നല്ല വേഗതയിലാണ് വാഹനം ഓടുന്നത്. വണ്ടി ഓടിക്കുന്ന യുവാവിന് പുറമേ കാറിന്റെ പുറകിലെ സീറ്റിൽ മറ്റൊരാളെ കൂടി കാണാം.
വീഡിയോ ഗെയിമിംഗ് ലോകത്ത് ഏറെ ആരാധകരുള്ള ഗെയിമാണ് ജിടിഎ. ഈ ഗെയിമിനെ അനുസ്മരിപ്പിക്കും വിധം പൊട്ടിപ്പൊളിഞ്ഞ ഒരു കാറുമായി റോഡിലൂടെ സവാരി നടത്തിയ യുവാവ് വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കൗതുകം ജനിപ്പിക്കുന്ന ഈ ഡ്രൈവിംഗ് രംഗങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാറിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങളുണ്ട്. ഒരുവശത്തുനിന്നും നോക്കുമ്പോൾ കാർ അധികം കേടുപാടുകൾ പറ്റാത്തതാണ് എന്ന് തോന്നുമെങ്കിലും മറുവശത്തേക്ക് വരുമ്പോൾ തകർന്നു തരിപ്പണമായ നിലയിലാണ് കാർ ഉള്ളത്.
X -ൽ @gharkekalesh എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തകർന്നുപോയ മാരുതി സുസുക്കി സ്വിഫ്റ്റ് മോഡൽ ആണ് വീഡിയോയിൽ ഉള്ളത്. കാറിന്റെ മുകൾഭാഗം തുറന്ന നിലയിലാണ്. ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ഭാഗത്ത് വലിയ തകരാറുകൾ പറ്റിയിട്ടില്ലെങ്കിലും മറുവശം പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ബോണറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
എന്നാൽ, ചക്രങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ല. നല്ല വേഗതയിലാണ് വാഹനം ഓടുന്നത്. വണ്ടി ഓടിക്കുന്ന യുവാവിന് പുറമേ കാറിന്റെ പുറകിലെ സീറ്റിൽ മറ്റൊരാളെ കൂടി കാണാം. ജൂലൈ എട്ടിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടു കഴിഞ്ഞത്. എന്നാൽ, ഈ വീഡിയോ എവിടെ നിന്ന് എപ്പോൾ ചിത്രീകരിച്ചതാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
വീഡിയോ നെറ്റിസൺസ് ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ഇവർ ജിടിഎ കളിക്കുകയാണ് എന്നായിരുന്നു ചിലർ കുറിച്ചത്. ഇങ്ങനെയൊരു കാർ ഓടിക്കാനും ഭാഗ്യം വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഒരു കാർ ഓടിക്കാൻ എൻജിൻ മാത്രം മതി എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.


