'ആത്മാർത്ഥമായിരുന്നു അദ്ദേഹത്തിന്റെ ആ ചോദ്യം, ആഴ്ചകളായി താൻ ഒളിച്ചുവച്ചിരുന്ന എല്ലാ വികാരങ്ങളേയും പുറത്തേക്ക് ഒഴുക്കിവിടാൻ ആ നിമിഷം സഹായിച്ചു' എന്നാണ് പോസ്റ്റിൽ പറയുന്നത്.

നിങ്ങൾ ഓക്കേയാണോ? ചില നേരങ്ങളിൽ ഈ ഒരു ചോദ്യം നമുക്ക് പകരുന്ന ആശ്വാസം വളരെ വലുതായിരിക്കും. ചിലപ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്ന് പോലും വരാം. എന്നാൽ, ആ ചോദ്യം മിക്കവാറും നമ്മളോട് ചോദിക്കുന്നത് നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആവും. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ യുവതിക്കുണ്ടായത്.

ലിങ്ക്ഡ്ഇന്നിലാണ് ജനനി പോർക്കൊടി എന്ന യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച, ഒരു ട്രാഫിക് പോലീസുകാരന്റെ മുന്നിൽ താൻ കരഞ്ഞുപോയി എന്നാണ് ജനനി പറയുന്നത്. ജനനി വാഹനമോടിച്ച് വരികയായിരുന്നു. അവർ ഒരുപാട് പ്രശ്നങ്ങളിലായിരുന്നു. ആകെ തകർന്ന മട്ടിലായിരുന്നു അവർ വാഹനമോടിച്ച് വന്നിരുന്നതും. എന്നാൽ, ആ നേരത്താണ് ഒരു ട്രാഫിക് പൊലീസുകാരൻ അവരോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നത്. എന്തിനാണ് അത് എന്ന് യുവതി അമ്പരക്കുകയും ചെയ്തു.

അവർ ട്രാഫിക് നിയമങ്ങൾ ഒന്നും തന്നെ ലംഘിച്ചിരുന്നില്ല. എന്നാൽ, പൊലീസുകാരന്റെ ചോദ്യം ജനനിയെ അമ്പരപ്പിച്ചു കളഞ്ഞു. 'എന്തു പറ്റി? നിങ്ങൾ ഓക്കേ അല്ലേ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്' എന്ന് ജനനി പറയുന്നു. അതോടെ അവരാകെ പൊട്ടിപ്പോയി. താൻ കരഞ്ഞു എന്നും യുവതി പറയുന്നുണ്ട്.

'ആത്മാർത്ഥമായിരുന്നു അദ്ദേഹത്തിന്റെ ആ ചോദ്യം, ആഴ്ചകളായി താൻ ഒളിച്ചുവച്ചിരുന്ന എല്ലാ വികാരങ്ങളേയും പുറത്തേക്ക് ഒഴുക്കിവിടാൻ ആ നിമിഷം സഹായിച്ചു' എന്നാണ് പോസ്റ്റിൽ പറയുന്നത്.

'വിചിത്രമെന്നു പറയട്ടെ, ആ കരച്ചിൽ തനിക്ക് ആശ്വാസം നൽകി. അതിനുശേഷം തനിക്ക് ശരിക്കും സമാധാനം തോന്നി. കാര്യങ്ങൾ കൂടുതൽ നിയന്ത്രണത്തിലായി. കൂടുതൽ മനുഷ്യനായി. നമ്മൾ എത്ര കരുത്തരാകാൻ ശ്രമിച്ചാലും, നാമെല്ലാവരും ചിലപ്പോൾ ദുർബലരാണ്' എന്നും ജനനി പറയുന്നു. ഇതുപോലെ ആരെങ്കിലും ബുദ്ധിമുട്ടുന്നത് കണ്ടാൽ അവരോട് ദയവോടെ പെരുമാറാമെന്നും അത് വലിയ മാറ്റമുണ്ടാക്കുമെന്നുമാണ് ജനനി പറയുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ട്രാഫിക് പൊലീസുകാരന്റെ നല്ല മനസിനെ അഭിനന്ദിച്ചവരാണ് ഏറെയും.