഓഹരികൾ ഒടുവിൽ വർഷങ്ങൾക്ക് ശേഷം അവർക്ക് വലിയ തുക നേടിക്കൊടുക്കുകയായിരുന്നു. 2005 -ലാണ് ജെഎസ്ഡബ്ല്യു സ്റ്റീലുമായി കമ്പനി ലയിക്കുന്നത്. പോസ്റ്റിട്ടിരിക്കുന്ന യുവാവിന്റെ അച്ഛൻ ആദ്യം കമ്പനിയുടെ 5,000 ഓഹരികളാണ് വാങ്ങിയത്. ലയനത്തിനുശേഷം, ആ ഓഹരികൾ 80,000 ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരികളായി മാറുകയായിരുന്നു.

എന്തായാലും, ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും. വളരെ ബുദ്ധിപൂർവമാണ് യുവാവിന്റെ പിതാവ് പ്രവർത്തിച്ചത് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം