പ്രശ്നപരിഹാരത്തിനായി എത്തിയ ക്യാബിൻ ക്രൂ അംഗങ്ങളോടും വളരെ മോശമായ രീതിയിൽ ഇയാൾ പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബോർഡിംഗിനിടയിൽ ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട യാത്രക്കാരനെ വിമാനത്തിനുള്ളിൽ നിന്നും ഇറക്കിവിട്ടു. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലെ പതിവ് ബോർഡിംഗിനിടെയാണ് സംഭവം. ഓവർഹെഡ് സ്റ്റോറേജ് കമ്പാർട്ടുമെന്റുകളിലെ സ്ഥല പരിമിതിയെച്ചൊല്ലിയാണ് വിമാനത്തിനുള്ളിൽ വാക്കുതർക്കം ഉണ്ടായത്. യാത്രക്കാർ തമ്മിലുണ്ടായ വാക്കു തർക്കം പരിഹരിക്കുന്നതിനായി എത്തിയ ജീവനക്കാരനോട് ഒരു യാത്രക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് അയാളെ വിമാനത്തിനുള്ളിൽ നിന്നും ഇറക്കി വിട്ടതിനു ശേഷം എയർലൈൻ യാത്ര ആരംഭിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവ സമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ച് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തത്. വിമാനത്തിനുള്ളിലെ സീറ്റിനു മുകളിലുള്ള ലഗേജ് സ്പേസിൽ മറ്റു യാത്രക്കാർ മുഴുവൻ ബാഗ് വെച്ചതിനെ തുടർന്ന് തന്റെ ബാഗ് സൂക്ഷിക്കാൻ ആവശ്യമായ സ്ഥലമില്ല എന്നായിരുന്നു യാത്രക്കാരന്റെ പരാതി. തുടർന്ന് തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരനുമായി ഇയാൾ വാക്കു തർക്കത്തിൽ ഏർപ്പെടുകയും അനുചിതമായ വംശീയ പരാമർശങ്ങൾ സഹയാത്രികനെതിരെ നടത്തുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനായി എത്തിയ ക്യാബിൻ ക്രൂ അംഗങ്ങളോടും വളരെ മോശമായ രീതിയിൽ ഇയാൾ പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇനിയും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പെരുമാറിയാൽ വിമാനത്തിനുള്ളിൽ നിന്നും പുറത്താക്കുമെന്ന് ക്യാബിൻ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇത് കാര്യമാക്കാതെ അയാൾ വീണ്ടും ശബ്ദം ഉയർത്തി സംസാരിക്കുകയും മറ്റു യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാകുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നു. തുടർന്നാണ് വിമാനത്തിനുള്ളിൽ നിന്നും ഇയാളോട് പുറത്തു പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടത്. ഇയാൾ തന്റെ ലഗേജുകളുമായി വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ യാത്രക്കാരന്റേത് അനുചിതമായ പെരുമാറ്റം ആണെന്ന് സോഷ്യൽ മീഡിയാ ഉപഭോക്താക്കളും കുറിച്ചു.
