സ്റ്റോറിൽ കയറിയ കരടിക്ക് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെ അത് അവിടെയാകെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് ഷോൺ അതിനെ പുറത്തേക്കുള്ള വഴിയിലൂടെ കൊണ്ടുപോകുന്നതും പുറത്തെത്തിക്കുന്നതും.

കടയിൽ കയറിയ അക്രമകാരിയായ കരടിയെ അതിവിദ​ഗ്‍ദ്ധമായി കടയ്ക്ക് പുറത്തെത്തിച്ച യുവാവിന് അഭിനന്ദനപ്രവാഹം. യുവാവിനെ ഹീറോ എന്നാണ് ഇപ്പോൾ ആളുകൾ വാഴ്ത്തുന്നത്. യുഎസ്സിലാണ് സംഭവം. കടയിൽ കയറിയ കരടി ഒരു സ്ത്രീയേയും ഒരു പട്ടിയേയും അക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പെൺകരടിയെ യുവാവ് കടയ്ക്ക് പുറത്താക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ന്യൂജേഴ്‌സിയിലെ ഡോളർ ജനറൽ സ്റ്റോറിലാണ് കരടി കയറിയതും ആളുകളെ പരിഭ്രാന്തിയിലാക്കിയതും.

ഷോൺ ക്ലാർക്കിൻ എന്ന യുവാവാണ് കരടിയെ സ്റ്റോറിന് പുറത്തിറക്കിയത്. ഷോണിന്റെ ക്യാമറയിൽ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതും. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവാവ് എങ്ങനെയാണ് ഈ കരടിയെ സ്റ്റോറിന് പുറത്തേക്ക് കൊണ്ടുപോകുന്നത് എന്നാണ് കാണുന്നത്.

സ്റ്റോറിൽ കയറിയ കരടിക്ക് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെ അത് അവിടെയാകെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് ഷോൺ അതിനെ പുറത്തേക്കുള്ള വഴിയിലൂടെ കൊണ്ടുപോകുന്നതും പുറത്തെത്തിക്കുന്നതും. സസെക്സ് കൗണ്ടിയിലെ വെർനോണിലുള്ള ഡോളർ ജനറൽ സ്റ്റോറിൽ കയറിയ കരടി അവിടെ അലഞ്ഞുതിരിഞ്ഞു നടന്നു. അത് ഷോപ്പിലെത്തിയവരെ ഭയപ്പെടുത്തി. ആ സമയത്ത് അവിടെയുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ് ഷോൺ ക്ലാർക്കിൻ പെട്ടെന്ന് തന്നെ ഇടപെടുകയും കരടിയെ കടയുടെ പുറത്തേക്ക് എത്തിക്കുയും ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ ഒന്നിന്റെ കാപ്ഷനിൽ പറയുന്നത്.

Scroll to load tweet…

അതേസമയം, വീഡിയോയിൽ ഷോൺ അവിടെയുള്ളവരോട് എവിടെയാണ് സ്റ്റോറിന്റെ പുറത്തേക്കുള്ള ഡോർ എന്ന് ചോദിക്കുന്നതും കേൾക്കാം. എന്തായാലും, കരടിയെ അയാൾ സ്റ്റോറിന് പുറത്തെത്തിച്ചു. നിരവധിപ്പേരാണ് ഷോണിനെ അഭിനന്ദിച്ചത്. അയാൾ ശരിക്കും ധൈര്യമുള്ള ഒരാളാണ് എന്നാണ് മിക്കവരും വീഡിയോ പ്രചരിച്ചതോടെ കമന്റുകൾ നൽകിയിരിക്കുന്നത്.