മൂക്ക് ശരിയാക്കാനുള്ള റിനോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് അയാൾ സ്വയം വിധേയനായി. ശസ്ത്രക്രിയ ഒക്കെ നടത്തിയെങ്കിലും, പിന്നെ അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ അയാൾക്ക് നേരിടേണ്ടി വന്നു. ഒടുവിൽ ഒട്ടും നിവർത്തിയില്ലാതായപ്പോഴാണ് അയാൾ ആശുപത്രിയിൽ പോയത്. നടന്നതെല്ലാം അയാൾ ഡോക്ടർമാരോട് തുറന്ന് പറഞ്ഞു.
ഇന്ന് മിക്കവരും സൗന്ദര്യം കൂട്ടാനുള്ള പരിശ്രമത്തിലാണ്. അതിനായി എന്ത് ചെയ്യാനും തയ്യാറാണ്. സൗന്ദര്യം കൂട്ടാനായി വിപണിയിൽ കാണുന്ന പലതരം സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി ഉപയോഗിക്കാനും, പ്ലാസ്റ്റിക് സർജറികൾ നടത്താനും ഒക്കെ ആളുകൾ റെഡിയാണ്. എന്നാൽ, വളരെയധികം ശ്രദ്ധയും വൈദഗ്ധ്യവും വേണ്ടുന്ന ഒരു കാര്യമാണ് ഈ ശസ്ത്രക്രിയ എന്നത്. അത് കൊണ്ട് തന്നെ ലക്ഷക്കണക്കിന് രൂപ ചിലവായാലും ശരി ആശുപത്രി മതി എന്ന പക്ഷമാണ് എല്ലാവർക്കും. എന്നാൽ മൂക്കിന് ഭംഗി പോരെന്ന് തോന്നിയ ഒരു ബ്രസീലുകാരൻ യൂട്യൂബ് വീഡിയോകൾ നോക്കി മൂക്കിന്റെ പ്ലാസ്റ്റിക് സർജറി നടത്തി. ആശുപത്രിയിൽ പോകാൻ മടിച്ച് വീട്ടിൽ ശസ്ത്രക്രിയ ചെയ്ത അയാളെ ഒടുവിൽ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കേണ്ടി വന്നു.
യൂട്യൂബ് ചാനൽ നോക്കി പാചകവും, ക്രാഫ്റ്റും ഒക്കെ ചെയ്യുന്ന പോലെ സിംപിളാണ് ഇതെന്ന് അയാൾ കരുതിയിരിക്കണം. പേര് വെളിപ്പെടുത്താത്ത അയാൾ ബ്രസീലിലെ സാവോപോളോ സ്വദേശിയാണ്. എന്നാൽ പാചകം പോലെ എളുപ്പമല്ല ശസ്ത്രക്രിയ എന്നത് അയാൾക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് മനസിലായത്. ആശുപത്രിയിൽ പോകാൻ തന്നെയായിരുന്നു അയാളുടെ ആദ്യ പദ്ധതി. എന്നാൽ പണം ചിലവാകുന്ന കാര്യം ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് മൂക്കിന് ശസ്ത്രക്രിയ നടത്തുന്നതിന്റെ യൂട്യൂബ് വീഡിയോകൾ അയാൾ കാണാൻ ഇടയായത്. ഒരു യൂട്യൂബ് ട്യൂട്ടോറിയൽ കണ്ടതിന് ശേഷം, അയാൾക്ക് സ്വയം അത് ചെയ്യാനുള്ള ആത്മവിശ്വാസം തോന്നി. മൂക്ക് ശരിയാക്കാനുള്ള റിനോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് അയാൾ സ്വയം വിധേയനായി. ശസ്ത്രക്രിയ ഒക്കെ നടത്തിയെങ്കിലും, പിന്നെ അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ അയാൾക്ക് നേരിടേണ്ടി വന്നു. ഒടുവിൽ ഒട്ടും നിവർത്തിയില്ലാതായപ്പോഴാണ് അയാൾ ആശുപത്രിയിൽ പോയത്. നടന്നതെല്ലാം അയാൾ ഡോക്ടർമാരോട് തുറന്ന് പറഞ്ഞു.
വെറ്റിനറി അനസ്തെറ്റിക് ഉപയോഗിച്ചാണ് മൂക്കിന്റെ ഭാഗം മരവിപ്പിച്ചത്. ആൽക്കഹോൾ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുകയും ചെയ്തു. മുറിവ് അടയ്ക്കാൻ സൂപ്പർഗ്ലൂ ഉപയോഗിച്ചുവെന്നും, വീട്ടുപകരണങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നും പറയപ്പെടുന്നു. കൂടാതെ റിപ്പോർട്ടുകൾ പ്രകാരം, ശസ്ത്രക്രിയ സമയത്ത് അയാൾ കൈയുറകൾ ധരിച്ചിരുന്നില്ല. പിന്നീട് രക്തം വൃത്തിയാക്കിയുമില്ല. ഇത് അണുബാധയ്ക്ക് കാരണമായി. ഒടുവിൽ അയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലായ് 21 നായിരുന്നു അയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അയാളുടെ കേസ് ഇന്നലെ മാത്രമാണ് മാധ്യമങ്ങൾ വെളിപ്പെടുത്തിയത്.
എന്തായാലും ആവശ്യമായ ചികിത്സകൾ നൽകിയശേഷം, അയാളെ ഡിസ്ച്ചാർജ് ചെയ്തു. "ഹോം റിനോപ്ലാസ്റ്റി" എന്ന് വിളിക്കപ്പെടുന്ന ഇത്തരം വീഡിയോകളിൽ മൂക്ക് എങ്ങനെ ചെറുതാക്കാം അല്ലെങ്കിൽ കനം കുറഞ്ഞതാക്കാമെന്ന് ആളുകളെ പഠിപ്പിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള അപക്വമായ ശസ്ത്രക്രിയാ പരീക്ഷണങ്ങൾ വിപരീത ഫലമാക്കും ഉണ്ടാക്കുകയെന്നും, സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
